പുണ്യം തേടി...
റമദാനിലെ അവസാന വെള്ളിയാഴ്ച എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ നടന്ന ജുമുഅ
നമസ്കാരത്തിൽ പ്രാർഥനയോടെ വിശ്വാസികൾ രതീഷ് ഭാസ്കർ
കൊച്ചി: നാടെങ്ങും പെരുന്നാൾ ആഘോഷത്തിലേക്കുണരാൻ ഇനി മണിക്കൂറുകൾ മാത്രം. നോമ്പ് 29 എണ്ണം പൂർത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇനി രണ്ടുനാൾ മാത്രം ബാക്കി നിൽക്കേ പെരുന്നാൾ വസ്ത്രവിപണിയിലുൾപ്പെടെ തിരക്കേറുകയാണ്.
ഒരു മാസത്തോളം നീണ്ട പുണ്യം നിറഞ്ഞ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തിയുടെ ആഘോഷം കൂടിയാണ് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്വർ). പെരുന്നാളാഘോഷത്തിൽ പ്രധാനമായ പുതുവസ്ത്രമെടുക്കാനായി പലരും അവസാന നാളുകളിലാണ് തുണിക്കടകളിലേക്കെത്തുന്നത്. ഇത്തരത്തിൽ ആളുകളെ കൊണ്ട് ചെറുതും വലുതുമായ വസ്ത്രശാലകൾ നിറഞ്ഞിരിക്കുന്നു. കുട്ടികളുടെയും ചെറുപ്പക്കാരുടെയും മനമറിഞ്ഞുള്ള ട്രെൻഡി വസ്ത്രങ്ങളാണ് ഏറെയും പെരുന്നാൾ വിപണിയിൽ കാത്തിരിക്കുന്നത്.
എറണാകുളം നഗരത്തിലെ പ്രധാന വസ്ത്രവ്യാപാര മേഖലയായ ബ്രോഡ് വേയിൽ പെരുന്നാൾ കച്ചവടം പൊടിപൊടിക്കുന്നു. പല തുണിക്കടകളിലും നിന്നു തിരിയാൻ പോലുമാവാത്ത തിരക്കാണ്. ചെറിയ കടകൾ മാത്രമല്ല, വൻകിട വസ്ത്രാലയങ്ങൾ, ഷോപ്പിങ് മാളുകളിലെ ബ്രാൻഡഡ് സ്റ്റോറുകൾ എന്നിവിടങ്ങളിലെല്ലാം തിരക്ക് ഒരുപോലെത്തന്നെ. പ്രധാനപ്പെട്ട വിപണന സീസണായ പെരുന്നാളിന് ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി ഓഫറുകളും വേണ്ടത്ര ഡിസ്കൗണ്ടുകളുമെല്ലാം വസ്ത്രവ്യാപാരികൾ നൽകുന്നുണ്ട്.
പെരുന്നാൾ സൽക്കാരവുമായി ഹോട്ടലുകളും
പെരുന്നാൾ ദിനത്തിലെ തിരക്കും വിഭവങ്ങൾ വീട്ടിലുണ്ടാക്കുന്നതിന്റെ അസൗകര്യവും കണക്കിലെടുത്ത് പെരുന്നാൾ സൽക്കാരമൊരുക്കി ഹോട്ടലുകളും കാത്തിരിപ്പുണ്ട്. ചിക്കൻ, ബീഫ്, മട്ടൻ,ചെമ്മീൻ ബിരിയാണി, കുഴിമന്തി, ചിക്കൻ പൊരിച്ചത്, ജ്യൂസ് തുടങ്ങിയ വിഭവങ്ങൾ അടങ്ങുന്ന പാക്കേജുകളാണ് ഹോട്ടലുകളിലുണ്ടാവുക. നഗരത്തിലെ പല ഹോട്ടലുകളിലും ഇതിനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ഫിത്ർ സകാത്തിെന്റ പുണ്യം
റമദാൻ നോമ്പ് അവസാനിക്കുന്നതോടനുബന്ധിച്ച് ഫിത്ർ സക്കാത്തിന്റെ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. നോമ്പനുഷ്ഠിക്കുന്നതു പോലെ നിർബന്ധിതമാണ് സകാത്ത് നൽകുന്നതും. വ്രതകാലത്തിന്റെ അവസാന നാളുകളിൽ ഫിത്ർ സക്കാത്ത് അർഹിക്കുന്നവരിലേക്ക് എത്തിക്കുന്നത്, ആഘോഷദിനത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആശയം മുൻ നിർത്തിയാണ്.
ഇതുകൂടാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പെരുന്നാൾകോടി, ഭക്ഷ്യധാന്യ വിഭവങ്ങൾ എന്നിവ വിതരണം ചെയ്യാനായി പ്രാദേശിക കൂട്ടായ്മകളും ക്ലബുകളുമുൾപ്പെടെ പല നാടുകളിലും മുന്നിട്ടിറങ്ങുന്നുണ്ട്.
വികാരനിർഭര വാക്കുകളോടെ പുണ്യങ്ങളുടെ വിശുദ്ധ മാസത്തിന് ഇമാമുമാർ വിടചൊല്ലി
കൊച്ചി: ആത്മസമർപ്പണത്തിന്റെയും പരിശുദ്ധിയുടെയും നിറവായിരുന്ന റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ചയിൽ ജുമുഅ നമസ്കാരത്തിനായി പള്ളികളിലേക്ക് വിശ്വാസിസാഗരം ഒഴുകിയെത്തി. അടുത്ത വർഷത്തെ റമദാനിലേക്കുള്ള കാത്തിരിപ്പുമായി, വികാര നിർഭര വാക്കുകളോടെ പുണ്യങ്ങളുടെ വിശുദ്ധ മാസത്തിന് ഇമാമുമാർ വിടചൊല്ലി. നോമ്പുകാലത്തെ രാപ്പകലുകളിൽ പ്രാർഥനകളിലൂടെയും ആരാധനാകർമങ്ങളിലൂടെയും ആർജിച്ചെടുത്ത ആത്മസംസ്കരണം തുടർ ജീവിതത്തിലും കാത്തുസൂക്ഷിക്കണമെന്ന് വിശ്വാസികളോട് അവർ ആഹ്വാനം ചെയ്തു.
വ്രതശുദ്ധിയുടെ നിറവിൽ ജുമുഅ പ്രാർഥനകൾക്കായി മണിക്കൂറുകൾ മുമ്പെ നൂറുകണക്കിന് വിശ്വാസികളെത്തുന്ന കാഴ്ചകൾക്കാണ് ജില്ലയിലെ വിവിധ മസ്ജിദുകൾ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. ഖുർആൻ പാരായണവും പ്രാർഥന മന്ത്രങ്ങളുമായി വിശ്വാസികൾ സൃഷ്ടാവുമായി കൂടുതൽ അടുത്തു. റമദാൻ വിട പറയുന്നതിന്റെ വേദനയും അവസാന ദിനങ്ങളിലെ പ്രാധാന്യവും പ്രഭാഷണങ്ങളിൽ ഇമാമുമാർ എടുത്തുപറഞ്ഞു. ആത്മീയതയുടെ നിറവിനൊപ്പം ഭൗതിക സമൂഹത്തിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും പലരും എടുത്തുപറഞ്ഞു. പെരുന്നാൾ ആഘോഷത്തിൽ പാലിക്കേണ്ട മിതത്വത്തെ കുറിച്ചും റമദാൻ അവസാന ദിനങ്ങളിൽ ഫിത്വർ സകാത്ത് സജീവമാക്കേണ്ടതിനെ കുറിച്ചും ഓർമിപ്പിച്ചു. ഒപ്പം സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമങ്ങളും ഉൾപ്പെടെ തിൻമകളിൽ നിന്ന് അകലം പാലിക്കേണ്ടതിനെ കുറിച്ചും ഇമാമുമാർ വിശ്വാസികളെ ബോധവാൻമാരാക്കി.
കൊച്ചി നഗരത്തിലുൾപ്പെടെ എല്ലാ മസ്ജിദുകളും നിറഞ്ഞുകവിയുന്നത്ര വിശ്വാസികളായിരുന്നു അവസാന ജുമുഅയിൽ പങ്കെടുക്കാനുണ്ടായിരുന്നത്. ദൈവപ്രീതി ആഗ്രഹിച്ച് ആരാധനാകർമങ്ങളുമായി മസ്ജിദിൽ ഇഅ്തികാഫ് ഇരിക്കുന്നവരും ഏറെയുണ്ടായിരുന്നു. ജുമുഅയും കഴിഞ്ഞ് ഏറെ നേരം പ്രാർഥനകളിൽ മുഴുകിയ ശേഷമാണ് വിശ്വാസികൾ പള്ളി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.