കൊച്ചി: 'ഒരു രക്ഷയുമില്ല, മഴ നനഞ്ഞ് ഒരുവഴിക്കായി. എങ്കിലും സ്ഥാനാർഥിക്കൊപ്പം ഓടിയെത്തിയല്ലേ പറ്റൂ' -തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്കൊപ്പം ഓടി നടക്കുന്നവരുടെ വാക്കുകളാണിത്. ഇനിയെത്ര മഴ നനഞ്ഞാലാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാനാകുകയെന്നത് തന്നെ അവരുടെ ചിന്ത. ഇടതും വലതും എൻ.ഡി.എയും എല്ലാം ഒരുപോലെ മഴ നനയുന്നു, പലപ്പോഴും ഒരു കുടപോലും ഇല്ലാതെ.
ഇടതു സ്ഥാനാർഥി ജോ ജോസഫ് കാര്യം ഡോക്ടറാണെങ്കിലും മഴ നനഞ്ഞാൽ പനി പിടിക്കുമെന്ന് കരുതി എങ്ങും കയറിനിൽക്കുന്നില്ല. ''ഓരോ പോയന്റിലും എത്തണം. എല്ലാവരെയും നേരിൽ കാണണം. പ്രവർത്തകരും അനുഭാവികളും നമുക്കായി കാത്തിരിക്കുമ്പോൾ മഴ നനയുമെന്ന് പേടിച്ചിരിക്കാൻ കഴിയില്ലല്ലോ'' -അദ്ദേഹം പറയുന്നു. രാവിലെ എട്ടരയോടെ തൃക്കാക്കര ജഡ്ജിമുക്കിൽ കടകളിലും വീടുകളിലും കയറിയിറങ്ങിയപ്പോൾ മുതൽ ഡോക്ടറെ നനച്ചുകൊണ്ട് മഴയെത്തി. പിന്നീട് കാക്കനാട് കുന്നേപ്പറമ്പിൽ 'നൂർ' എന്ന കുതിരയുടെ പുറത്തും മഴ നനഞ്ഞ് കയറേണ്ടിവന്നു. കുടയുമായി എത്തിയവരെ വിലക്കി നന്നായി മഴ നനഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിനും മഴയെ മാറ്റിനിർത്തി ഒരു പ്രചാരണവുമില്ല. രാവിലെ തമ്മനം പുതിയ റോഡിൽ ഇറങ്ങിയപ്പോൾ മുതൽ മഴ.
പാലാരിവട്ടത്ത് ശശി തരൂർ എം.പി ഓട്ടോ തൊഴിലാളികൾക്ക് ഒപ്പം ഉമയെ കാത്തിരുന്നത് കുടയുംകൊണ്ടാണ്. ഒരു കുടകൊണ്ട് തടുക്കാൻ കഴിയാത്ത മഴയെ നനഞ്ഞുതന്നെ തീർത്തു സ്ഥാനാർഥി. വൈകീട്ട് കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപത്തെ കുടലിമുക്കിൽ എത്തിയപ്പോൾ പെരുമഴയായി. ഒരു കുടന്ന റമ്പുട്ടാനുമായി കാത്തിരുന്നവരിൽനിന്ന് അതും വാങ്ങി മഴ നനഞ്ഞുതന്നെ വോട്ട് ചോദിച്ചു അവർ. പി.ടി. തോമസിന് ഒപ്പം എത്ര വെയിലും മഴയും കൊണ്ട് നടന്നുതീർത്ത വഴികളല്ലേ, ഇതെല്ലാമെന്നാണ് പെരുമഴ പെയ്യുമ്പോഴും ഉമയുടെ മനോഭാവം.
എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി പതാക പതിച്ച കുടയുമായാണ് പെരുമഴയിലെ പ്രചാരണക്കാലം താണ്ടുന്നത്. ബുധനാഴ്ച രാവിലെ പാലച്ചുവടിൽ കുമ്മനം രാജശേഖരന് ഒപ്പം ഇറങ്ങിയപ്പോൾതന്നെ മഴ.
കാവിക്കുടയും തൊപ്പിയുമായി സംഘം നീങ്ങിയതോടെ മഴയത്തും സംഗതി 'കളറായി'. ഇതിനിടെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ ബി.ജെ.പിക്ക് അനുകൂല ഫലത്തിന്റെ വാർത്തകളും എത്തിയപ്പോൾ ആവേശത്തിൽ മഴയൊരു കാര്യവുമല്ലാതായി. '15ാം വയസ്സിൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് വരിക്കേണ്ടിവന്നിട്ടുണ്ട്. ഒരുപാട് മഴയും നനഞ്ഞിട്ടുണ്ട്. പ്രകൃതിയുടെ മാറ്റങ്ങളാണ് ഇതൊക്ക. നനഞ്ഞുതന്നെ തീർക്കണം' -രാധാകൃഷ്ണൻ ഒരുങ്ങിതന്നെയാണ് മഴ നനയുന്നത്. എന്തായാലും തെരഞ്ഞെടുപ്പിൽ കഴുത്തുവരെ നനഞ്ഞു, ഇനി കുളിച്ചുകയറാമെന്നാണ് മൂന്ന് സ്ഥാനാർഥികളുടെയും പക്ഷം.
ഉമ തോമസ്
കാക്കനാട്: മണ്ഡലത്തിലെ പ്രധാന കോളനികളിൽ എത്തി വോട്ടർമാരെ സന്ദർശിക്കാനായിരുന്നു ബുധനാഴ്ച തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് കൂടുതൽ സമയം കണ്ടെത്തിയത്. ശാന്തിപുരം കോളനിയിൽ കണ്ടുമുട്ടിയ ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധാനംചെയ്ത് പ്രവർത്തിക്കുന്ന ക്ലാരയുമായി സംസാരിക്കുകയും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ തിരക്കുകയും ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പിന്നീട് ലേബർ കോളനിയും സന്ദർശിച്ച് വോട്ട് തേടി.
എ.ഐ.ഡബ്ല്യു.സി ഓട്ടോ തൊഴിലാളികൾ സ്ഥാനാർഥിക്ക് നൽകിയ സ്വീകരണത്തിലേക്ക് നിനച്ചിരിക്കാതെ ശശി തരൂർ എം.പി എത്തിയത് പ്രവർത്തകർക്ക് ആവേശമായി.
പിന്നീട് കാക്കനാട് ടി.സി.എൽ സെറാമിക് ലിമിറ്റഡ് സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ചു. സെന്റ് തോമസ് മൗണ്ടിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, ബെന്നി ബഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, കെ.സി. ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ച പ്രധാനമായും ജഡ്ജിമുക്കിൽ നിന്നാണ് ആരംഭിച്ചത്. പൈപ്പ്ലൈൻ ജങ്ഷൻ, കരിമക്കാട് ജങ്ഷൻ, തോപ്പിൽ ജങ്ഷൻ, പോപ്പുലർ ക്യാൻഡിൽസ് ജങ്ഷൻ, മരോട്ടിച്ചോട് ജങ്ഷൻ, ബി.എം നഗർ, മാമ്പിള്ളിപ്പറമ്പ് ജങ്ഷൻ, ദേശീയ കവല, രാജീവ് നഗർ എന്നിവിടങ്ങളിലായിരുന്നു പര്യടനം. വൈകീട്ട് തൃക്കാക്കര വെസ്റ്റ് ഭാഗത്ത് നടന്ന പരിപാടി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. ബെന്നി ബഹനാൻ എം.പി, എൻ. ശംസുദ്ദീൻ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, വി.എസ്. ശിവകുമാർ , യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ജോസഫ് അലക്സ് തുടങ്ങിയവർ പങ്കെടുത്തു.
ജോ ജോസഫ്
കാക്കനാട്: തൃക്കാക്കരക്ക് സമീപം ജഡ്ജിമുക്ക് ഭാഗത്ത് നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പ്രചാരണം ആരംഭിച്ചത്. ജോബ് മൈക്കിള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്ത പര്യടനം ഉച്ചവരെ കുടിലിമുക്ക്, എം.ഇ.സി. എസ്.എന്‍. ജങ്ഷന്, പട്ടന്നാട്ട് പറമ്പ്, തോപ്പില്‍ സ്കൂള്‍ ജങ്ഷന്, ദേശീയകവല, ചാലിപറമ്പ്, രാജീവ് നഗര്‍, ഉള്ളംപിള്ളി മൂല, മൈത്രീപുരം, കുന്നേപ്പറമ്പ്, കെന്നഡിമുക്ക്, തുരുത്തേപ്പറമ്പ്, ബി.എം. നഗര്‍, മരോട്ടിച്ചുവട്, സഹകരണ റോഡ്, മില്ലുംപടിയില്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു.
ഉച്ചക്കുശേഷം ഇന്‍ഫോപാര്‍ക്കിൽ ഐ.ടി. പ്രഫഷനലുകളെ നേരിൽ കണ്ട സ്ഥാനാർഥി തൃക്കാക്കരയുമായി ബന്ധപ്പെട്ട വികസന ആശയങ്ങള്‍ പങ്കുവെക്കുകയും ടെക്കികളുടെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടി നല്‍കുകയും ചെയ്തു. രാജ്യത്തെ പ്രധാന ഐ.ടി. ഹബ്ബുകളിലൊന്നായ ഇൻഫോ പാർക്ക് വികസനവുമായി ബന്ധപ്പെട്ട ആശയങ്ങളും പങ്കുവെച്ചു. ഡോ. തോമസ് ഐസക്, ടി.വി.രാജേഷ്, ഐ.ടി. ജീവനക്കാരുടെ പ്രതിനിധി ആഷിഖ് തുടങ്ങിയവർ സംസാരിച്ചു. പിന്നീട് പാലാരിവട്ടം ദേശാഭിമാനിയില്‍നിന്നും പുനരാരംഭിച്ച പ്രചാരണം കറുകപ്പിള്ളി, വസന്ത നഗര്‍, സിസ്റ്റര്‍ ഗോഡൗണ്‍, അരിയാറ്റി മുക്ക്, സംസ്കാര ജങ്ഷന്, പാലാരിവട്ടം ജങ്ഷന്, കരിമാലിപ്പറമ്പ്, സെന്റ് വിന്‍സെന്റ് ഡിപോള്‍ ജങ്ഷന്, മണിവേലിപ്പറമ്പ്, പള്ളിശ്ശേരി ജങ്ഷന്, അപ്പോളോ എന്നിവിടങ്ങളിൽ പര്യടനം നടത്തി. അതിനിടെ കാക്കനാട് പെരുമഴയത്തും ആവേശം ചോരാതെ കുതിരപ്പുറത്തേറി പര്യടനം നടത്തിയത് കൗതുകമായി. കുന്നേപ്പറമ്പ് സ്വദേശിയായ നൗഫലിന്റെ ഫാമിലെ നൂറ എന്ന കുതിരയുടെ പുറത്തേറിയായിരുന്നു പ്രചാരണം.
മില്ലുംപടി റോഡിലെ പര്യടനത്തില്‍ കുടുംബശ്രീയുടെ 25ാം വാര്‍ഷികാഘോഷത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയോടൊപ്പം പങ്കെടുത്ത സ്ഥാനാർഥി കുടുംബശ്രീ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് വാർഷികം ആഘോഷിച്ചു. പര്യടനത്തിനിടെ സ്വീകരണ പോയന്റുകളിലെല്ലാം പഴവും പച്ചക്കറികളും നൽകിയാണ് പലരും സ്വീകരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികൾ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സമ്മാനിക്കുകയാണെന്ന് സ്ഥാനാർഥി പറഞ്ഞു.
എ.എൻ. രാധാകൃഷ്ണൻ
കൊച്ചി: കോരിച്ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും ചോരാതെയാണ് രാവിലെ പാലച്ചുവട് മേഖലയിലെ ബി.ജെ.പി പ്രവർത്തകർ കുമ്മനം രാജശേഖരനെയും സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണനെയും സ്വീകരിച്ചത്. പ്രത്യേകം തയാറാക്കിയ കുടകളും തൊപ്പികളുമായാണ് മഴയത്തെ പ്രചാരണം. ഇതിനിടെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രവർത്തകർ ഏറെ ആവേശത്തിലായി.
പാലച്ചുവട് മേഖലയിൽ സംസ്ഥാന സമിതി അംഗം കെ.എസ്. ഉദയകുമാർ, മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ്, മണ്ഡലം ട്രഷറർ അനിൽ കുമാർ, ഏരിയ പ്രസിഡന്റ് പ്രജീഷ്, ബീന കുമാരി, ഉഷ മോഹൻ തുടങ്ങിയവരാണ് പര്യടനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് അയ്യനാട് മേഖലയിൽ എത്തി. കാക്കനാട് പടമുകളിലെ ഓർത്തഡോക്സ് സിറിയൻ ചർച്ച് മേധാവി ഫാദർ ജോൺ ജോർജുമായി കൂടിക്കാഴ്ച നടത്തി.
കുഴിക്കാട്ടിൽ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളും രാധാകൃഷ്ണൻ സന്ദർശിച്ചു. അയ്യനാട് ഏരിയ പ്രസിഡന്റ് അഭിലാഷ്, മണലം ജ്യോതിർമയ്, അരുൺ ദേവ്, പ്രമോദ് തൃക്കാക്കര, നിഷ സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് തൃക്കാക്കര, വെണ്ണല മേഖലകളിലായിരുന്നു പര്യടനം. വൈകീട്ട് ഇടപ്പള്ളി, ദേവൻകുളങ്ങര-ഇടപ്പള്ളി മാർക്കറ്റ്, ബി.ടി.എസ് റോഡ് സന്ദർശനം, ചന്ദ്രത്തിൽ റോഡ് എന്നിവിടങ്ങളിലും പര്യടനം നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.