പുതുതലമുറ കൃഷിയിൽനിന്ന് അകലുന്നു എന്ന് പറയുമ്പോഴും അറിവും അധ്വാനവുംകൊണ്ട് മണ്ണിനെ പൊന്നാക്കി വിജയത്തിന്റെ വിളവ് കൊയ്യുന്നവർ നമുക്കിടയിലുണ്ട്. പച്ചക്കറിയിലും ക്ഷീരമേഖലയിലും പുഷ്പകൃഷിയിലും നെൽകൃഷിയിലുമടക്കം ഒറ്റക്കും കൂട്ടായും ഇവർ കാഴ്ചവെക്കുന്ന നേട്ടങ്ങൾ മാതൃകാപരവും ഒപ്പം പ്രതീക്ഷ നൽകുന്നതുമാണ്. അത്തരത്തിൽ വേറിട്ട വിജയം നേടിയവരെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിലൂടെ...
ആലുവ: കുട്ടമശ്ശേരിയുടെ നെല്ലറകളിൽ വീണ്ടും കൃഷിയുടെ ആരവം. പ്രദേശത്തിന്റെ നെല്ലറകളായിരുന്ന കുണ്ടോപ്പാടം, തണങ്ങാട്, തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളിലാണ് വീണ്ടും നെൽചെടികൾ നിറയുന്നത്. കൃഷിക്കായി പാടശേഖരങ്ങളിൽ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു.
പലയിടങ്ങളിലും തരിശ് കിടന്ന ഏക്കർ കണക്കിന് പാടങ്ങളിൽ നെൽകൃഷി തിരിച്ചെത്തുകയാണ്. 20 ഏക്കറിലധികം വരുന്ന കുണ്ടോപാടം 2016 വരെ കാടുപിടിച്ച് കിടക്കുകയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് അംഗം വി.വി. മന്മഥന്റെ നേതൃത്വത്തിൽ പത്ത് അംഗങ്ങളുള്ള പാടശേഖര സമിതി രൂപവത്കരിച്ച് നെൽകൃഷി പുനരാരംഭിച്ചു. ചില വർഷങ്ങളിൽ വെള്ളപ്പൊക്കവും മറ്റുമായി നഷ്ടം സംഭവിച്ചെങ്കിലും അതെല്ലാം തരണം ചെയ്ത് കൃഷി തുടരുകയാണ്. കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കിന്റെ പൂർണ പിന്തുണയും ഇവർക്കുണ്ട്. കുട്ടമശ്ശേരിയിലെതന്നെ തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരവും കാൽനൂറ്റാണ്ടിലധികമായി തരിശായി കിടക്കുകയായിരുന്നു. സമീപത്തെ ചാലക്കൽ തോട് കാട് കയറിയും ഇടിഞ്ഞും ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥ. കീഴ്മാട് പഞ്ചായത്തിന്റെ അഭ്യർഥനപ്രകാരം ജില്ല ഭരണകൂടം ‘ഓപറേഷൻ വാഹിനി’യിൽപ്പെടുത്തി ശുചീകരിച്ചു. യുവാക്കളുടെ കൂട്ടായ്മയായ കുട്ടമശ്ശേരി സൂര്യ പുരുഷ സഹായ സംഘത്തിന്റെ നേതൃത്വത്തിൽ 2022ലാണ് ആദ്യമായി കൃഷിയിറക്കിയത്. മരുന്ന് തളിക്കും മറ്റും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു. നൂറുമേനിയായിരുന്നു വിളവ്. അനിൽ, കുമാരൻ, ഷമീർ എന്നിവരുടെ നേതൃത്വത്തിൽ 15 ഏക്കറിലാണ് സൂര്യ പുരുഷ സ്വയം സഹായ സംഘം ഇത്തവണ കൃഷിയിറക്കുന്നത്. തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരത്തിൽ 25 ഏക്കറിലധികം സ്ഥലത്തും. കർഷകരായ സലീം ആനിക്കാട്, അജിത് കുമാർ, കുശൻ, ശ്രീജേശ്, സിദ്ദീഖ്, അബ്ദുൽ സലാം തുടങ്ങിയവരും നെൽകൃഷി സജീവമാക്കാൻ ഇക്കുറി രംഗത്തുണ്ട്. യുവാക്കളുടെ ഈ നെൽകൃഷി പുതിയ തലമുറക്കും പുത്തൻ പ്രതീക്ഷകൾ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.