ചീനവലകൾ നിറഞ്ഞ കായലുകൾ -വിനോദ സഞ്ചാരികളുടെ മനസ്സിന്
എന്നും കുളിർമ നൽകിയ മനോഹര കാഴ്ച. കൊച്ചിയെ ലോകത്തിന് മുന്നിൽ
അടയാളപ്പെടുത്തുന്ന ഈ സൗന്ദര്യം അന്യംനിന്നുപോകുകയാണോ?.
ഫോർട്ട്കൊച്ചിയിലെ ചീനവലകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തവിധം
കടുത്ത പ്രതിസന്ധിയിലാണ്. മത്സ്യലഭ്യതക്കുറവും തീരശോഷണവും
ഉണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. പുതുതലമുറക്ക് ചീനവലകൾ
പഴങ്കഥയായി മാറാതിരിക്കാൻ സർക്കാറിന്റെ ഫലപ്രദമായ ഇടപെടലാണ്
ആവശ്യം. ഇതേക്കുറിച്ച് 'മാധ്യമം' അന്വേഷിക്കുന്നു.
അമേരിക്കൻ നെറ്റ്, ഗേറ്റ് നെറ്റ്, ബാങ്ക് നെറ്റ്, ക്ലബ് നെറ്റ്, കോഡർ നെറ്റ്, സൊസൈറ്റി നെറ്റ്... ഇന്റർനെറ്റ് യുഗത്തിൽ അധികമൊന്നും കേട്ടിട്ടില്ലെങ്കിലും ഒരുകാലത്ത് ഈ പേരുകൾ കേൾക്കാത്തവർ കൊച്ചിയിലുണ്ടായിരുന്നില്ല. കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകളുടെ പേരുകളാണിവ. 21 ചീനവലകൾകൊണ്ട് മനോഹരമായിരുന്ന ഫോർട്ട്കൊച്ചി തീരത്ത് ഓരോ വലകളും തിരിച്ചറിയാനാണ് ഇങ്ങനെ പേരുകൾ നൽകിയത്. പക്ഷേ, ഈ പേരുകൾ ഉണ്ടായിരുന്ന ചീനവലകൾ പലതും ഇന്ന് നാമാവശേഷമായി. അവശേഷിക്കുന്നത് ആറ് ചീനവല മാത്രം. അവയാകട്ടെ ജീർണാവസ്ഥയിലും.
ചീനവലകൾ സംരക്ഷിക്കാൻ പദ്ധതികൾ പലതും ആസൂത്രണം ചെയ്തെങ്കിലും ഒന്നും ഫലവത്തായില്ല. വർഷങ്ങൾക്ക് മുമ്പ് ടൂറിസം വകുപ്പ് 1.57 കോടി രൂപ ആദ്യഘട്ടത്തിൽ ചീനവലകൾ നവീകരിക്കാൻ അനുവദിച്ച് കിറ്റ്കോയെ ചുമതലപ്പെടുത്തി 75 ലക്ഷം രൂപ കൈമാറിയെങ്കിലും അത് ചില പ്രാരംഭ പ്രവർത്തനങ്ങളിൽ അവസാനിച്ചു. പിന്നീട് ചൈനീസ് അംബാസഡർ കൊച്ചി സന്ദർശിച്ചപ്പോൾ ചീനവലകളുടെ നവീകരണം വീണ്ടും ചർച്ചയായി. ഒന്നരക്കോടി രൂപയുടെ പദ്ധതികളെന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ വാഗ്ദാനം പ്രഖ്യാപനത്തിലൊതുങ്ങി. തേക്കിൽ തടി അന്വേഷിക്കലും വനം വകുപ്പിൽനിന്ന് മരം മുറിക്കാനായി മാർക്കിടലും ഉൾപ്പെടെ നടന്നെങ്കിലും മുന്നോട്ടുപോയില്ല.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴും ചീനവല നവീകരണ ചർച്ചകൾ ഉയർന്നു. ചീനവലകൾ നാട്ടാനുള്ള മൂത്ത തെങ്ങിൻ തടികളും നീളമുള്ള തേക്കുകളും കണ്ടെത്തി പരിപാടികൾ ദ്രുതഗതിയിൽ നീങ്ങിയെങ്കിലും തുടക്കത്തിലെ ആവേശം പിന്നെ ഉണ്ടായില്ല. വെട്ടിക്കൊണ്ടുവന്ന വൻ മരങ്ങൾ ചീനവലകൾക്ക് സമീപം കിടന്ന് മഴയും വെയിലുമേറ്റ് ജീർണിച്ചു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റയുടൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചീനവലകളെക്കുറിച്ച് വാചാലനായപ്പോൾ നാട്ടുകാർ വീണ്ടും പ്രതീക്ഷയർപ്പിച്ചു. വർഷം ഒന്ന് കഴിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല. മൂന്ന് ചീനവല ഇല്ലാതാവുകയും ചെയ്തു.
ചീനവലകളുടെ നിലനിൽപിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് വീണ്ടും നിവേദനം നൽകിയതായി കൊച്ചിൻ ചൈനീസ് നെറ്റ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. പൗരാണിക സൗന്ദര്യം പേറുന്ന കൊച്ചിയിലെ ചീനവലകൾ ചലിക്കുന്ന ചരിത്ര സ്മാരകങ്ങളായാണ് അറിയപ്പെടുന്നത്. കേരളത്തിൽ ഇത്രയേറെ ചിത്രീകരിക്കപ്പെട്ട ചരിത്ര സ്മാരകങ്ങൾ വേറെ ഇല്ല. കൊച്ചിയിലെ പൈതൃക കാഴ്ചകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകവും ചീനവലകൾ തന്നെ. എന്നാൽ, ഇവ സംരക്ഷിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്നതാണ് ഖേദകരം. ചീനവലകളുടെ പേരിൽ ഫണ്ടുകളുണ്ടാക്കി അവയെ കറവപ്പശുക്കളാക്കി മാറ്റുകയാണ് അധികൃതർ.
ചൈനക്കാർക്കുപോലും അത്ഭുതം
ചീനവലകൾ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത്ര വലുപ്പമുള്ള വലകൾ ഇപ്പോൾ ചൈനയിലുമില്ല. ചൈനക്കാർക്കുപോലും അത്ഭുതമാണ് കൊച്ചിയിലെ ചീനവലകൾ. എട്ടുവർഷം മുമ്പ് കൊച്ചി സന്ദർശിച്ച ചൈനീസ് അംബാസഡർ ചീനവല കണ്ട് അത്ഭുതപ്പെട്ടിരുന്നു. വലകൾ സംരക്ഷിക്കാൻ രണ്ടുകോടി രൂപയോളം അദ്ദേഹം വാഗ്ദാനവും ചെയ്തിരുന്നു. പക്ഷേ, നാണക്കേട് കണക്കിലെടുത്ത് സർക്കാർ അന്ന് സ്നേഹത്തോടെ പണം നിരസിച്ചു. പോർചുഗീസുകാരുടെ കടന്നുവരവിന് മുമ്പ് 1350നും 1450നുമിടയിൽ ചൈനക്കാരാണ് ചീനവലകൾ സ്ഥാപിച്ചതെന്നാണ് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ മക്കോയിൽനിന്ന് കൊണ്ടുവന്നതാണെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.