കൊച്ചി: ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടന്ന ലോക് അദാലത്തിൽ ജില്ലയിലാകെ 19,717 കേസുകൾ തീർപ്പായി. ദേശസാത്കൃത സ്വകാര്യ ബാങ്കുകളുടെ 790 കേസുകൾ തീർപ്പായ പ്രകാരം 16,15,58,485 രൂപ ഈടാക്കാൻ ഉത്തരവായി. മോട്ടോർ വാഹന തർക്കപരിഹാര കേസുകളിൽ 581 കേസുകളിൽ 23,99,70,463 രൂപ നഷ്ടപരിഹാരം നൽകാൻ തീർപ്പുണ്ടായി. അദാലത്തിനോടനുബന്ധിച്ച് ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ നടന്ന പ്രത്യേക സിറ്റിങ്ങിൽ 18,927 കേസുകൾ തീർപ്പ് കൽപ്പിച്ചു.
28 കോടിയോളം രൂപ പിഴയായി ഈടാക്കി. അദാലത്തിന് ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർപേഴ്സണും ആയ ഹണി എം. വർഗീസ്, ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത് കൃഷ്ണൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിനി .ആർ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ ലോക അദാലത്തിൽ പരിഗണിച്ച 160 കേസുകളിൽ 82 എണ്ണം ഒത്തുതീർപ്പായി. ജില്ല കമീഷനുകളിൽ പരിഗണിച്ച 1662 കേസുകളിൽ 615 എണ്ണം തീർപ്പാക്കി.
എല്ലാ ആഴ്ചയും അദാലത് നടത്തും -ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ
കൊച്ചി: ഉപഭോക്തൃ കോടതികളുടെ പരിഗണയിലെ കേസുകൾ ലോക് അദാലത്തിൽ വേഗത്തിൽ തീർപ്പാക്കുന്നതിലൂടെ നീതി സാധാരണക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ.
ദേശീയ മെഗാ ലോക് അദാലത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ഉപഭോക്തൃ കോടതികളിലും മാസത്തിൽ ഒരുദിവസം അദാലത് നടത്തുന്നുണ്ട്. ഇനി ആഴ്ചയിൽ ഒരുദിവസം എല്ലാ കോടതികളിലും അദാലത് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷ വഹിച്ചു.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ അംഗം കെ.ആർ. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഡോ. ബിന്ദു എം. നമ്പ്യാർ, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ, ടി.ജെ. ലക്ഷ്മണ അയ്യർ, രാജ രാജ വർമ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.