കൊച്ചി: ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിന് ശുചിത്വമിഷനുമായി ചേര്‍ന്ന് ആര്.ഡി.എഫ് (റഫ്യൂസ് ഡിറൈവഡ് ഫ്യുവൽ) പ്ലാന്റ് സ്ഥാപിക്കുന്നത് പരിഗണിക്കാന്‍ കോര്പറേഷന്. കൗണ്‍സിലില്‍ മേയര്‍ എം. അനില്‍കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില്‍ പ്രവൃത്തി പരിചയമുളള ഏജന്‍സിയെ ഇതിനായി പ്രയോജനപ്പെടുത്തണമെന്നും മേയര്‍ പറഞ്ഞു. പുനരുപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ സംസ്കരിച്ച് ഇന്ധനമാക്കാന്‍ കഴിയുന്നതാണ് ആര്.ഡി.എഫ് പ്ലാന്റുകള്‍.
ഡിവിഷന് തലത്തില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണം കൃത്യമായി നടക്കുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിന് മറുപടിയായാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. പരാതികളുള്ള ഡിവിഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് ചുമതലപ്പെടുത്തിയ ഏജന്‍സികളുമായി ബന്ധപ്പെട്ട കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി മാലിന്യ ശേഖരണം കാര്യക്ഷമമാക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു.
ബ്രഹ്മപുരത്തെ ബയോമൈനിങുമായി ബന്ധപ്പെട്ട ഷെഡ് നിര്‍മാണത്തിന് ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനി എത്ര തുക മുടക്കി എന്നതടക്കം പരിശോധിച്ച് ഇതിനനുസൃതമായി അവര്‍ക്കുള്ള ബില്ലില്‍ കുറവ് വരുത്തും. സിഗ്മയുടെ ബി.എസ്.എഫ് പ്ലാന്റ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഹെല്‍ത്ത് ഓഫിസറെ ചുമതലപ്പെടുത്തി. പ്ലാന്റ് പ്രവര്‍ത്തനത്തെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. ഡിജി സര്‍വേ നടത്താന്‍ കുടുംബശ്രീയുമായി സഹകരിക്കണമെന്നും മേയര്‍ നിര്‍ദേശിച്ചു.
അനധികൃത തെരുവോര കച്ചവടം നിയന്ത്രിക്കുന്നതിന് ഹൈകോടതിയുടെ നിരീക്ഷണ ഭാഗമായി രൂപം നല്കിയ ജാഗ്രത സമതികളുടെ പ്രവര്‍ത്തനം കുറേക്കൂടി കാര്യക്ഷമമാക്കണമെന്ന് കൗണ്‍സിലില്‍ അഭിപ്രായമുയർന്നു.
നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സമിതി പരാജയപ്പെടുകയാണെന്ന് മേയറും യഥാസമയം സമിതി ചേരാറില്ലെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. വി.കെ. മിനിമോളും ചൂണ്ടിക്കാട്ടി. മാസം തോറും സമിതി കൂടി വിലയിരുത്തല്‍ നടത്തണമെന്നും അതിന്റെ റിപ്പോര്‍ട്ട് ഹൈകോടതിക്ക് സമര്‍പ്പിക്കണമെന്നും കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മേയര്‍ നിര്‍ദേശം നല്കി.
ഓണത്തിന് മുമ്പ് നഗരത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിവിഷനുകള്‍ക്ക് 50,000 രൂപ വീതം നല്കാന് തീരുമാനം. മഴയെ തുടര്‍ന്ന് മാലിന്യ നിര്‍മാര്‍ജനവും ശുചീകരണ പ്രവര്‍ത്തനങ്ങളും അവതാളത്തിലായതോടെ പ്രതിസന്ധിയിലായ നഗരത്തിലെ ശുചീകരണം കാര്യക്ഷമമാക്കുന്നതിനാണ് തുക അനുവദിക്കുന്നത്. അതോടൊപ്പം 400 താല്‍ക്കാലിക മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെ നിയമിക്കാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി തേടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.