മട്ടാഞ്ചേരി: ജന സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന രീതിയിൽ മികവാർന്ന സേവനം നടത്തി വരുന്ന മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് അംഗീകാരം. 2023ലെ മുഖ്യമന്ത്രിയുടെ ട്രോഫിക്കുള്ള സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി മട്ടാഞ്ചേരി സ്റ്റേഷനെ തെരഞ്ഞെടുത്തു. യുവാക്കളെ കാർന്നുതിന്നുന്ന മയക്കുമരുന്ന് പോലുള്ള ലഹരിക്കെതിരെ ബോധവൽക്കരണം മുതൽ വിപണന, ഉപയോഗങ്ങളെ തടയുന്ന പ്രവർത്തനങ്ങൾ, കുറ്റമറ്റ രീതിയിൽ ജനമൈത്രി സംവിധാനം പ്രാവർത്തികമാക്കൽ, ജനങ്ങളെ പൂർണമായും വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് പുരസ്കാര പട്ടികയിൽ ഇടം പിടിക്കാൻ സഹായിച്ചത്.
നിരവധി ലഹരി കേസുകൾ പിടികൂടുകയും സ്ഥിരം ലഹരി ഇടപാടുകാരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം കരുതൽ തടങ്കലിലാക്കുന്നതിലും ഏറെ ശുഷ്കാന്തിയോടെ ഉദ്യോഗസ്ഥർ പ്രവർത്തിച്ചു. ഗുണ്ട നിയമം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതും ഗുണകരമായി. സ്റ്റേഷനിൽ എത്തുന്ന ബഹു ഭൂരിപക്ഷം കേസുകളിലും നടപടിയുണ്ടാകാറുണ്ടെന്നതും മേലുദ്യോഗസ്ഥർക്ക് പരാതി നൽകേണ്ട സാഹചര്യങ്ങൾ സൃഷ്ടിക്കാത്തതും പുരസ്കാരത്തിന് അർഹത ലഭിക്കാൻ കാരണമായി. പൊലീസ് ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ.ജിമ്മി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് നിലവിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ലോ ആൻഡ് ഓർഡർ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ്ങ് കമ്മിറ്റിയാണ് മട്ടാഞ്ചേരിയെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി തെരഞ്ഞെടുത്തത്. മികച്ച പ്രവർത്തനത്തിന് പുറമേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഭൂരിഭാഗവും നടപ്പാക്കിയെന്നതാണ് തെരഞ്ഞെടുക്കപ്പെടാനുള്ള കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.