ചെങ്ങമനാട്: കോട്ടായി-ചെങ്ങമനാട് റോഡിൽ സഞ്ചരിക്കുമ്പോൾ പനയക്കടവ് പാലത്തിന് സമീപം കരയും തോടും തിരിച്ചറിയാത്ത വിധം തോട്ടിൽ കുളവാഴ നിറഞ്ഞ് ഒഴുക്ക് നിലച്ചിരിക്കുകയാണ്. പെരിയാറിന്റെ കൈവഴിയിൽപെട്ട ചെങ്ങൽത്തോടിന്റെ പ്രധാന കൈവഴിയാണിത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പെരിയാറുമായി ബന്ധപ്പെട്ട് തെളിനീരൊഴുകിയ തോട് അക്കാലത്ത് മേഖലയിൽ ജല അതോറിറ്റിയും ഇറിഗേഷനും ജലസേചന സംവിധാനം ഒരുക്കിയിരുന്നത് പാനായിത്തോടിനെ ആശ്രയിച്ചായിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ വരവോടെയാണ് തോട് നാശത്തിലായത്. ജലഅതോറിറ്റി ഇറിഗേഷൻ പദ്ധതികളും അവതാളത്തിലായി. റൺവേ നിർമാണവുമായി ബന്ധപ്പെട്ട് അനധികൃതമായി ചെങ്ങൽത്തോട് രണ്ടായി മുറിഞ്ഞതോടെയാണ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒഴുക്ക് നിലച്ചത്. മാലിന്യം നിറഞ്ഞും വശങ്ങളിടിഞ്ഞും തോട് നിശ്ചലമായതോടെ ഏകദേശം 12 കിലോമീറ്ററോളം ദൂരത്തെ കടവുകളും ജലസേചന സംവിധാനങ്ങളും എന്നന്നേക്കുമായി ഇല്ലാതാകുകയായിരുന്നു.
അന്വേഷിക്കാനും സംരക്ഷിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കാതെ വന്നതോടെ റൺവേക്ക് തെക്ക് ഭാഗത്തായി വിമാനത്താവള കമ്പനി തോട്ടിൽ വ്യാപകമായി സോളാർ പാനലുകൾ സ്ഥാപിച്ചതോടെ പൂർണമായും തോട് ശൂന്യമായി. അതോടെ കുടിവെള്ളവും കാർഷിക പ്രതിസന്ധികളും ഉടലെടുത്തു. ജനം പ്രതിഷേധവുമായി രംഗത്തിറങ്ങി. പലരും വിമാനത്താവള കമ്പനിക്കെതിരെ നിയമ നടപടിക്കും ഒരുങ്ങി. പ്രശ്നം നിയമസഭയിൽവരെ ചർച്ചയായി. അതോടെ യഥാസമയങ്ങളിൽ മാലിന്യം നീക്കി തോട് വീതികൂട്ടി, മണ്ണ് നീക്കി ജലമൊഴുക്ക് സുഗമമാക്കുമെന്ന് വിമാനത്താവള കമ്പനി ഉറപ്പ് നൽകുകയുണ്ടായി. ആദ്യനാളുകളിൽ തോട്ടിൽ ഇറക്കുന്ന യന്ത്രം ഉപയോഗിച്ച് ശുചീകരണവും ജലമൊഴുക്കും സുഗമമാക്കി. എന്നാലിപ്പോൾ അധികാരികളും വിമാനത്താവള കമ്പനിയും അതെല്ലാം മറന്ന മട്ടിലാണ്. വേനൽ രൂക്ഷമായതോടെ ജലസേചന പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ തോട്ടിൽ മാലിന്യം കുമിയുകയാണ്. പൂന്തോട്ടമോ, കൃഷിത്തോട്ടമോ എന്ന് തോന്നും വിധം കരയും തോടും തിരിച്ചറിയാത്തവിധം തോട്ടിലുടനീളം കുളവാഴകളൂം പായലും മറ്റ് മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. പ്രശ്നം സങ്കീർണമായതോടെ വീണ്ടും നിയമനടപടിക്കും പ്രക്ഷോഭപരിപാടികൾക്കും ഒരുങ്ങുകയാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.