ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചി-വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ റോ വെസലുകൾ ലാഭത്തിലാണെന്ന് കൊച്ചി നഗരസഭക്ക് കിൻകോയുടെ റിപ്പോർട്ട്. സർവിസ് നഷ്ടത്തിലാണെന്ന് നഗരസഭ അധികൃതർ ആവർത്തിക്കുമ്പോഴാണ് കിൻകോ നൽകിയ കണക്കിൽ 40 മാസം 1.71 കോടി രൂപ ലാഭമുണ്ടായെന്ന് വ്യക്തമാക്കുന്നത്.
സേതു സാഗർ 1, 2 വെസലുകളുടെ 2018 ഏപ്രിൽ 17 മുതൽ 2022 ഡിസംബർ 31 വരെയുള്ള കണക്കാണ് കിൻകോ നഗരസഭക്ക് നൽകിയത്. കണക്ക് നഗരസഭ കൗൺസിലിൽവെച്ചു. 15. 62 കോടി വരവും 13.91 കോടി ചെലവും 1.71 കോടി ലാഭവും എന്നാണ് കിൻകോയുടെ കണക്ക്.
കരാർ പ്രകാരം ലാഭവിഹിതത്തിൽ 50 ശതമാനം നഗരസഭക്കും 50 ശതമാനം കിൻകോക്കുമാണ്. കൗൺസിൽ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കിൻകോ കണക്കുകൾ പുറത്തുവിട്ടത്. അതേസമയം, കരാർ പ്രകാരം കിൻകോയും നഗരസഭയും സംയുക്തമായി ആരംഭിച്ച അക്കൗണ്ടിലാണ് പിരിഞ്ഞുകിട്ടുന്ന തുക നിക്ഷേപിക്കേണ്ടതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇതുവരെ സംയുക്ത അക്കൗണ്ട് ആരംഭിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വരവുചെലവ് കണക്കുകൾ സംബന്ധിച്ച് നഗരസഭക്ക് ബോധ്യമില്ലാത്ത അവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
2018 ലെ ടിക്കറ്റ് നിരക്കാണ് നിലവിലും തുടരുന്നതെന്നും നഗരസഭ ടിക്കറ്റ് നിരക്ക് കൂട്ടണം എന്നുമാണ് കിൻകോയുടെ ആവശ്യം. ഒരുവശത്ത് ലാഭമാണെന്ന് പറയുമ്പോഴാണ് മറുവശത്ത് ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നത്. രണ്ട് സർവിസും കൃത്യമായി നടത്താൻ പല സമയങ്ങളിലും കിൻകോക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ ഒരു റോ റോ മാത്രമാണ് സർവിസ് നടത്തുന്നത്.
ജൂൺ 30ന് നഗരസഭയുടെ തന്നെ ഫോർട്ട് ക്യൂൺ യാത്ര ബോട്ടിന്റെ ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ലൈസൻസ് പുതുക്കുന്നതിനും ഡ്രൈഡോക്കിന്റെ വർക്ക് ചെയ്യുന്നതിനുമായി ആ സർവിസും നിലച്ചു. ഇതിന് 81 ലക്ഷമാണ് കിൻകോ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.