കൊച്ചി: കടുത്ത ചൂടിൽ പുകയുമ്പോൾ വൈദ്യുതിയുമില്ലാതായാൽ എന്തുചെയ്യും. നട്ടപ്പാതിരക്ക് വീടിന് പുറത്തിറങ്ങിയിരിക്കുന്നവർ, കെ.എസ്.ഇ.ബി ഓഫിസിലേക്ക് നേരിട്ടെത്തി പരാതി പറയുന്നവർ, നിലക്കാതെ ബെല്ലടിക്കുന്ന വൈദ്യുതി വകുപ്പ് ഓഫിസുകളിലെ ഫോണുകൾ... കഴിഞ്ഞ രാത്രിയിലെ വിവിധയിടങ്ങളിലെ കാഴ്ചകളാണിത്.
നാലാൾ കൂടുന്നിടത്തൊക്കെ പരസ്പരം പറയാനുള്ളത് ചൂടിന്റെയും രാത്രിയിലെ വൈദ്യുതിയില്ലായ്മയുടെയും കഥകൾ മാത്രം. പകൽ സമയത്തും സ്ഥിതി വ്യത്യസ്തമല്ല. ഇടക്കിടെ പവർകട്ടുണ്ടാകുകയാണെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കിണറുകളിലെ വെള്ളം പലയിടങ്ങളിലും വറ്റിവരണ്ട സ്ഥിതിയാണ്. ഓരോ ദിവസവും ചൂട് വർധിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കടുത്ത പ്രയാസം അനുഭവിക്കുന്ന ജനങ്ങളിലേക്കാണ് ഇരട്ടിപ്രഹരമായി വൈദ്യുതി തടസ്സവുമെത്തുന്നത്. വൈദ്യുതി ഉപയോഗത്തിലുണ്ടായ റെക്കോഡ് വര്‍ധന കാരണം ഫ്യൂസ് പോയും ഫീഡറുകള്‍ ട്രിപ്പായും വൈദ്യുതി തടസ്സമുണ്ടാകുന്നുണ്ട്.
ഇത് കൂടുതലും സംഭവിക്കുന്നത് രാത്രി എ.സിയുടെ ഉപയോഗം വര്‍ധിക്കുന്ന സമയത്താണ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ജീവനക്കാരോട് മോശം പെരുമാറ്റമുണ്ടാകരുതെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട് വൈദ്യുതി വകുപ്പ് അധികൃതർ. രാത്രി സമയത്ത് കെ.എസ്.ഇ.ബിയുടെ മിക്ക ഓഫിസുകളിലും രണ്ടോ മൂന്നോ ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഉണ്ടാകാറുള്ളൂ. പലപ്പോഴും ജനങ്ങളുടെ രോഷത്തോടെയുള്ള ഫോൺ കാളുകൾക്കും പ്രതികരണങ്ങൾക്കും മറുപടി പറയേണ്ടി വരിക ഇവരാണ്.
പലയിടത്തും രാത്രിയിൽ അര മണിക്കൂർ ഇടവേളകളിൽ തുടർച്ചയായി വൈദ്യുതി ബന്ധം നഷ്ടമാകുന്നതായി ജനങ്ങൾ പറയുന്നു. പരാതി അറിയിച്ചിട്ടും പരിഹരിക്കാൻ വൈകുന്നതായും അവർ വ്യക്തമാക്കുന്നു. നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ തിങ്കളാഴ്ച അർധരാത്രിയോടെ വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുലർച്ചയോടെയാണ് പുനഃസ്ഥാപിച്ചത്. ഫാനുകൾ നിശ്ചലമായതോടെ കിടന്നുറങ്ങാൻ സാധിക്കാതെ വന്ന ആളുകൾ വീടുകൾക്ക് പുറത്തിറങ്ങിയിരിക്കേണ്ട സാഹചര്യമുണ്ടായി. രാത്രിയിൽ പ്രവർത്തിക്കുന്ന ഓഫിസുകളുടെ പ്രവർത്തനവും താളം തെറ്റി. ജീവനക്കാരും ബുദ്ധിമുട്ടിലായി. ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി ഇടക്കിടെ നഷ്ടമായതോടെ കുട്ടികളും വയോധികരും അസുഖബാധിതരും വലിയ പ്രയാസത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.