തുറവൂർ : ചെമ്മീൻപീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യസംസ്കരണ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ നേരിൽകണ്ട് പഠിക്കാനും അവരുടെ തൊഴിൽ-ജീവിത- സാമ്പത്തിക- ആരോഗ്യനിലവാരം എന്നിവ മെച്ചപ്പെടുത്താൻ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ പ്രത്യേകസമിതിയെ നിയോഗിച്ചു.
ലേബർ കമീഷണർ, ഇ.എസ്.ഐ ഡയറക്ടർ, ഫിഷറീസ് ഡയറക്ടർ, തൊഴിലാളി സംഘടനകളിലെ ഓരോ പ്രതിനിധികൾ എന്നിവർ അംഗങ്ങളായി നിയമിക്കുന്ന സമിതി മൂന്ന് മാസം മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സമിതിയുടെ റിപ്പോർട്ട് ലഭ്യമാകുന്നതനുസരിച്ച് തുടർനടപടിയെടുക്കും. വിവിധസംഘടനകളെ പ്രതിനിധീകരിച്ച് രാജുമോൻ (സി.ഐ.ടി.യു), കെ.പി. ശശികുമാർ (ഐ.എൻ.ടി.യു.സി), ജോയ്സി കമ്പക്കാരൻ (എ.ഐ.ടി.യു.സി), രാജശേഖരൻ (ബി.എം.എസ്) എന്നിവരെ സമിതിയിൽ അംഗങ്ങളാക്കിയിട്ടുണ്ട്.
2024 സെപ്റ്റംബർ 10ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി മുമ്പാകെ നിയമസഭയിൽ എച്ച്.സലാം എം.എൽ.എ സംസ്ഥാന ചെമ്മീൻ പീലിങ് മേഖലയിൽ തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികൾക്ക് അർഹതപ്പെട്ട മിനിമം വേതവും മെച്ചപ്പെട്ട വേതനവും ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ അവതരിപ്പിച്ചിരുന്നു.
സർക്കാർ നൽകിയ മറുപടിയിൽ ചെമ്മീൻ പീലിങ് അടക്കം സംസ്ഥാനത്ത് മത്സ്യ സംസ്കരണമേഖലയിലെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കാനും അവരുടെ തൊഴിൽ,ജീവിത,സാമ്പത്തിക, ആരോഗ്യ നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും സമിതിയെ നിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.