പെരുമ്പാവൂര്‍: നവകേരള യാത്ര പ്രചാരണ പരിപാടിയുടെ സംഘാടക സമിതിയിലെ ഭിന്നത എല്‍.ഡി.എഫില്‍ കല്ലുകടിയായി. സംഘാടക സമിതി ചെയര്‍മാനായ മുന്‍ എം.എല്‍.എ സാജു പോളിന്റെ നിസ്സഹകരണം കണക്കിലെടുത്ത് അദ്ദേഹത്തെ നീക്കണമെന്ന ആവശ്യം സി.പി.എമ്മാണ് മുന്നോട്ടുവെക്കുന്നത്. എക്സിക്യൂട്ടിവ് യോഗത്തിൽ ഈ ആവശ്യം ഉയർന്നെങ്കിലും ചിലര്‍ എതിര്‍ത്തു.
അടുത്ത 10നാണ് പരിപാടി. രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ മറ്റൊരു ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതില്ലെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. സാജു പോളിനെ ചുമതലയില്‍നിന്ന് നീക്കിയാൽ പുറംലോകം അറിയുമെന്നും അത് പരിപാടിയുടെ പകിട്ടിന് മങ്ങലേൽപിക്കുമെന്നും അവമതിപ്പിന് ഇടയാക്കുമെന്നും സി.പി.ഐ, എന്‍.സി.പി ഉള്‍പ്പടെ പാർട്ടികളുടെ പ്രതിനിധികള്‍ അറിയിച്ചു.
ചെയര്‍മാനെ മാറ്റുന്ന വിഷയത്തില്‍ കേരള കോണ്‍ഗ്രസ് മാത്രമാണ് സി.പി.എമ്മിനെ പിന്തുണക്കുന്നത്. സാജു പോളിനെ നീക്കാന്‍ നോഡല്‍ ഓഫിസറായ കലക്ടറുടെ അനുമതിക്ക് കാക്കുകയാണ് തഹസില്‍ദാര്‍. പകരം കേരള കോണ്‍ഗ്രസിലെ ബാബു ജോസഫിനെ ചെയര്‍മാനാക്കാനാണ് സി.പി.എം നീക്കം.
സദസ്സിന്റെ ജില്ല ചാര്‍ജുള്ള മന്ത്രി പി. രാജീവ് പങ്കെടുത്ത ആലോചന യോഗത്തില്‍ സാജു പോള്‍ പങ്കെടുത്തിരുന്നില്ല. ഇക്കാര്യം അറിഞ്ഞതോടെ സാജു പോളിനെ മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നാണ് വിവരം.
അതേസമയം, അസൗകര്യം നേരത്തേതന്നെ സി.പി.എം ഏരിയ സെക്രട്ടറിയെയും പി. രാജീവിനെയും അറിയിച്ചിരുന്നതായി സാജു പോള്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നീരസമുണ്ടായ സാഹചര്യത്തില്‍ സാജു പോളിനെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കും.
നവകേരള സദസ്സിന്റെ ചെയര്‍മാനായി സ്ഥലം എം.എല്‍.എയോ എം.പിയോ വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. യു.ഡി.എഫ് പരിപാടി ബഹിഷ്കരിക്കുന്നതുകൊണ്ട് മുന്‍ എം.എല്‍.എ എന്ന നിലയിലാണ് സാജു പോളിനെ ചെയര്‍മാനാക്കിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാലുവാരിയെന്ന് ആരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ബാബു ജോസഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പെരുമ്പാവൂരിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. ഇതിന്റെ അനിഷ്ടം ബാബു ജോസഫിനോട് നേതാക്കളില്‍ പലര്‍ക്കുമുണ്ട്.
മുന്നണി മര്യാദ സി.പി.എം പാലിക്കാത്ത നീരസത്തില്‍ സി.പി.ഐയും എന്‍.സി.പിയും പ്രചാരണ ജാഥകളില്നിന്ന് വിട്ടുനില്‍ക്കുകയാണ്.
അതിനിടെ ചില മണ്ഡലങ്ങളില്‍ ആവശ്യമായ പരിഗണ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ സ്വന്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.