കാക്കനാട്: ഡി.എൽ.എഫ് ഫ്ലാറ്റുകളിലെ താമസക്കാർക്ക് വയറിളക്കവും ഛർദിയും തുടരുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. ഫ്ലാറ്റിലെ താമസക്കാരുമായി ജില്ല ആരോഗ്യ വിഭാഗം നടത്തിയ ചർച്ചയിൽ സ്ഥിതിവിവരങ്ങൾ വിലയിരുത്തുകയും സംശയങ്ങൾ തീർക്കുകയും ചെയ്തു. ഫ്ലാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിലെ ക്ലോറിൻ അളവിന്റെ പരിശോധന ദിവസേന രണ്ടു നേരം തുടരാൻ തീരുമാനിച്ചു. ഇത് ഏകോപിപ്പിക്കാൻ കാക്കനാട് കുടുബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഴ്ച്ച എട്ടു ഫ്ലാറ്റുകളിൽ നിന്ന് പരിശോധിച്ച വെള്ളത്തിൽ ക്ലോറിന്റെ അളവ് തൃപ്തികരമാണെന്ന് കണ്ടെത്തി. എന്നാലും ഫ്ലാറ്റിലെ താമസക്കാർ ഇതുവരെ വെള്ളം കുടിക്കാൻ തയ്യാറായിട്ടില്ല. ആശാവർക്കർമാരുടെ സർവേയിൽ വെള്ളിയാഴ്ച്ച വരെ 495 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
സർവേ തിങ്കളാഴ്ച്ച പൂർത്തിയായേക്കും. മൂന്നു പേർക്കു കൂടി പുതുതായി രോഗലക്ഷണം കണ്ടെത്തി. ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള സാമ്പിളുകൾ പരിശോധിച്ചു. ടാങ്കർ ലോറികൾ കൊണ്ടുവരുന്ന വെള്ളം മാത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്.
ജല വിതരണത്തിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതും നിയന്ത്രിക്കേണ്ടതും തദ്ദേശ, ആരോഗ്യ വകുപ്പുകളാണ്. കുടിവെള്ള വിതരണം നടത്തുന്ന ടാങ്കറുകളുടെ ഉള്‍വശം തുരുമ്പെടുക്കാതിരിക്കാന്‍ പെയിന്റടിക്കണമെന്നതാണ് മാനദണ്ഡങ്ങളിലൊന്ന്.
ടാങ്കറിന് പുറത്ത് മൂന്നു വശങ്ങളിലും മഞ്ഞ പശ്ചാത്തലത്തില്‍ കറുത്ത അക്ഷരത്തില്‍ കുടിവെള്ളം എന്ന് രേഖപ്പെടുത്തിയിരിക്കണം. ഈ രണ്ട് മാനദണ്ഡങ്ങളും മിക്ക ടാങ്കറുകളും പാലിക്കുന്നുണ്ട്. എന്നാല്‍, ജല ശേഖരണത്തിലും വിതരണത്തിലുമാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറക്കുന്നത്. ആരോഗ്യവിഭാഗം പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തിയ വെള്ളം മാത്രമേ വിതരണം ചെയ്യാവൂവെന്നാണ് ചട്ടം. എന്നാല്‍ പാറമടകളിലും കുളങ്ങളിലും നിന്നുള്ള വെള്ളം പോലും പരിശോധന നടത്താതെ വിതരണം ചെയ്യുന്നുണ്ട്.
ഈ വെള്ളം കിണറുകളില്‍ നിന്ന് ശേഖരിച്ചതാണെന്നു പറഞ്ഞാണ് ചിലരുടെ വില്പന. ഇത് വ്യാപകമായ തോതില്‍ വിതരണം ചെയ്യുന്നതുവഴി രോഗങ്ങള്‍ പടരാനുള്ള സാധ്യതയുമുണ്ട്. ശുദ്ധജലമാണ് വിതരണം ചെയ്യുന്നതെന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കണമെന്ന മാനദണ്ഡം പാലിക്കാനും തട്ടിപ്പ് നടത്തുന്നുണ്ട്. ശുചിത്വമുള്ള കിണറിലെ വെള്ളം ശേഖരിച്ച് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങും. എന്നാല്‍ വിതരണം ചെയ്യുന്നത് സര്‍ട്ടിഫിക്കറ്റ് നേടിയ വെള്ളമായിരിക്കില്ലെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.