കൊച്ചി: വേനൽചൂടിനൊപ്പം കുതിച്ചുയരുകയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ചൂട്. മുന്നണി സ്ഥാനാർഥികൾ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.
കത്തുന്ന വേനൽ ചൂടിനൊപ്പമുള്ള ഓട്ടം തെല്ലൊന്നുമല്ല സ്ഥാനാർഥികളെയും മുന്നണി പ്രവർത്തകരെയും വലക്കുന്നത്. നേരത്തെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർഥികളും പിന്നാലെ എത്തിയ ഐക്യ മുന്നണി സ്ഥാനാർഥികളും പൊള്ളുന്ന വേനലിലും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള പരിശ്രമത്തിലാണ്. ഇടത് -വലത് മുന്നണികളും ട്വൻറി-20യും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണമാരംഭിച്ചെങ്കിലും എൻ.ഡി.എ സ്ഥാനാർഥികളുടെ അന്തിമ ചിത്രമായിട്ടില്ല. ഇത് ബി.ജെ.പി ക്യാമ്പുകളിൽ നിരാശ പടർത്തിയിട്ടുണ്ട്.
ഇടുക്കി ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴയിലും കോതമംഗലത്തും പ്രചാരണ ചൂട് ഉയർന്ന് കഴിഞ്ഞു. ഇവിടെ ആദ്യമേ രംഗത്തിറങ്ങിയ ഇടത് സ്ഥാനാർഥി ജോയ്സ് ജോർജ് വോട്ടർമാരെ നേരിൽ കാണാനാണ് മുൻതൂക്കം നൽകിയത്. സിറ്റിങ് എം.പിയെന്ന നിലയിലുള്ള പരിചയം ഉപയോഗപ്പെടുത്തി പിന്നാലെയെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. വികസന പ്രശ്നങ്ങളും കാർഷിക പ്രശ്നങ്ങളും വന്യമൃഗ ശല്യവുമെല്ലാമാണ് ഈ മേഖലകളിലെ പ്രധാന പ്രചാരണ വിഷയങ്ങൾ.
പ്രചാരണ രംഗത്ത് ആദ്യമിറങ്ങി കളംപിടിച്ചത് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർഥികളായ പ്രഫ.സി. രവീന്ദ്രനാഥും കെ.ജെ. ഷൈനുമാണ്. ദിവസങ്ങൾക്ക് ശേഷമാണ് ഇരു മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളായ ബെന്നി ബഹനാനും ഹൈബി ഈഡനും രംഗത്തെത്തിയത്. ഇവർക്കെല്ലാം മുന്നേ ജില്ലയിൽ പ്രചാരണത്തിനെത്തിയത് കോട്ടയത്തെ ഇടത് സ്ഥാനാർഥിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ തോമസ് ചാഴിക്കാടനായിരുന്നു. കോട്ടയത്തിൽ പെടുന്ന പിറവം നിയമസഭ മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. പരമാവധി വ്യക്തികളെ നേരിൽ കണ്ടും സ്ഥാപനങ്ങളിലെത്തിയുമാണ് സ്ഥാനാർഥികൾ വോട്ടഭ്യർഥിക്കുന്നത്. ഇടത് സ്ഥാനാർഥികളുടെ ലോക്സഭ മണ്ഡലം കൺവെൻഷനുകൾ ഇതിനകം പൂർത്തിയായി. ഇപ്പോൾ നിയമസഭ മണ്ഡലം കൺവെൻഷനുകളാണ് നടക്കുന്നത്.
സിറ്റിങ് എം.പി മാരെന്ന നിലയിലുള്ള പരിചയം കൈമുതലാക്കി ഇടത് സ്ഥാനാർഥികൾക്കൊപ്പം ഓടിയെത്താനുളള തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾ. ഇതോടൊപ്പം ചുവരെഴുത്തുകളും പ്രചാരണ ബോർഡുകളും പോസ്റ്ററുകളുമെല്ലാം നിരന്ന് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.