കൊച്ചി: നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ജില്ലയിൽ ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിൽ. ഇതോടെ റോഡുകൾ കുരുതിക്കളമാകുന്നു. സ്കൂൾ സമയം, വേഗ നിയന്ത്രണം, ലോഡിന് അനുവദനീയമായ ഭാരം തുടങ്ങിയവയൊന്നും പാലിക്കപ്പെടുന്നില്ല. തിങ്കളാഴ്ച ചേരാനല്ലൂരിൽ രണ്ടുപേരുടെ മരണത്തിനും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിന് കാരണമായത് ടിപ്പർ ലോറിയുടെ അമിതവേഗമാണ്. മൂന്ന് ഇരുചക്ര വാഹനങ്ങളെയാണ് പിന്നിൽനിന്ന് പാഞ്ഞെത്തിയ ടിപ്പർ ഇടിച്ച് തെറിപ്പിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് ഓടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്. നിസ്സാര കാര്യങ്ങൾക്കുപോലും സാധാരണക്കാരായ ഇരുചക്ര വാഹനയാത്രികരെയും മറ്റും പിടികൂടുന്ന പൊലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും റോഡുകളിൽ ജീവനെടുക്കുംവിധം ടിപ്പറുകൾ പായുന്നത് കണ്ടിട്ടും നടപടിക്ക് മുതിരുന്നില്ല. ക്വാറി ലോബിയുടെ വണ്ടികൾ തൊടാൻ ഭയപ്പെടുകയാണെന്നാണ് ആക്ഷേപം.
രാവിലെയും വൈകുന്നേരങ്ങളിലും നൂറുകണക്കിന് വിദ്യാർഥികളാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്. കുറെ നാളുകളായി വലിയ ലോറികൾ ചീറിപ്പായുന്നതു കാരണം വിദ്യാർഥികൾക്ക് റോഡിലേക്ക് ഇറങ്ങാൻ ഭയമാണ്. രാവിലെ എട്ടു മുതൽ 11 വരെയും വൈകീട്ട് നാലു മുതൽ ആറു വരെയുമാണ് നിയന്ത്രണമെങ്കിലും ഇത് ഉറപ്പാക്കാൻ പൊലീസ്, മോേട്ടാർ വാഹനവകുപ്പ് അധികൃതർ താൽപര്യം കാട്ടുന്നില്ലെന്നാണ് പരാതി. ഒട്ടേറെ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് ടിപ്പർ ലോറികളുടെ ഓട്ടം ഈ സമയങ്ങളിൽ ഒഴിവാക്കാൻ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്.
ഒരു ട്രിപ്പിന് ഇത്ര രൂപയെന്നാണ് ടിപ്പറുകളുടെ കൂലി. കൂടുതൽ ട്രിപ്പ് ഓടിയാൽ കൂടുതൽ പണം ലഭിക്കുമെന്നതാണ് ഡ്രൈവർമാരെ അമിതവേഗത്തിന് പ്രേരിപ്പിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപ്പായുന്ന ലോറികളാണ് പലപ്പോഴും അപകടം സൃഷ്ടിക്കുന്നത്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണി. അനധികൃത ക്വാറികളിൽ നിന്നടക്കം ഒരു നിയമവും പാലിക്കാതെ നിറയെ ഭാരം കയറ്റി മത്സരയോട്ടം നടത്തുന്ന ടിപ്പർ ഉൾപ്പെടെയുള്ള ലോറികൾക്കെതിരെ ഒരു പരിശോധനയും ഉണ്ടാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു.നിറയെ കരിങ്കല്ലുകളും മണ്ണും നിറച്ച് അതിവേഗം പായുമ്പോൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.