പാറക്കടവ്: കുന്നപ്പിള്ളിശ്ശേരി ദൈവത്താംപടി മൈനർ ഇറിഗേഷൻ പദ്ധതി കമീഷൻ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. നാല് വർഷം മുമ്പ് പൂർത്തീകരിച്ച പദ്ധതി മൂന്ന് മാസം മുമ്പ് പരീക്ഷണാർഥം പ്രവർത്തിപ്പിച്ചെങ്കിലും തുടർന്ന് പ്രവർത്തിച്ചില്ല. പാറക്കടവ് നമ്പർ വൺ സ്കീമിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ അഞ്ച്, 14 മുതൽ 17 വരെ വാർഡുകളിലെ ജലസേചനാവശ്യത്തിനാണ് പദ്ധതി ആവിഷ്കരിച്ചത്.
അന്നത്തെ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മൈനർ ഇറിഗേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രദേശങ്ങൾ സന്ദർശിച്ച് ജലദൗർലഭ്യം മനസ്സിലാക്കിയ ശേഷമാണ് മൈനർ ഇറിഗേഷൻ വകുപ്പിന്റെ 1.2 കോടി പദ്ധതിക്ക് അംഗീകാരം നൽകിയത്. തുടർന്ന് പഞ്ചായത്തിലെ കണ്ണങ്കുഴിശ്ശേരിയിൽ പുതിയ മോട്ടോർ ഷെഡ് പണിത് 75 എച്ച്.പിയുടെ മോട്ടോറും ഒന്നര കിലോമീറ്റർ അകലെ ദൈവത്താംപടിയിൽ വാട്ടർ ടാങ്കും സജ്ജമാക്കി.
പിന്നീട് നാട്ടുകാർ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൈപ്പ് ലൈൻ നീട്ടാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി മൈനർ ഇറിഗേഷൻ വകുപ്പ് ഏഴ് ലക്ഷവും അനുവദിക്കുകയായിരുന്നു. എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടും പദ്ധതി പ്രവർത്തനക്ഷമമാക്കാത്തതിനാൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.
പ്രദേശം വരൾച്ചയുടെ പിടിയിലായിലാണ്. കൃഷിയിടങ്ങൾ വരണ്ടുണങ്ങി. അതിനാൽ നിർമ്മാണം പൂർത്തിയായ പദ്ധതി എത്രയും വേഗം കമീഷൻ ചെയ്യണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.