കൊച്ചി: തൃക്കാക്കരയിൽ ട്വന്റി20- ആം ആദ്മി സഖ്യത്തെക്കുറിച്ച പ്രതികരണങ്ങളെ തുടർന്നുള്ള വിവാദങ്ങൾക്ക് ഇനിയും കുറവില്ല. ട്വന്റി20യുടെ വോട്ട് ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാകുന്ന പ്രതികരണങ്ങൾ എൽ.ഡി.എഫും യു.ഡി.എഫും മയപ്പെടുത്താൻ ശ്രമിക്കുമ്പോഴും വാഗ്വാദങ്ങൾ അവസാനിക്കുന്നില്ല.
ട്വന്റി20യും ആം ആദ്മിയും ബൂർഷ്വാസിയുടെ രണ്ടാം മുഖമാണെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവനയാണ് ഒടുവിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. കേരളത്തിൽ ഭരണം പിടിക്കാമെന്ന അവരുടെ സ്വപ്നം നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയം, മതനിരപേക്ഷ ബോധം, ഇടതുപക്ഷ ആഭിമുഖ്യം എന്നിവയൊക്കെ വ്യത്യസ്ഥമാണ്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ഇവിടെ പറഞ്ഞാൽ നടക്കില്ല. ഇന്ത്യ പിടിച്ച ബി.ജെ.പിക്ക് കേരളം പിടിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. കേരളം പിടിക്കണമെന്ന് ജനാധിപത്യ സമൂഹത്തിൽ ആഗ്രഹിക്കാൻ മോദിക്കും കെജ്രിവാളിനും അവകാശമുണ്ട്. പക്ഷേ, അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കാൻ ഇവിടെ കഴിയില്ല. തൃക്കാക്കരയിൽ ആം ആദ്മിയുടെയും ട്വന്റി20യുടെയും വോട്ട് പൂർണമായി എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ തവണ അവർക്ക് എവിടെ നിന്നാണോ വോട്ട് ലഭിച്ചത് അവിടേക്കുതന്നെ ആ വോട്ടുകൾ തിരിച്ചുപോകും. എന്നാൽ, ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല. വിമർശിച്ചതിന്റെ പേരിൽ മാപ്പ് പറയണമെന്ന ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടെ മന്ത്രിക്ക് ജനം മറുപടി നൽകണമെന്ന പ്രസ്താവനയുമായി സാബു എം. ജേക്കബ് രംഗത്തെത്തി. തെറ്റ് ചെയ്തിട്ട് ശരിയാണെന്ന് പറയരുതെന്നും സി.പി.എം മാപ്പ് പറഞ്ഞേ തീരൂ എന്ന നിലപാടൊന്നും തനിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ-റെയിലിനെ പൂർണമായി എതിർക്കുകയല്ല, എന്നാൽ ജനങ്ങളുടെ നെഞ്ചിൽ കുറ്റിയടിച്ചല്ല അത് നടപ്പാക്കേണ്ടത്. തൃക്കാക്കരയിൽ പിന്തുണ ആവശ്യപ്പെട്ട് മൂന്ന് മുന്നണികളും സമീപിച്ചിട്ടുണ്ട്. ആരെ പിന്തുണക്കുമെന്ന് രണ്ട് ദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു. ഇതിനിടെ മന്ത്രിയുടെ പ്രസ്താവനക്ക് വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് രംഗത്തെത്തി. മന്ത്രി പറഞ്ഞത് എ.എ.പി- ട്വന്റി20 സഖ്യത്തെക്കുറിച്ചാണ്. അഴിമതിവിരുദ്ധ നിലപാടുള്ളവർക്ക് ഇടതുപക്ഷത്തിന് വോട്ട് ചെയ്യേണ്ടിവരും. സഖ്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.