പെരുമ്പാവൂര്‍: ജനങ്ങളുടെ ദീര്‍ഘനാളത്തെ പരാതിക്കൊടുവില്‍ മണ്ണൂര്‍-പോഞ്ഞാശ്ശേരി റോഡ് ചൊവ്വാഴ്ച തുറക്കും. 2016ല്‍ 23.75 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് 2018ലാണ് പുനര്‍നിര്‍മാണം ആരംഭിച്ചത്. കിഫ്ബി മാനദണ്ഡം പാലിക്കപ്പെടാത്തതിനാല്‍ വരിക്കാട് ഷാപ്പ് മുതല്‍ വെങ്ങോല വരെ രണ്ടര കിലോമീറ്റര്‍ ദൂരം പ്രവൃത്തിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള ഒമ്പത് കിലോമീറ്റര്‍ റോഡ് ബി.എം ആന്റ് ബിസി നിലവാരത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രധാനപ്പെട്ട രണ്ടുമൂന്ന് ജങ്ഷനുകളില്‍ ഇനിയും നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്. ആദ്യ കരാറുകാരനെ നഷ്ടോത്തരവാദിത്വത്തില്‍ ടെര്‍മിനേറ്റ് ചെയ്ത വര്‍ക്കാണിത്. ബാലന്‍സ് പ്രവൃത്തികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ രാജേഷ് മാത്യു ആന്റ് കമ്പനി ഏറ്റെടുത്തതിനെ തുടര്‍ന്നാണ് അതിവേഗം ടാറിങ് പൂര്‍ത്തീയാക്കിയത്. ക്രാഷ് ബാരിയര്‍, റോഡ് മാര്‍ക്കിങ്, റോഡ് സേഫ്റ്റി ഇനങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നുള്ളവര്‍ക്ക് ആലുവ, കളമശ്ശേരി ഭാഗങ്ങളിലേക്ക് ഏറ്റവും എളുപ്പം എത്താനുള്ള പാതയാണിത്. 20 വര്‍ഷം മുമ്പാണ് റോഡ് അവസാനം ടാര്‍ ചെയ്തത്. വളയന്‍ചിറങ്ങര ജങ്ഷനില്‍ രാവിലെ 10ന് ഔപചാരിക ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിര്‍വഹിക്കും. ശേഷം വി.എന്‍. കേശവപിള്ള സ്മാരക വായനശാലയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജിന്‍ എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.