NEW NEW ഫലസ്തീനുള്ള ഐക്യദാർഢ്യ പ്രഖ്യാപനമായി സോളിഡാരിറ്റി സമ്മേളനം

കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനം ഫലസ്തീനുള്ള ഐക്യദാർഢ്യ പ്രഖ്യാപന വേദിയായി. സമ്മേളനത്തിൽ മുഖ്യാതിഥിയായി പ​ങ്കെടുത്ത ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജയുടെ പ്രസംഗശേഷം സമ്മേളനപ്രതിനിധികൾ എഴുന്നേറ്റുനിന്ന്​ മു​ദ്രാവാക്യം വിളികളോടെ അദ്ദേഹത്തിന്​ പിന്തുണ അറിയിച്ചത്​ വൈകാരിക മുഹൂർത്തങ്ങൾ​ സൃഷ്ടിച്ചു. ഓരോദിനവും അധിനി​വേശ ഫലസ്തീനിൽ ഇസ്രായേൽ അതിക്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജറൂസലമിലും വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ആയിരക്കണക്കിന് നിർമാണങ്ങളുമായി ഇസ്രായേൽ മുന്നോട്ടു പോവുകയാണ്. സ്കൂളും ക്ലിനിക്കുകളും ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർത്തു. പകർച്ചവ്യാധിയുടെ ഈ നാളുകളിൽ പോലും തങ്ങളെ വംശഹത്യക്ക് ഇരയാക്കുന്നു. 5000 ഫലസ്തീൻ യുവാക്കളെയാണ് ജയിലുകളിൽ വൈദ്യസഹായം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നത്, ഇതിൽ 160 കുട്ടികളും നാൽപതിലേറെ സ്ത്രീകളുമുണ്ട്. 15 വർഷമായി ഗസ്സ മുനമ്പ് തുറന്ന ജയിലാണ്. മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ട് ഇവിടെ കഴിയുന്ന 20 ലക്ഷം ജനങ്ങൾ വൻ ദുരന്തത്തിലേക്ക് അകപ്പെടുന്നത് തടയാൻ അന്താരാഷ്ട്ര മാനുഷിക പിന്തുണകൊണ്ട് മാത്രമേ സാധ്യമാകൂ. ഈ വർഷം ഇതുവരെ 65 ഫലസ്തീൻ സിവിലിയന്മാരെയാണ് അധിനിവേശ സൈന്യം കൊന്നൊടുക്കിയത്. അതിൽ ഒന്നാണ് 10 ദിവസം മുമ്പ് പ്രസ് ജാക്കറ്റ് അണിഞ്ഞ ഷിറീൻ അബു അഖ്​ലെ എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം. അൽ അഖ്സ പള്ളിയിൽ ദിനംപ്രതി നടത്തുന്ന ആക്രമണങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത് ഒരു മതയുദ്ധംതന്നെയാണ്. ഫലസ്തീനിനും ജനതക്കുമായി ഇന്ത്യൻ സർക്കാറും ജനതയും നൽകുന്ന പിന്തുണക്ക് നന്ദി പറയുന്നതായും ഫലസ്തീനികളോടുള്ള ഇഷ്ടത്തിനും സ്നേഹത്തിനും കടപ്പാടറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിൽ ഫലസ്തീൻ അംബാസഡർക്കായി അറബിയിൽ സംസാരിച്ച ഡോ. നഹാസ്​ മാളയെ അദ്ദേഹം അഭിനന്ദിച്ചു. പൊതുസമ്മേളന വേദിയിലെ നേതാക്കളെ അംബാസഡർ ഫലസ്തീന്‍റെ ഷാളും അണിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.