കൊച്ചി: അമിതവേഗവും അശ്രദ്ധയും കാരണം കൊച്ചിയിലെ റോഡുകളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം വർധിക്കുന്നു. നിയമം ലംഘിച്ചും അമിതവേഗത്തിലും വാഹനങ്ങൾ ഓടിക്കുന്നവരാണ് കൂടുതലും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്. ശ്രദ്ധയോടെയും മിതമായ വേഗത്തിലും വാഹനമോടിക്കുന്നവർക്കും ഭീഷണിയാണ് ഇത്തരക്കാർ. റോഡപകടങ്ങളിൽ ജീവൻ പൊലിയുകയും മാരകമായി പരിക്കേൽക്കുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. സ്വകാര്യ ബസുകളും ട്രക്കുകളും ഇരുചക്ര വാഹനങ്ങളുമാണ് അപകടങ്ങൾ ഉണ്ടാക്കുന്നവയിൽ മുൻനിരയിൽ.
അപകടങ്ങള്‍ പെരുകുമ്പോഴും ട്രാഫിക് അധികൃതരുടെ പരിശോധന കാര്യമായി നടക്കുന്നില്ല. ഹെൽമറ്റ് പരിശോധനക്കപ്പുറം കാര്യമായ ബോധവത്കരണമൊന്നും നടക്കുന്നില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പേരിന് പരിശോധന നടത്തി നടപടി അവസാനിപ്പിക്കും.
വലിയ കുറ്റകൃത്യങ്ങൾ ഉണ്ടായാൽ പ്രതികളെ കണ്ടുപിടിക്കാൻ മാത്രമാണ് നിലവിൽ കാമറ ദൃശ്യങ്ങൾ ഉപയോഗിക്കുന്നത്. നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനോ, പിഴ ഈടാക്കാനോ തയാറാകുന്നില്ല.
പൊലിയുന്ന ജീവനുകൾ
നഗരത്തിലുണ്ടാകുന്ന റോഡ് അപകടങ്ങളിൽ ഭൂരിഭാഗവും റോഡ് നിയമങ്ങൾ പാലിക്കാത്തതു കൊണ്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വണ്‍വേ തെറ്റിച്ച് വാഹനമോടിക്കുന്നതടക്കം ഗുരുതര നിയമലംഘനങ്ങൾ റോഡിൽ പതിവാണ്. നേരം ഇരുട്ടിയാൽ എം.ജി റോഡിലടക്കം ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ കാണാനാകും. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. സമയക്രമം പാലിക്കാനും കൂടുതൽ കലക്ഷൻ കിട്ടാനുമാണ് അമിത വേഗതയെടുക്കുന്നതെന്നാണ് ബസ് ജീവനക്കാർ വിശദീകരിക്കുന്നത്.
ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണം ശ്രദ്ധ
നിയമങ്ങൾ അറിയാമെങ്കിലും അവ പാലിക്കാൻ യാത്രക്കാരും ഡ്രൈവർമാരും പലപ്പോഴും തയാറാകുന്നില്ല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നതാണ് ഏറ്റവും വലിയ അപകടത്തിനിടയാക്കുന്നത്. ഇതിന് പുറമെ പലർക്കും ഹെൽമറ്റിനോടും സീറ്റ് ബെൽറ്റിനോടും താൽപര്യമില്ല. മൊബൈൽ ഫോണിൽ സംസാരിച്ച് ഡ്രൈവിങ് ചെയ്യുന്നതും അപകടം വിളിച്ചുവരുത്തുന്നുണ്ട്. റോഡ് മുറിച്ചുനടക്കുന്നവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.