ഏലൂരിൽ ബോസ്കോ നഗറിനടുത്ത് മഞ്ഞപ്പിത്ത ഭീഷണിയെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തുന്നു
കളമശ്ശേരി: രണ്ട് മാസം മുമ്പ് വ്യാപനമുണ്ടായ കളമശ്ശേരിയിൽ വീണ്ടും മഞ്ഞപ്പിത്ത ഭീഷണി ഉയർന്നത് ആശങ്കക്കിടയാക്കുന്നു. വലിയ തോതിലല്ലെങ്കിലും രണ്ട് പ്രദേശങ്ങളിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എച്ച്.എം.ടി കോളനി, കങ്ങരപ്പടി പ്രദേശങ്ങൾ, കളമശ്ശേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിൽ രോഗ വ്യാപനമുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന് ലഭിച്ച വിവരം. രണ്ട് ആഴ്ച മുമ്പാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ രോഗം സ്ഥിരീകരിച്ചത്. വിവരം അറിഞ്ഞ് നഗരസഭ സ്ഥാപനത്തിലെ കാൻറീനിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്തിയിരുന്നില്ല. എന്നാൽ, സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായി അറിഞ്ഞിരുന്നില്ലെന്ന് നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. നിഷാദ് പറഞ്ഞു. ഹോസ്റ്റലുകൾ അടക്കുകയും പഠനം ഓൺലൈനിലാക്കുകയും ചെയ്തിരിക്കുകയാണ്. ഇത് സ്ഥാപന അധികൃതർ നഗരസഭയെ അറിയിച്ചില്ലെന്നും അധ്യക്ഷൻ പറഞ്ഞു. സംഭവത്തെ തുടർന്ന് ശീതള പാനീയങ്ങൾ വിൽപന നടത്തുന്ന കടകളിലും മറ്റും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായി നിഷാദ് അറിയിച്ചു.
കഴിഞ്ഞ ഡിസംബറിൽ 50ഓളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് കളമശ്ശേരി മേഖലയിൽ ചികിത്സ തേടിയത്. നഗരസഭയിലെ പത്താം വാർഡ് പെരിങ്ങഴ, പന്ത്രണ്ടാം വാർഡ് എച്ച്.എം.ടി കോളനി എസ്റ്റേറ്റ്, പതിമൂന്നാം വാർഡ് കുറുപ്രയിലുമാണ് രോഗം ഏറെയും സ്ഥിരീകരിച്ചത്. ഇതിൽ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. രണ്ട് പേർ ഗുരുതരാവസ്ഥ തരണം ചെയ്തു.
സംഭവത്തിൽ മന്ത്രി പി. രാജീവ് ഇടപെടുകയും നഗരസഭ ആരോഗ്യ വിഭാഗം പൊതുകിണറുകൾ ഉൾപ്പെടെ നഗരസഭയിലെ 42 വാർഡുകളിലെ പ്രദേശങ്ങളിലെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനക്ക് എടുക്കുകയും ചെയ്തു. സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളം മഞ്ഞപ്പിത്ത വ്യാപനത്തിന് ഇടയാക്കിയെന്നായിരുന്നു അന്നത്തെ പ്രഥമിക വിലയിരുത്തൽ.
28 ദിവസത്തിന് ശേഷം മാത്രമെ രോഗലക്ഷണം കാണാനാകൂവെന്നതിനാൽ ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ആശ വർക്കർമാർ വഴി ശേഖരിച്ച് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. കൂടാതെ മെഡിക്കൽ ക്യാമ്പ് നടത്തിയും വീടുകളിൽ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയുമാണ് വ്യാപനം നിയന്ത്രിച്ചത്. ഇതിനിടയിലാണ് വീണ്ടും രോഗ ഭീഷണി ഉയർന്നത്.
നഗരസഭയിലെ 13ാം വാർഡായ ഇടമുളയിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ട് വീടുകളിൽ താമസിക്കുന്നവർക്കാണ് രോഗലക്ഷണം ഉള്ളത്. ഒ രു അന്തർ സംസ്ഥാന തൊഴിലാളി കുടുംബത്തിലെ കുട്ടിക്കും രോഗം ഉണ്ട്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. രോഗമുള്ള വീടുകൾ സമീപ വീടുകൾ എന്നിവിടങ്ങളിലെ കിണറുകൾ പരിശോധിച്ച് ക്ലോറിനേഷൻ നടത്തിയതായി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.