കലവൂർ: കൊച്ചിയിൽനിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കലവൂരിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾക്ക് ഹൃദയാഘാതം. ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കൊച്ചി കടവന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി. അജയനെയാണ് (39) ഹൃദയതകരാറിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ചത്. മേസ്തിരിപ്പണിക്കാരനായ അജയനാണ് മാത്യൂസിന്റെ വീടിന് സമീപം കുഴി വെട്ടിയതെന്നാണ് പൊലീസ് നിഗമനം. മേസ്തിരിപ്പണിയുമായി ബന്ധപ്പെട്ട മാത്യൂസുമായുള്ള പരിചയത്തിന്റെ പേരിൽ ഇയാളുടെ വീട്ടിലെ ശുചിമുറിയിലെ അറ്റകുറ്റപ്പണി ചെയ്തിരുന്നു.
വൈകീട്ട് പണി തീരാറായപ്പോഴാണ് മുൻഭാഗത്ത് വലിയ കുഴിയെടുക്കാൻ ആവശ്യപ്പെട്ടത്. വീട്ടിലെ ചപ്പുചവറുകളും മാലിന്യവും കുഴിച്ചുമൂടാനാണെന്നാണ് മാത്യൂസ് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഇ.സി.ജി പരിശോധനയിൽ വ്യത്യാസം കണ്ടതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ ഗുരുതരമായ തകരാറുണ്ടെന്ന് മനസ്സിലാക്കി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കേസുമായി ഇയാൾക്ക് നേരിട്ട് ബന്ധമില്ലെന്നാണ് നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് പഴമ്പാശേരി വില്യംസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ശുചിമുറിയോട് ചേർന്ന് നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ച സുഭദ്രയുടെ സുഹൃത്തുക്കളായ കാട്ടൂർ പള്ളിപറമ്പിൽ മാത്യൂസ് (നിഥിൻ-33) കൂടെയുണ്ടായിരുന്ന ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും (30) ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.