കൊച്ചി: വിദ്യാർഥികളും അധ്യാപകരും എങ്ങനെ സമൂഹത്തിന് മാതൃകയാകണമെന്ന് തങ്ങളുടെ പ്രവർത്തനത്തിലൂടെ കാണിച്ചുതരികയാണ് എറണാകുളം സെന്റ് തെരേസാസ് കോളജ്. മാലിന്യ സംസ്കരണമടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പോരാട്ടവും വർഷങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തന മികവും ഹരിത കേരളം മിഷന്റെ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റിന് കോളജിനെ അർഹരാക്കിയിരിക്കുകയാണ്. കലാലയത്തിലെ ഹരിത പെരുമാറ്റചട്ടം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നീ മേഖലകളിൽ കോളജ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കേഷൻ തേടി എത്തിയത്.
കാമ്പസിൽ എല്ലാ പരിപാടികളും ഹരിത ചട്ടം പാലിച്ചാണ് നടത്തപ്പെടുന്നത്. ഇതിനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരു ഗ്രീൻ ആർമി തന്നെ രൂപവത്കരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കാൻ കോളജിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക്കടക്കമുള്ള വസ്തുക്കൾ പ്ലാനറ്റ് എർത്ത് എന്ന എൻ.ജി.ഒ വഴി കൈമാറ്റം ചെയ്യും.
ഇവർ ഇത് ശേഖരിച്ച് പണത്തിന് പകരം എ ഫോർ പേപ്പറുകൾ നൽകും. ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കാരി ബാഗുകൾ പ്രകൃതിക്ക് വരുത്തുന്ന ദോഷം വലുതായതിനാൽ ഒരു ബദൽ സംവിധാനം എന്ന നിലയിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭൂ മിത്രം സഞ്ചി എന്ന പേരിൽ തുണി സഞ്ചികൾ നിർമിക്കുന്നുണ്ട്. തുണി സഞ്ചികളുടെ നിർമാണശൈലി പരിചയപ്പെടുത്തുന്ന വിഡിയോകൾ കുട്ടികൾ നിർമിക്കുകയും അത് ശുചിത്വ മിഷൻ വെബ് സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾക്ക് കാമ്പസിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോളജിലെ പ്രവർത്തനങ്ങൾ അംഗൻവാടികൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്കും എത്തിക്കുന്ന പരിപാടികൾ ആവിഷ്കരിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലടക്കം ഈ പദ്ധതി പരമർശിക്കുകയും ചെയ്തത് നേട്ടമായി. മൂന്ന് വർഷം കുടുമ്പോൾ കോളജിൽ ഗ്രീൻ ഓഡിറ്റിങ്ങും എനർജി ഓഡിറ്റിങ്ങും നടത്തുന്നുണ്ട്. കൊച്ചിയിൽ എയർ പൊല്യൂഷൻ കുടി വരുന്ന സാഹചര്യത്തിൽ ഇത് പരിശോധിക്കാനുള്ള സംവിധാനം കോളജിൽ ഒരുക്കും.
വിദ്യാർഥികളിൽ ജൈവ അവബോധം വളർത്തിയെടുക്കാൻ നടപ്പാക്കുന്ന ഗിവ് എവേ ചലഞ്ച്, ഔഷധ സസ്യങ്ങൾ വളർത്താനും ഉപയോഗിക്കാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്ന എ ഹെർബ് അറ്റ് ഹോം ടു ഹീൽ പദ്ധതികളും കോളജിൽ നടപ്പാക്കി വരുന്നു.നെക്സ്റ്റ് ജനറേഷൻ ലേണിങ് ആൻഡ് സ്കിൽസ് വിഭാഗത്തിൽ യു.എൻ.ഇ.പി അംഗീകരിച്ച 2023 ലെ രാജ്യാന്തര ഗ്രീൻ ഗൗൺ അവാർഡും കോളജിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.