മലയാറ്റൂർ: 1,22,000 രൂപ ചെലവഴിച്ച് മലയാറ്റൂരില്‍ നിർമിച്ച ആധുനിക ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം കാണാൻ തിരക്ക്. വാർഡ് മെംബറായ സേവ്യാർ വടക്കുഞ്ചേരിയുടെ നേതൃത്വത്തിലാണ് മലയാറ്റൂർ പള്ളിക്ക് സമീപം പോസ്റ്റ് ഓഫിസ് ജങ്ഷനിൽ സർക്കാർ ഫണ്ട് ഉപയോഗിക്കാതെ ജനകീയമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.
പൊതുജനങ്ങളിൽനിന്നാണ് പണം സ്വരൂപിച്ചത്. നിർമാണച്ചെലവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 500 മുതൽ 5000 രൂപ വരെ സംഭാവന നൽകിയവരുടെ പേരും നൽകിയ തുകയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുള്ള ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പണം നൽകിയവർക്കും ഇതിന്റെ കോപ്പി വീടുകളിൽ എത്തിച്ചുനൽകി.
ആവശ്യം കഴിഞ്ഞ് വരുന്ന മരുന്നുകൾ നിക്ഷേപിക്കാനുള്ള ബോക്സും സ്ഥാപിച്ചിട്ടുണ്ട്. അതിൽനിന്നും ലഭിക്കുന്ന മരുന്നുകൾ പരിസരങ്ങളിലെ അഗതി മന്ദിരങ്ങളിൽ നൽകും. സമീപത്തെ പൊലീസ് സ്റ്റേഷനുകൾ, ആംബുലൻസ്, ഉദ്യോഗസ്ഥർ, വർക്ഷോപ്, വാഹനങ്ങളുടെ പഞ്ചർ ഒട്ടിക്കുന്നവർ, ഓട്ടോ ഡ്രൈവമാർ എന്നിവരുടെ ഫോൺ നമ്പറും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്. മൊബൈൽ റീചാർജ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വൈഫെ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ടൈൽ വിരിച്ചും ചെടിച്ചട്ടികൾ വെച്ചും മനോഹരമാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.