അയ്യമ്പുഴ: കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ കാണപ്പെട്ട രണ്ട് കുട്ടിയാനകൾ ഇരട്ടകളാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. അപൂർവമായാണ് പിടിയാനകൾ ഇരട്ടകളെ പ്രസവിക്കുന്നത്. മുതുമലയിലെ വന്യമൃഗ സങ്കേതത്തിലും ശ്രീലങ്കയിലും വർഷങ്ങൾക്ക് മുമ്പ് ആന ഇരട്ടക്കുട്ടികളെ പ്രസവിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വാഴച്ചാൽ വനം ഡിവിഷനിലെ ആനക്കയം വനമേഖലയിൽ ഇരട്ടകളെന്ന് തോന്നുന്ന രണ്ട് ആനക്കുട്ടികളെ കണ്ടെത്തിയിരുന്നു. വൈൽഡ് ഫോട്ടോഗ്രാഫർമാരായ ജിലേഷ് ചന്ദ്രനും ഡിജോ ഡേവിസും അന്ന് ആനക്കുട്ടികളുടെ ചിത്രം കാമറയിൽ പകർത്തിയിരുന്നു.
സമാനമായ രീതിയിലാണ് ഇരട്ടകളെന്ന് തോന്നുന്ന കുട്ടിയാനകൾ കഴിഞ്ഞ ദിവസം ഈ ഫോട്ടോഗ്രാഫർമാരുടെ കാമറയിൽ വീണ്ടും പതിഞ്ഞത്.
ഒരു കുട്ടിയാനയുടെ കൊമ്പിന് അൽപം നീളം കൂടുതലുണ്ടെങ്കിലും ശരീരപ്രകൃതി ഒരേ പോലെയാണെന്നതാണ് ഇരട്ടകൾ എന്ന സംശയത്തിലേക്ക് എത്താൻ കാരണമെന്നും കൂടുതൽ നിരീക്ഷണം നടത്തുമെന്നും ഡോക്ടർമാർ പറയുന്നു. അമ്മയാനക്ക് ഒപ്പം ഒന്നര വയസ്സുള്ള ഇരുവരും ഒരുമിച്ചാണ് എപ്പോഴും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.