പെരുമ്പാവൂര്‍: സംസ്ഥാനത്ത് എല്‍.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി 'മത്സര'രംഗത്തില്ലാതിരുന്നത് എല്‍ദോസ് പി. കുന്നപ്പിള്ളിക്ക് ഗുണമായി. 2899 വോട്ടിനാണ് കുന്നപ്പിള്ളി വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1,45,154 വോട്ടില്‍ യു.ഡി.എഫ് 53,484 വോട്ടും എല്‍.ഡി.എഫ് 50,885 വോട്ടും എന്‍.ഡി.എ 15,205 വോട്ടും ട്വൻറി20 20,577 വോട്ടും നേടി.
2016ല്‍ കുന്നപ്പിള്ളിക്ക് 7080 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ ട്വൻറി20 നേടിയ വോട്ടുകള്‍ കുന്നപ്പിള്ളിയുടെ ഭൂരിപക്ഷത്തിന് തിരിച്ചടിയായി. എല്‍.ഡി.എഫ് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായതായും സംശയിക്കുന്നു.
ബാബു ജോസഫിെൻറ തട്ടകമായ കൂവപ്പടി പഞ്ചായത്തിലും അദ്ദേഹത്തിന് വോട്ട് കുറഞ്ഞത് ശ്രദ്ധേയമാണ്. കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ യു.ഡി.എഫിന് വോട്ട് കുറഞ്ഞു.
ഒക്കലില്‍ ട്വൻറി20 പ്രവര്‍ത്തനം ശക്തമായിരുന്നു. എന്‍.ഡി.എ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സി.പി.എമ്മിെൻറ ശക്തി കേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ അവരുടെ പ്രതിനിധിയല്ലാതെ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍തന്നെ പരാജയം മണത്തിരുന്നു. അടുത്തകാലത്ത് ഘടകക്ഷിയായി കടന്നുവന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് വിട്ടുകൊടുത്തതിലുള്ള മുറുമുറുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് തൊട്ടുമുന്നേ ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധം പാര്‍ട്ടി വേദികളില്‍ പലരും ഉന്നയിച്ചു. പാര്‍ട്ടി പ്രതിനിധി എതിരാളിയായാല്‍ കുന്നപ്പിള്ളി തോല്‍ക്കുമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ഭയന്നിരുന്നു.
സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനനെ പരിഗണിക്കുമെന്നായിരുന്നു വിവരം. എന്‍.സി രംഗത്തുവന്നാല്‍ മത്സരം കഠിനമാകുമെന്ന ആശങ്ക കോണ്‍ഗ്രസ് പാളയത്തിലുണ്ടായി. പാര്‍ട്ടിയിലെ പ്രമുഖരെ തഴഞ്ഞ് ഘടകക്ഷിക്ക് സീറ്റുകൊടുത്തത് അണികളില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. 'അരിവാള്‍ ചുറ്റികയില്‍' സമ്മതിദാനം രേഖപ്പെടുത്തിയിരുന്ന പരമ്പരാഗത പാര്ട്ടിക്കാര് പ്രത്യേകിച്ച്, പഴയ തലമുറ 'രണ്ടിലയില്‍' വോട്ട് ചെയ്യാന്‍ വൈമനസ്യം കാണിച്ചിട്ടുണ്ടെന്നതും വരാനിരിക്കുന്ന ചര്‍ച്ചയാകും.
പെരുമ്പാവൂര്‍: മുൾമുനയില്‍ നിര്‍ത്തിയ ഫലമായിരുന്നു രാവിലെ മുതല്‍ പുറത്തുവന്നത്. രാവിലെ 9.15ന് കുന്നപ്പിള്ളിയുടെ ആദ്യം പുറത്തുവന്ന ലീഡ് 463 വോട്ടായിരുന്നു. തുടക്കത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കമുള്ള ഒക്കല്‍ പഞ്ചായത്തിലെ വോട്ടാണ് എണ്ണിയത്. വോട്ടെണ്ണല്‍ പലപ്പോഴും മന്ദഗതിയിലായിരുന്നു. ഒക്കലും ബാബു ജോസഫിെൻറ തട്ടകമായ കൂവപ്പടിയിലും പകുതി വോട്ടുകള്‍ എണ്ണിത്തീര്‍ന്ന രാവിലെ 10.45ന് 1321 വോട്ടുകള്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി ലീഡ് നിലനിര്‍ത്തി.
ഫലം മാറിമറിയുമെന്ന കണക്കൂട്ടലിലായിരുന്നു പ്രവര്‍ത്തകര്‍. ആയിരത്തിന് താഴേക്ക് ഭൂരിപക്ഷം വന്ന അവസരങ്ങളിലെല്ലാം എല്‍.ഡി.എഫ് ക്യാമ്പില്‍ പ്രതീക്ഷ ഉടലെടുത്തിരുന്നു. പെരുമ്പാവൂര്‍ നഗരസഭയിലും ബാബു ജോസഫ് ലീഡ് നേടിയപ്പോള്‍ വെങ്ങോല, രായമംഗലം, വേങ്ങൂര്‍, അശമന്നൂര്‍ പഞ്ചായത്തുകളിലായിരുന്നു എല്‍.ഡി.എഫിന് പ്രതീക്ഷ. എന്നാല്‍, അവിടങ്ങളിലും എല്‍.ഡി.എഫിന് നിരാശയായിരുന്നു.
പെരുമ്പാവൂര്‍: പെരുമ്പാവൂരിന് ഇത്തവണയും മന്ത്രിസ്ഥാനം നഷ്ടമായി. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഒരുപക്ഷേ എല്‍ദോസ് കുന്നപ്പിള്ളിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമായിരുന്നു. 2016ല്‍ മൂന്നുവട്ടം പിന്നിട്ട സാജു പോളിന് സാധ്യത ഏറെയായിരുന്നെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പാലായില്‍ ജോസ് കെ. മാണി പരാജയപ്പെട്ട സ്ഥിതിക്ക് കേരള കോണ്‍ഗ്രസിെൻറ നേതാവെന്ന പരിഗണനയില്‍ ബാബു ജോസഫ് മന്ത്രിസ്ഥാനത്തിന് സാധ്യത തള്ളിക്കളയാനാവില്ലായിരുന്നു. എന്നാല്‍, കുന്നപ്പിള്ളിയുടെ വിജയത്തോടെ അത് പൊലിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.