കാക്കനാട്: തൃക്കാക്കര നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾക്ക് പകരം മറ്റു മാലിന്യങ്ങൾ നിറയുന്നു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ബസ് സ്റ്റോപ്പിന് സമീപം ബോട്ടിൽ ബൂത്തിലാണ് മാലിന്യ കാഴ്ച. ബസ് കാത്തിരിക്കുന്നവർ മൂക്കുപൊത്തി ഇരിക്കേണ്ട അവസ്ഥയാണ്.
ജലാശയങ്ങളിലും കാനകളിലും തടസ്സങ്ങളുണ്ടാക്കാൻ കാരണമാകുന്ന കാലിയായ പ്ലാസ്റ്റിക് കുപ്പികള്‍ തള്ളാൻ കുപ്പി മാതൃകയില്‍ ഇരുമ്പില്‍ നിര്‍മിച്ച ബൂത്തുകളിലാണ് നാട്ടിലെ സകല മാലിന്യവും കൊണ്ട് നിറച്ചിരിക്കുന്നത്. വീട്ടിലെ ഭക്ഷ്യമാലിന്യം ഉള്‍പ്പെടെ പ്ലാസ്റ്റിക് കവറില്‍ കെട്ടി ഇതിൽ തള്ളിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് ജില്ല ശുചിത്വ മിഷന്റെ സഹകരണത്തോടെ തൃക്കാക്കര നഗരസഭ ഉപയോഗശേഷം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്.
പാര്‍ക്കുകള്‍, പ്രധാനപ്പെട്ട ജങ്ഷനുകള്‍, വാഹനങ്ങള്‍ കൂടുതല്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍ തുടങ്ങി 86 ഇടങ്ങളിലാണ് ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. ഒരെണ്ണത്തിന് 16,500 രൂപയാണ് ചെലവ്. ഇതില്‍ കുപ്പികള്‍ നിറയുമ്പോള്‍ ശുചീകരണ തൊഴിലാളികളെത്തി ശേഖരിച്ച് മാലിന്യ സംസ്കരണത്തിന് കൈമാറാനാണ് പദ്ധതിയിട്ടത്. തുടക്കത്തില്‍ നല്ല രീതിയില്‍ ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ റോഡില്‍ ഇടാതെ പലരും ബൂത്തിലിട്ടിരുന്നു. എന്നാല്‍, പിന്നീട് കണ്ടത് പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് പകരം പ്ലാസ്റ്റിക് കവറുകളും ഭക്ഷണമാലിന്യവും ഉള്‍പ്പെടെ തള്ളുന്ന കാഴ്ചയാണ്.
കുപ്പികള്‍ നിറയുന്നത് കാത്തിരുന്ന നഗരസഭ അധികൃതര്‍ മറ്റ് മാലിന്യം നിറച്ച ബൂത്തുകളാണ് പല വാര്‍ഡുകളിലും കാണുന്നത്. സാമൂഹിക വിരുദ്ധരുടെ ഈ തള്ളല്‍ കാരണം ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചിരിക്കുന്നതിനടുത്ത് താമസിക്കുന്നവരാണ് മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം കാരണം ദുരിതത്തിലായിരിക്കുന്നത്. നിരവധി കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വൃത്തിയുള്ള നല്ല പ്രദേശങ്ങളിലാണ് ഈ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഇപ്പോള്‍ അവിടെയും മാലിന്യം വീണു ചിഞ്ഞ് നാറുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.