കോതമംഗലം: ''ജീവിത സായാഹ്നത്തിൽ വീട്ടിൽ മാത്രമായി ഒതുങ്ങാതെ സ്വന്തം നാടിനും ചുറ്റുപാടിനും വേണ്ടി തന്നാലാവുന്നത് ചെയ്യുക...'' കോതമംഗലം നെല്ലിമറ്റം വാളാച്ചിറ തേക്കുംകാനം വീട്ടിൽ ചാക്കോ എന്ന 85കാരെൻറ വാക്കുകളാണിത്. ഈ പ്രായത്തിൽ അദ്ദേഹം ഊർജസ്വലതയോടെ ചെയ്യുന്നതെന്താണെന്നറിയുമ്പോഴാണ് ചാക്കോ കൂടുതൽ മാതൃകയാകുന്നത്. മാലിന്യം തള്ളുന്ന വഴിയോരം പുന്തോട്ടമാക്കി പരിപാലിക്കുകയാണിദ്ദേഹം.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്ന ചാക്കോ പെൻഷൻ പറ്റിയ ശേഷമായണ് പുതുവഴിയിലേക്ക് തിരിയുന്നത്. വീടും പരിസരവും ശുചിത്വമുള്ളതായിരിക്കണമെന്ന ബോധ്യത്തിൽനിന്നാണ് വീടിന് മുന്നിലെ പൊതുമരാമത്ത് റോഡിൽ വ്യത്യസ്തമായ പൂന്തോട്ടമൊരുക്കാൻ ആദ്യമിറങ്ങിയത്. റോഡിലെ പുറമ്പോക്കിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയിടാനും പൂന്തോട്ടമൊരുക്കിയതിലുടെ സാധ്യമായതായി ചാക്കോ ചേട്ടൻ പറയുന്നു.
വീടിനു സമീപവും റോഡിനിരുവശവുമുള്ള പൊതുനിരത്തിലെ മാലിന്യം നീക്കംചെയ്താണ് 200 മീറ്ററോളം പൂന്തോട്ടം തീർത്തിരിക്കുന്നത്. വിവിധയിനം ചെടികൾ വെച്ചുപിടിപ്പിക്കാതെ സൂര്യകാന്തി വർഗത്തിൽപെട്ട മഞ്ഞ ആകാശമല്ലിയാണ് വളർത്തുന്നത്. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. നിറയെ പൂക്കളുമായി നിൽക്കുന്ന ദൃശ്യം ആരെയും ആകർഷിക്കും. പൂക്കൾ വിരിഞ്ഞുകഴിഞ്ഞാൽ പൂന്തോട്ടം നിറയെ ചിത്രശലഭങ്ങളും എത്തും. വിത്ത് വഴിയുള്ള പ്രജനനം കാരണം പരിചരണവും എളുപ്പമാണ്. കടുത്ത വേനലിൽ ചെടികൾ വാടിപ്പോകാതിരിക്കാൻ രണ്ടുനേരവും നനക്കുകയും പതിവാണ്. വഴിയാത്രക്കാരുടെ മനസ്സ് നിറഞ്ഞ പുഞ്ചിരിയാണ് തനിക്ക് ലഭിക്കുന്ന സമ്മാനമെന്ന് ചാക്കോ പറയുന്നു. കഴിയാവുന്നിടത്തോളം കാലം ഈ പൂച്ചെടികൾ പരിപാലിച്ചു മുന്നോട്ടുപോകാൻ തന്നെയാണ് ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.