വൈപ്പിൻ : ഫോർട്ട്കൊച്ചി-വൈപ്പിൻ റൂട്ടിൽ രണ്ട് റോ റോ സർവിസുകളിൽ സേതുസാഗർ -2 സ്റ്റാർട്ടർ തകരാറിനെ തുടർന്ന് സർവിസ് നിർത്തി. സ്റ്റിയറിങ് തകരാറിനെ തുടർന്ന് ഒരു മാസത്തിലധികം സർവിസ് നിർത്തിവച്ച ശേഷം കഴിഞ്ഞയാഴ്ചയായിരുന്നു പുനഃരാരംഭിച്ചത്. എന്നാൽ തിങ്കളാഴ്ച മുതൽ സ്റ്റാർട്ടർ തകരാറായതിനെ തുടർന്ന് വീണ്ടും സർവിസ് നിർത്തി. സേതുസാഗർ - 1 മാത്രമാണ് ഇപ്പോൾ സർവിസിനുള്ളൂ.
അടിക്കടി റോ റോ സർവിസുകൾ തകരാറിലാകുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. രണ്ടു റോ റോയും പ്രവർത്തിക്കുന്നുണ്ടെന്ന് കരുതി നിരവധി യാത്രക്കാരാണ് ഇവിടേക്ക് എത്തുന്നത്. രാവിലെയും വൈകുന്നേരവും മറുകരപറ്റാന്‍ വാഹനങ്ങളും യാത്രക്കാരും ജെട്ടികളില്‍ മണിക്കൂറുകളോളമാണ് കാത്തു കിടക്കുന്നത്. ഈ റൂട്ടിൽ റോ റോ ജങ്കാറുകൾ തകരാറിലാകുന്നത് ഇപ്പോൾ പതിവാണെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ ചൂണ്ടിക്കാട്ടി. രണ്ടു റോ റോയും പ്രവർത്തിച്ചാൽ മാത്രമേ ഇരു കരകളിലേക്കുമുള്ള ഗതാഗത സൗകര്യം സുഗമമാകൂ. ഒരു ജങ്കാർ തകരാറിലായാൽ ബദലായി സർവിസിനിറക്കാൻ മൂന്നാമത് ഒരു ജങ്കാർ കൂടി ഇവിടെ ആവശ്യമാണ്. റോ റോ ആരംഭിച്ച അന്ന് മുതലുള്ള ആവശ്യമാണിത്. യാത്രക്കാരുടെ മുറവിളിക്കൊടുവിൽ സി.എസ്.എം.എൽ മൂന്നാമത്തെ റോ റോ ക്കായി 14.9 കോടി അനുവദിച്ചിരുന്നു. കൊച്ചി കോർപ്പറേഷന് അഞ്ചുകോടി രൂപ കൈമാറിയിട്ട് മാസങ്ങൾ പിന്നിട്ടു. ബാക്കി തുക കോർപ്പറേഷൻ ആവശ്യപ്പെടുമ്പോൾ നൽകാമെന്ന് സി.എസ്.എം.എൽ ഉറപ്പും നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന്റെ പേരിൽ കോർപ്പറേഷനും, കൊച്ചിൻ ഷിപ് യാർഡും, സി.എസ്.എം.എല്ലും തമ്മിൽ ഒരു ത്രികക്ഷി കരാർ ഒപ്പുവക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജങ്കാർ നിർമാണത്തിനുള്ള കരാർ നൽകാതെ ഇനിയും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ജനകീയ കൂട്ടായ്മ ചെയർമാൻ മജ്നു കോമത്ത്, കൺവീനർ ജോണി വൈപ്പിൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.