പെരുമ്പാവൂര്‍: കരാറുകാര്‍ക്ക് യഥാസമയം ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ നഗരസഭക്ക് കീഴിലെ റോഡ് പണി ഉൾപ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍. മാസങ്ങളായി കരാറുകാര്‍ ബഹിഷ്കരണം നടത്തിയതോടെ നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുകയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ജോലികള്‍ തീര്‍ന്നാല്‍ ഉടൻ ബില്ലുകള്‍ ലഭിക്കുമ്പോള്‍ പെരുമ്പാവൂര്‍ നഗരസഭയില്‍ കാലതാമസം വരുന്നതായി കരാറുകാര്‍ പറയുന്നു.
ബന്ധപ്പെട്ട വിഭാഗങ്ങള്‍ ഫയല്‍ ഒപ്പിട്ട് നല്കിയാലും എൻജിനീയറിങ് സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ ഉദാസീനത കാട്ടുകയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം കരാറുകാര്‍, മുനിസിപ്പല്‍ സെക്രട്ടറി, എൻജിനീയര്‍ എന്നിവരെ ചെയര്മാന് ചേംബറില്‍ വിളിച്ച് ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി ബില്ലുകള്‍ മാറാനുള്ള നടപടി ഉണ്ടാകുമെന്ന് കരാറുകാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതിന് പിന്നില്‍ നഗരസഭ ഓഫിസിലെ ഉദ്യോഗസ്ഥ രാഷ്ട്രീയക്കളിയാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയുടെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്ന് വരുത്താനുള്ള ശ്രമമാണ് പിന്നിലെന്നും എൻജിനീയറിങ് വിഭാഗത്തിലെ ചില ഇടതു അനുകൂല സംഘടന പ്രതിനിധികളുടെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്.
ഈ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം കാര്യമായ നിർമാണം നടന്നിട്ടില്ലെന്ന ആരോപണം നിലനില്‍ക്കുകയാണ്. ജനങ്ങളില്‍നിന്ന് ഉയരുന്ന മുറുമുറുപ്പ് തന്നെയാണ് രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികൾ ലക്ഷ്യമിടുന്നതെന്ന് ഭരണസമിതിയിലെ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നഗരമധ്യത്തിലെ ഇടറോഡുകളെല്ലാം തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. മാര്‍ക്കറ്റ് റോഡ്, കാളച്ചന്ത റോഡ്, കുഴിപ്പിള്ളിക്കാവിന് മുന്‍വശം തുടങ്ങിയ റോഡുകള്‍ നന്നാക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. കാളച്ചന്ത റോഡില്‍ ഇതിനകം നിരവധി അപകടം നടന്നു. ഔഷധി ജങ്ഷനില്‍നിന്ന് ബസുകളും ഭാരവാഹനങ്ങളും തിരിയുന്ന ഹരിഹരയ്യര്‍ റോഡ് കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ജലഅതോറിറ്റി വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.
ഫണ്ട് പാഴാകുന്ന
അവസ്ഥ
നഗരസഭ ചെയര്മാന് ഇടപെട്ടിട്ടും പണി ചെയ്യാന്‍ കരാറുകാര്‍ ഇതുവരെ തയാറായിട്ടില്ലെന്നാണ് വിവരം. ഈ സാമ്പത്തിക വര്‍ഷത്തെ ജോലികള്‍ വരുന്ന മാര്‍ച്ചിന് മുമ്പ് തീര്‍ക്കേണ്ടതുണ്ട്. കരാറുകാര്‍ ജോലി ചെയ്യാന്‍ മുന്നോട്ടു വന്നാല്‍ തന്നെ മൂന്ന് മാസത്തിനുള്ളില്‍ തീര്‍ക്കുക പെടാപാടാകുമെന്നും പണിയിലെ നിലവാരം കുറയാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രതിസന്ധിയും. പടുകുഴികള്‍ രൂപപ്പെട്ടു കിടക്കുന്ന റോഡില്‍ സാധാരണ അറ്റകുറ്റപ്പണി സാധ്യമല്ലെന്ന് വിദഗ്ധര്‍ പറയുന്നു.
സാമ്പത്തിക വര്‍ഷ കാലാവധിക്ക് മുമ്പ് പദ്ധതികള്‍ തീര്‍ക്കാതെ വന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് പാഴാകുന്ന അവസ്ഥയാകും. പഴയ ബില്ലുകള്‍പോലും മാറിക്കിട്ടാനുള്ള സാഹചര്യത്തില്‍ വീണ്ടും ജോലികള്‍ നടത്തിയാല്‍ കടക്കെണിയിലാകുമെന്ന ആശങ്കയിലാണ് കരാറുകാര്‍. ഉദ്യോഗസ്ഥ ഉദാസീനതക്കെതിരെ എം.പി, എം.എല്‍.എ ഉൾപ്പെടെയുള്ളവരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.