കൊച്ചി: ശാപമോക്ഷം തേടി മുളവുകാട് റോഡ്. മുളവുകാട് പഞ്ചായത്തിലെ പ്രധാന റോഡായ മുളവുകാട്-ബോൾഗാട്ടി റോഡാണ് അധികൃതരുടെ അനാസ്ഥയിൽ വർഷങ്ങളായി തകർന്ന് കിടക്കുന്നത്. ദിനേന നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പുനർനിർമിക്കുന്ന വിഷയത്തിൽ അധികൃതർ പരസ്പരം പഴിചാരുകയാണ്. ദ്വീപ് വികസന പദ്ധതിയിൽ പെടുത്തി ‘ജിഡ’യാണ് പുനർ നിർമാണ പ്രവൃത്തികൾ ചെയ്യുന്നത്. 5.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണ പ്രവൃത്തികൾ മൂന്ന് ഘട്ടമായി പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ഇതിന്റെ ഭാഗമായി വടക്കേയറ്റം മുതൽ മിലിട്ടറി ക്യാമ്പ് വരെ ഭാഗത്ത് ഒന്നാം ഘട്ടം പൂർത്തിയാക്കിയിരുന്നു. മിലിട്ടറി ക്യാമ്പ് മുതൽ തണ്ടാശ്ശേരി ക്ഷേത്രംവരെ രണ്ടാംഘട്ട പ്രവൃത്തികളാണ് ജനങ്ങൾക്ക് ദുരിതമായത്. തണ്ടാശ്ശേരി മുതൽ ബോൾഗാട്ടി വരെ മൂന്നാംഘട്ടം നടന്നതുമില്ല. രണ്ടാംഘട്ടത്തിൽ റോഡ് നവീകരണം നടന്നെങ്കിലും നിർമാണ അപാകത മൂലം മൂന്നുമാസം പൂർത്തിയാകും മുന്നേ ഈ ഭാഗത്ത് റോഡ് തകർന്നു. ‘ജിഡ’യുടെ മേൽനോട്ടത്തിൽ കിറ്റ്കോയാണ് പ്രവൃത്തി ചെയ്തത്.
എന്നാൽ, മേൽനോട്ടത്തിന്റെ അഭാവം കരാറുകാരൻ മുതലാക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രണ്ടു വർഷം ഗ്യാരന്റിയിൽ നിർമിച്ച റോഡ് അതിവേഗം തകർന്നതോടെ കരാറുകാരൻ തന്നെ പുനർനിർമിക്കണമെന്ന ആവശ്യമുയർന്നു. എന്നാൽ, ഇത് നടപ്പായില്ല. ഗ്യാരന്റിയുടെ സാങ്കേതികത ഉള്ളതോടെ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനും കഴിയാത്ത സാഹചര്യമായി. ഇതാണ് വർഷങ്ങളായി നാട്ടുകാരുടെ ദുരിതത്തിന് കാരണം. നിലവിൽ റോഡിന്റെ ശോച്യാവസ്ഥയും നിർമാണ അപാകതയുമെല്ലാം ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതി നിർദേശപ്രകാരം പഞ്ചായത്ത് വിദഗ്ധ ഏജൻസിയെ കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിച്ചപ്പോൾ റോഡ് പുനർനിർമാണത്തിന് 3.10 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. എന്നാൽ, ഈ ഫണ്ട് ആര് നൽകുമെന്ന കാര്യത്തിലും അനിശ്ചിതത്വമാണ്.
പഞ്ചായത്തിലെ 7, 8, 9 വാർഡുകൾ ഉൾപ്പെടുന്ന റോഡിന്റെ ശോച്യാവസ്ഥ മനസ്സിലാക്കി പഞ്ചായത്ത് ഫണ്ടുപയോഗിച്ചും പല കമ്പനികളുടെയും സി.എസ്.ആർ.ഫണ്ടുപയോഗിച്ചും പലവട്ടം അറ്റകുറ്റപ്പണി നടത്തിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ പറയുന്നു. രാഷ്ട്രീയ കാരണങ്ങളാണ് റോഡിനെയും പഞ്ചായത്തിനെയും പല കാര്യങ്ങളിലും അവഗണിക്കാൻ കാരണമെന്നും അദ്ദേഹം
കൂട്ടിച്ചേർക്കുന്നുണ്ട്. സാങ്കേതികത്വങ്ങൾ ചൂണ്ടിക്കാട്ടി അധികാര സ്ഥാപനങ്ങൾ പഴി ചാരുമ്പോൾ നാട്ടുകാരുടെ സഞ്ചാര ദുരിതത്തിന് എന്ന് അറുതിയാകുമെന്ന കാര്യത്തിൽ ആർക്കും ഉത്തരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.