കൊച്ചി: കടലിലെ ആവാസവ്യവസ്ഥക്ക് കടുത്ത ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യം. മനുഷ്യർ ഒഴിവാക്കുന്ന പ്ലാസ്റ്റിക് കവറുകൾ മുതൽ വലയുടെ അവശിഷ്ടങ്ങൾ വരെ സമുദ്രത്തിൽ കിടക്കുന്നത് സ്വാഭാവികതക്ക് ഭംഗംവരുത്തുന്നു. പല കടൽജീവികളും പ്ലാസ്റ്റിക് മാലിന്യത്തെ നേരിട്ട് ആഹാരമാക്കുന്നത് അപകടകരമാണ്. ഇതിന് പരിഹാരം കാണാൻ, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലെ പ്ലാസ്റ്റിക് മാലിന്യം കരയിലെത്തിക്കാനും അവ ഷ്രെഡിങ് യൂനിറ്റിലെത്തിച്ച് പ്രോസസ് ചെയ്ത് റോഡ് നിർമാണത്തിനും മറ്റുമായി പ്രയോജനപ്പെടുത്താനും സംസ്ഥാന ഫിഷറീസ് വകുപ്പ് ‘ശുചിത്വ സാഗരം’ പേരിൽ പദ്ധതി ആവിഷ്കരിച്ചിരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നടപ്പാക്കിയ പദ്ധതി വിജയമായതിനെ തുടർന്ന് കേരളമാകെ വ്യാപിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഫേസ് മാത്രമാണ് നിലവിൽ എറണാകുളം ഉൾപ്പെടെ വിവിധ ജില്ലകളിൽ എത്തിയിട്ടുള്ളൂ.
തീരദേശ മണ്ഡലങ്ങളായ വൈപ്പിന്‍, കൊച്ചി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചി നിയോജകമണ്ഡലത്തില്‍ 21 കിലോമീറ്ററും വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ 25 കിലോമീറ്ററും കടല്‍ത്തീരമാണുള്ളത്. എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ സംഘടിപ്പിച്ച കടലോര നടത്തത്തോടെയാണ് കഴിഞ്ഞ വർഷം ജില്ലതല ബോധവത്കരണമെന്ന നിലയിൽ ആദ്യഘട്ടം നടപ്പാക്കിയത്. രണ്ടാം ഘട്ടമായി എറണാകുളത്തെ 46 കിലോമീറ്റർ കടല്‍ത്തീരമാണ് മാലിന്യമുക്തമാകുന്നത്. വിവിധ സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ തീരത്തെ പ്ലാസ്റ്റിക് ശേഖരിക്കുന്ന രണ്ടാം ഘട്ടം, മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിലെ പ്ലാസ്റ്റിക് നീക്കുന്ന മൂന്നാം ഘട്ടവും ഫണ്ട് അപര്യാപ്തതമൂലം വൈകുകയാണ്. പ്ലാസ്റ്റിക് ശേഖരിക്കാൻ പ്രത്യേക ബാഗുകള്‍ മത്സ്യബന്ധനത്തിന് പോകുന്നവർക്ക് നൽകി അവർ മുഖാന്തരം ശേഖരിക്കുന്നതാണ് രീതി. പിന്നീട് കരയിലെത്തിച്ച് പുനഃചംക്രമണം ചെയ്യും. പൈലറ്റ് പദ്ധതി നടപ്പാക്കിയ നീണ്ടകരയില്‍ 2017 നവംബര്‍ മുതല്‍ 2022 മേയ് വരെയുള്ള കണക്കുകൾ പ്രകാരം 154.932 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടലില്‍നിന്ന് നീക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.