കൊച്ചി: വേണ്ടത്ര സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറികളിൽനിന്ന് വാടകയിനത്തിൽ കിട്ടാനുള്ളത് ഒന്നര ക്കോടിയോളം രൂപ. സ്റ്റേഡിയത്തിെൻറ പവിലിയനിലെ വ്യാപാരകേന്ദ്രങ്ങളിൽനിന്നാണ് 1.38 കോടി രൂപ കോളജിന് കിട്ടാനുള്ളത്. സ്റ്റേഡിയം പവിലിയനിലെ 14 കടമുറികളിൽ 13 എണ്ണവും വാടകക്ക് നൽകിയിരിക്കുകയാണ്. ഇവരെല്ലാംതന്നെ വൻ തുക കുടിശ്ശിക വരുത്തിയവരാണെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. കോളജ് വികസന പ്രവർത്തനങ്ങൾക്കും താൽക്കാലിക ജീവനക്കാരുടെ വേതനം നൽകുന്നതിനുമായി ഉപയോഗിക്കുന്ന തുകയാണിത്.
15 ലക്ഷത്തോളം രൂപ കുടിശ്ശിക വരുത്തിയവർ മുതൽ 8000 രൂപ കുടിശ്ശിക ഉള്ളവർ വരെ ഇക്കൂട്ടത്തിലുണ്ട്. 14.94 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന വാടക കുടിശ്ശിക നിരക്ക്. 12 ലക്ഷം, 11 ലക്ഷം, 10 ലക്ഷം, ഒമ്പത് ലക്ഷം, അഞ്ചുലക്ഷം എന്നിങ്ങനെയാണ് മറ്റു കടകളിൽനിന്ന് കിട്ടാനുള്ളത്. പുതുക്കിയ വാടക നിരക്ക് അനുസരിച്ച് സ്ക്വയർഫീറ്റിന് 32.20 രൂപ നിരക്കിലാണ് കടയുടമകളിൽനിന്ന് വാടക ഈടാക്കുന്നത്. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പാണ് പുതിയ നിരക്കിലെ വാടക നിശ്ചയിച്ചത്. ഏറ്റവുമൊടുവിൽ 2020ലാണ് വാടകനിരക്ക് പുതുക്കിയത്. എന്നാൽ, 2018ലെ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വാടക നിരക്ക് വർധിപ്പിച്ചതിനെതിരെ കടയുടമകൾ റെന്‍റ് കൺട്രോൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഹൈകോടതി വിധി മാനിക്കാതെ നൽകിയ കേസ് തള്ളിക്കളയുന്നതിന് ജില്ല ഗവ. പ്ലീഡറെ അറിയിച്ചിട്ടുണ്ടെന്നും കോളജ് അധികൃതർ വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
വാടക കുടിശ്ശിക തീർത്തു നൽകുന്നതിന് കടഉടമകൾക്ക് നോട്ടീസ് അയക്കുന്നുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി. കുടിശ്ശിക തീർപ്പാക്കാത്തപക്ഷം കടമുറികൾ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയുമധികം തുക വാടകയിനത്തിൽ മാത്രം കിട്ടാനുള്ളപ്പോഴാണ് മഹാരാജാസ് കോളജിലെ കായിക വിദ്യാർഥികൾ പരിമിതികൾക്കുള്ളിൽ തങ്ങളുടെ മികവു തെളിയിക്കേണ്ടിവരുന്നതെന്നും ഈ തുക ഉടൻ പിരിച്ചെടുത്ത് സ്റ്റേഡിയത്തിെൻറ വികസനപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും രാജു വാഴക്കാല ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.