കൊച്ചി: ബ്രഹ്മപുരം പ്ലാൻറിൽ വർഷങ്ങളായി മലപോലെ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ പ്രവൃത്തി അനുമതി നൽകി. ഈ മാസം 30ന് നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്ന ദേശീയ ഹരിത ൈട്രബ്യൂണലിെൻറ കർശന ഉത്തരവിെൻറ അടിസ്ഥാനത്തിൽ േചർന്ന കോർപറേഷൻ കൗൺസിലിൽ അഞ്ചര മണിക്കൂർ നീണ്ട ചൂടേറിയ ചർച്ചക്കൊടുവിലാണ് തീരുമാനം. സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് 54.90 കോടിക്കാണ് ടെൻഡർ ലഭിച്ചത്. യു.ഡി.എഫ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയാണ് പ്രവൃത്തി അനുമതി നൽകിയത്.
ഹരിത ൈട്രബ്യൂണലിെൻറ ഉത്തരവുപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭക്ക് കർശന നിർദേശം നൽകിയിരുന്നു. ബയോ മൈനിങ് കരാർ തുകയിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഇതോടൊപ്പം ബ്രഹ്മപുരത്തെ 20 ഏക്കർ ഭൂമി 27 വർഷത്തേക്ക് കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നൽകാനും കൗൺസിൽ തീരുമാനിച്ചു.
വേസ്റ്റ് ടു എനർജി പദ്ധതി നടപ്പാക്കുന്നതിന് ഈ ഭൂമി കൈമാറണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ജൂലൈ ഏഴിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിയന്തര തീരുമാനം വേണമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അടിയന്തര കൗൺസിൽ ചേർന്നത്. ഭൂമി കൈമാറ്റവും യു.ഡി.എഫ് അംഗങ്ങൾ ശക്തമായി എതിർത്തു. മാലിന്യപ്ലാൻറിെൻറ നടത്തിപ്പ് ചുമതല ഏൽപിക്കാൻ നടത്തിയ ടെൻഡറിൽ യോഗ്യരെ ലഭിക്കാത്തതിനാൽ റീടെൻഡർ ചെയ്യാനുള്ള കൗൺസിൽ അജണ്ട മാറ്റിവെച്ചു.
എട്ടുവർഷമായി കോർപറേഷൻ മാലിന്യസംസ്കരണം സംബന്ധിച്ച് തീരുമാനം എടുക്കാത്തതിനാലാണ് ദുരന്തനിവാരണ നിയമം അനുസരിച്ച് സർക്കാർ ചുമതല ഏറ്റെടുത്തതെന്ന് മേയർ അനിൽ കുമാർ വിശദീകരിച്ചു.
ഈ മാസം 30ന് ഗ്രീൻ ട്രൈബ്യൂണലിന് നടപടി റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സമർപ്പിക്കണം. അതിനുമുമ്പ് വെള്ളിയാഴ്ച പ്രവൃത്തി ഉത്തരവ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. എട്ടു കേസാണ് ഹരിത ട്രൈബ്യൂണലിന് മുന്നിൽ കോർപറേഷന് എതിരായി എത്തിയത്. കോർപറേഷൻ ഭരണഘടനാപരമായ ബാധ്യതയാണ് നിറവേറ്റുന്നത്. കോർപറേഷൻ ഫണ്ടിൽനിന്ന് പദ്ധതിക്കായി പണം ചെലവഴിക്കേണ്ടി വന്നാൽ കൗൺസിൽ അംഗീകാരത്തോടെ മാത്രമേ അതുണ്ടാകൂവെന്നും മേയർ പറഞ്ഞു.
അതേസമയം, സോൺട ഇൻഫ്രാടെക് കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നിൽ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ ആരോപിച്ചു. ടെൻഡർ യോഗ്യതകൾ പൂർത്തീകരിക്കാത്തതാണ് കമ്പനി. 21 കോടി, 30 കോടി എന്നിങ്ങനെ ടെൻഡർ ചെയ്ത കമ്പനികളെ മാറ്റി 56 കോടിയുടെ ടെൻഡറാണ് ഉറപ്പിച്ചത്. സർക്കാർ കോർപറേഷെൻറ അധികാരം ഓരോന്നായി കവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലപോലെ മാലിന്യം
കൊച്ചി: ബ്രഹ്മപുരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പ്ലാസ്റ്റിക്, മെറ്റൽ, റബർ, ജൈവം എന്നിങ്ങനെ വേർതിരിച്ചാണ് ബയോ മൈനിങ് ചെയ്യുക. ഇതിൽ മണ്ണിൽ അലിയുന്ന ജൈവ മാലിന്യം അവിടെത്തന്നെ കുഴിച്ചിടും. മറ്റുള്ളവ വൈദ്യുതി ഉൽപാദനം പോലെ ഊർജ മേഖലയിലേക്ക് മാറ്റും.
മാലിന്യങ്ങൾ വേർതിരിക്കാതെ കുഴിച്ചിട്ടാൽ (കാപ്പിങ്) പ്രദേശത്ത് കെട്ടിടനിർമാണംപോലെ ഒന്നും ഭാവിയിൽ നടത്താൻ കഴിയില്ല. 2020 ഒക്ടോബർ വരെ 4,75,139 ക്യുബിക് മീറ്റർ മാലിന്യമാണ് ബ്രഹ്മപുരത്ത് സോൺട ഇൻഫ്രാടെക് കണക്കാക്കിയിട്ടുള്ളത്. ഇത് ബയോ മൈനിങ് നടത്താൻ 54.90 കോടിക്കാണ് ടെൻഡർ നേടിയത്. 2021 ഫെബ്രുവരിയിൽ എൻ.ഐ.ടി കാലിക്കറ്റ് നടത്തിയ ഡ്രോൺ സർേവയിൽ ചിത്രപ്പുഴയുടെ കൈവഴിയുടെ ജലനിരപ്പിൽനിന്ന് 1.75 മീറ്റർ ഉയരത്തിൽ 3,25,816 ക്യുബിക് മീറ്ററും താഴേക്ക് 2,26,087 ക്യുബിക് മീറ്ററും ഉൾപ്പെടെ മൊത്തം 5,51,903 ക്യുബിക് മീറ്റർ മാലിന്യമാണ് പ്രദേശത്ത് കണക്കാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.