ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ, ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാസേന തുടങ്ങിയവയുമായി ചേർന്ന് എറണാകുളത്ത് നടത്തിയ റെയിൽവേ സുരക്ഷാ മോക് ഡ്രില്ലിൽ
കൊച്ചി: വെള്ളിയാഴ്ച രാവിലെ 8.45 ഓടെ എറണാകുളം മാർഷലിങ് യാർഡിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ പാളംതെറ്റി മറിഞ്ഞ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. സംഭവം കണ്ട് തടിച്ചുകൂടിയ ആളുകൾ ഉടനെ റെയിൽവേ, എൻ.ഡി.ആർ.എഫ്, അഗ്നി രക്ഷാസേന, ആംബുലൻസ് സർവിസ് എന്നിവരെ ബന്ധപ്പെട്ടു.
ഉടനെ സ്ഥലത്തെത്തിയ സംഘം നിമിഷ നേരം കൊണ്ട് തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി. എല്ലാം കഴിഞ്ഞപ്പോഴാണ് സംഭവം ദക്ഷിണ റെയിൽവേയുടെ മോക്ക് ഡ്രില്ലിന്റെ ഭാഗമാണെന്ന് എല്ലാവരും അറിയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിലെ സന്നദ്ധതയുടെയും വിവിധ ഏജൻസികൾ തമ്മിലെ ഏകോപനത്തിന്റെയും ശ്രദ്ധേയമായ പ്രകടനമായി മോക്ക് ഡ്രിൽ മാറി.
ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ, ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), ജില്ല അഗ്നിരക്ഷാസേന, എസ്.ഡി.എം.എ, ആരോഗ്യ സർവിസുകൾ, തുടങ്ങിയവരുമായി ചേർന്നാണ് മോക്ക് ഡ്രിൽ നടത്തിയത്. പരിശീലനത്തിന്റെ ഭാഗമായി, എറണാകുളം മാർഷലിങ് യാർഡിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ പാളം തെറ്റി മറിഞ്ഞതിന്റെ ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.
രാവിലെ 8.44ന് അപകട മുന്നറിയിപ്പ് ലഭിച്ചതോടെ റെയിൽവേ അടിയന്തര സംഘങ്ങളും മറ്റു രക്ഷാ സംഘങ്ങളും അവരുടെ പ്രതികരണ സംവിധാനങ്ങൾ വേഗം സജീവമാക്കി. എൻ.ഡി.ആർ.എഫ്, റെയിൽവേ ആരോഗ്യ സംഘം, അഗ്നിരക്ഷാസേന, സെന്റ് ജോൺ ആംബുലൻസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്), റെയിൽവേയുടെ വിവിധ വകുപ്പുകൾ, ഗവ. റെയിൽവേ പൊലീസ് (ജി.ആർ.പി) തുടങ്ങിയവർ സംഭവസ്ഥലത്തേക്ക് എത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സിവിൽ ഡിഫൻസ്, ആംബുലൻസ് സംഘങ്ങൾ എന്നിവരും ഡ്രിലിന്റെ ഭാഗമായി.
റെയിൽവേ മെഡിക്കൽ, കൊമേഴ്സ്യൽ, മെക്കാനിക്കൽ ടീമുകളും എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷ സംഘങ്ങൾ ചേർന്ന് പാളം തെറ്റിയ കോച്ചുകളിൽനിന്ന് ‘പരിക്കേറ്റ’യാത്രക്കാരെ ഉടനടി പുറത്തെടുത്തു. സമീപം സ്ഥാപിച്ചിരുന്ന താൽക്കാലിക ആശുപത്രിയിൽ റെയിൽവേ ആരോഗ്യ സംഘം വൈദ്യസഹായം ലഭ്യമാക്കി.
എറണാകുളം ജനറൽ ആശുപത്രിയും നിർണായക പങ്ക് വഹിച്ചു. വിജയകരമായി ആളുകളെ ഒഴിപ്പിച്ച് പാളം തെറ്റിയ കോച്ചുകൾ വീണ്ടും റെയിൽ ചെയ്യുന്നതിന്നുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 140 ടൺ ഭാരമുള്ള ക്രെയിൻ (ശക്തൻ), മെഡിക്കൽ റിലീഫ് വാൻ, എൻജിനീയറിങ്, സിഗ്നൽ, ട്രാക്ഷൻ ഉപകരണങ്ങൾ എന്നിവയുള്ള ആക്സിഡന്റ് റിലീഫ് ട്രെയിൻ (എ.എർ.ടി) പോലുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് കോച്ചുകൾ വീണ്ടും റെയിൽ ചെയ്തത്.
ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് സേഫ്റ്റി ഓഫിസർ ഗണേഷ്, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ, തിരുവനന്തപുരം ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫിസർ കെ. വിജയകുമാർ, ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നും തിരുവനന്തപുരം ഡിവിഷനിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ മോക്ക് ഡ്രില്ലിൻ നേതൃത്വം കൊടുത്തു. വിവിധ ഏജൻസികളിൽ നിന്നുമായി ഏകദേശം 400 പേർ മോക്ക് ഡ്രില്ലിൽ പങ്കെടുത്തു. പങ്കെടുത്ത വിവിധ ഏജൻസികൾക്കും ജനങ്ങൾക്കും റെയിൽവേ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.