മൂവാറ്റുപുഴ: വേനൽ കടുത്തതോടെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. 11 പഞ്ചായത്തുകളിലും നഗരസഭയിലും സ്ഥിതി ഭിന്നമല്ല. ഉയർന്ന പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. നഗരസഭയിലെ കുന്നപിള്ളി മല, കിഴക്കേക്കര, ഓലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലും പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറ, എരപ്പ് പാറ, കൂരംകുന്ന് ഈറ്റക്കൊമ്പ് പള്ളി ഭാഗം, ഏഴാം വാർഡിലെ 49ാം നമ്പർ അംഗൻവാടി, ആവോലി പഞ്ചായത്തിൽ എലുവിച്ചിറ, കാവന, തണ്ടുംപുറം, മഞ്ഞള്ളുർ പഞ്ചായത്തിലെ പാണ പാറ, തെക്കുംമല, ചാറ്റു പാറ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പായിപ്ര പഞ്ചായത്തിലെ മുളവൂർ കൊള്ളിക്കാട്ട്, കക്കാട്ടുമല, മാനാറി, തേരാപ്പാറ വാളകത്തെ കുന്നയ്ക്കാൽ, ഏഴിമല എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ അടക്കം വെള്ളം എത്തിക്കാൻ കഴിഞ്ഞ വർഷം തുടക്കം കുറിച്ച ജല ജീവൻ മിഷൻ പദ്ധതി പാതിവഴിയിലാണ്. ഗ്രാമീണ റോഡുകളിൽ പൈപ്പ് സ്ഥാപിച്ചതല്ലാതെ വെളളം എത്തിക്കാനുളള നടപടികളിൽ പുരോഗതി ഇല്ല. ആയിരക്കണക്കിന് പുതിയ കണക്ഷൻ കൊടുക്കാൻ നിശ്ചയിച്ചെങ്കിലും ടാങ്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയോ ജലലഭ്യത ഉറപ്പാക്കുന്ന കാര്യങ്ങളിലോ തീരുമാനം ആയിട്ടില്ല.
പാലക്കുഴ പഞ്ചായത്തിൽ പുതുതായി പണിത മാറിക-തോട്ടക്കര, മൂങ്ങാംകുന്ന്-വടക്കൻ പാലക്കുഴ, പണ്ടപ്പിള്ളി-കൂത്താട്ടുകുളം റോഡുകൾ മുറിച്ചാൽ മാത്രമേ പൈപ്പ് ഇടുന്ന നടപടികൾ പൂർത്തീകരിക്കാൻ കഴിയു.
പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും തമ്മിലുള്ള ഏകോപനം ഇല്ലായ്മ മൂലം നൂറ് കണക്കിന് കുടുംബങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കല്ലൂർക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ജലജീവൻ മിഷൻ വഴി മണിയന്ത്രം കുന്നിയോട് മൂന്ന് ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള ടാങ്ക് പണിയുന്നതിനുള്ള നടപടികൾ പൂർണതയിൽ എത്തിയില്ല. പഞ്ചായത്തിൽ വീടുകളിൽ വെള്ളം എത്തുന്നത് ഏഴ് മുതൽ ഒമ്പത് ദിവസത്തിനിടെ ഒരിക്കൽ മാത്രമാണ്. മണ്ഡലത്തിലെ പ്രാദേശിക കുടിവെള്ള പദ്ധതികളാകട്ടെ വിവിധ പ്രതിസന്ധികളെ നേരിടുകയാണ്.
ഫണ്ടില്ലാത്തതുമൂലം നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതാണ് ഇത്തരം പദ്ധതികൾക്ക് വിനയായിരിക്കുന്നത്. പൈങ്ങോട്ടൂർ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ 2017ൽ അനുവദിച്ച ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. 28 കോടി രൂപയാണ് നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്.
മണ്ഡലത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മുൻ എം.എൽ.എ എൽദോ എ ബ്രഹാം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യം മുൻനിർത്തി പഞ്ചായത്തുകളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കാൻ ജില്ല കലക്ടർ മുൻകൈ എടുക്കണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ശുദ്ധജലക്ഷാമം പരിഹരിക്കാൻ നടപടി എടുക്കണം. 2017ൽ ഫണ്ട് അനുവദിച്ച പൈങ്ങോട്ടൂർ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജലസേചന മന്ത്രി റോഷി അഗസ്റ്റിന് എൽദോ എബ്രഹാം കത്തുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.