മട്ടാഞ്ചേരി: നാല് പതിറ്റാണ്ട് നീണ്ട മത മൈത്രിയുടെ നേർക്കാഴ്ചയാണ് മഹാജനവാടിയിലെ ശ്രീമഹാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം. കഴിഞ്ഞ 40 വർഷമായി ക്ഷേത്രത്തിൽ നടന്നുവരുന്ന നവരാത്രി ആഘോഷങ്ങൾക്ക് പന്തൽ ഒരുക്കങ്ങൾ, മറ്റ് സഹായങ്ങൾ നൽകിവരുന്നത് മഹാജനവാടി എന്ന ചുറ്റുവളപ്പിൽ താമസിക്കുന്ന മുസ്ലിം സമുദായക്കാരാണ്. കർണാടകയിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കൊച്ചിയിലെത്തിയ ഹെഗ്ഡേ വിഭാഗം അടക്കമുള്ളവർക്ക് അന്ന് ഹാജി അഹമ്മദ് ഇബ്രാഹിം സേട്ട് ട്രസ്റ്റ് വാടകക്ക് വീടുകൾ നൽകുകയായിരുന്നു. സമുദായക്ഷേത്രം പണിയാനും സ്ഥലം നൽകി.
നാലു ഭാഗത്തും അടച്ചുകെട്ടിയ വളപ്പ് ഇതോടെ മഹാജനവാടിയായി. ക്ഷേത്രത്തിൽ ഓരോ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷിച്ചു പോന്നിരുന്നു. ഇവിടെയെത്തിയ മുസ്ലിം സമുദായക്കാരും നവരാത്രി ആഘോഷങ്ങളിൽ തങ്ങളുടേതായ സഹായങ്ങൾ ചെയ്തുപോന്നിരുന്നു. ഏതാണ്ട് നാല് പതിറ്റാണ്ടായി ഇപ്പോഴും നവരാത്രി ആഘോഷങ്ങളിൽ ഇത് തുടർന്നുവരുന്നു.
ഇതിനിടെ ട്രസ്റ്റ് മഹാജനവാടിയിൽ താമസിച്ചിരുന്നവർക്ക് സ്ഥലങ്ങൾ പതിച്ചുനൽകി. ക്ഷേത്രത്തിനു മുൻഭാഗം നവരാത്രി ആഘോഷത്തിന് പന്തൽ കെട്ടുന്ന സ്ഥലം ഒഴിച്ചിട്ടായിരുന്നു ബാക്കി സ്ഥലങ്ങൾ ട്രസ്റ്റ് അളന്നുതിരിച്ച് നൽകിയത്. മഹാജനവാടി ചുറ്റുവളപ്പിനുള്ളിൽ ഒരുമയുടെ പ്രതീകങ്ങളായി കഴിയുകയാണ് ഇരു സമൂഹവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.