പെരുമ്പാവൂര്‍: സ്വകാര്യ ബസുകളുടെ അമിത വേഗതയും ഓവര്‍ടേക്കിങ്ങും അപകടത്തിന് കാരണമാകുന്നതായി ആക്ഷേപം. പൊതുവേ ഗതാഗതക്കുരുക്കുള്ള വല്ലം ജങ്ഷനിലാണ് ഒരു നിയന്ത്രണവുമില്ലാതെ ബസുകള്‍ കടന്നുപോകുന്നത്. പലപ്പോഴും ഇത് അപകടങ്ങള്‍ക്ക് കാരണമായി മാറുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരുസ്കൂട്ടര്‍ യാത്രികനും കാര്‍ യാത്രക്കാരനും അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എം.സി റോഡിലെ ഏറ്റവും തിരക്കുള്ള ജങ്ഷനാണിത്. കോടനാട്, വല്ലം റയോണ്‍പുരം റോഡുകള്‍ സംഗമിക്കുന്ന കവലയില്‍ വേണ്ടത്ര വീതിയും ഗതാഗത നിയന്ത്രണ സംവിധാനങ്ങളും ഇല്ലാത്തത് വിനയാണ്. ഒരു പൊലീസുകാരനും ട്രാഫിക് വാര്‍ഡനും വിശ്രമമില്ലാതെയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
എന്നാല്‍, ഇവരെപ്പോലും അവഗണിച്ച് സ്വകാര്യ ബസുകള്‍ നിരതെറ്റിച്ച് കടന്നുപോകുന്നു. പ്രതികരിക്കുന്നവരോട് സഭ്യമല്ലാതെ സംസാരിക്കുകയും വെല്ലുവിളിക്കുകയുമാണ് ബസ് ജീവനക്കാര്‍. ഇവരുടെ നിയമലംഘനങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയുമാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്റ്റോപ്പുകളില്‍ നിര്‍ത്താതെ നടുറോഡില്‍ ബസ് നിര്‍ത്തി ആളുകളെ കയറ്റുന്നത് പതിവ് സംഭവമാണ്. ഇത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും പ്രധാന കാരണമായി മാറുന്നു. വാഹനാപകടങ്ങളില്‍ നിരവധി ജീവൻ പൊലിഞ്ഞ സ്ഥലമാണ് വല്ലം ജങ്ഷന്.
രാവിലെയും വൈകീട്ടും രാത്രി 10 വരെയും വലിയ കുരുക്കാണിവിടെ. പെരുമ്പാവൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാഞ്ഞിരക്കാട് പള്ളിപ്പടി തുടങ്ങിയും കാലടിയില്‍നിന്നുള്ള വാഹനങ്ങള്‍ ചേലാമറ്റം മുതലും കുരുക്കിലാകും. കാറും ലോറികളും സര്‍ക്കാര്‍ വാഹനങ്ങള്‍പോലും നിരപാലിക്കുമ്പോള് തങ്ങള്‍ക്കിതൊന്നും ബാധകമല്ലെന്ന തരത്തിലാണ് ബസുകളുടെ മരണപ്പാച്ചിലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരിക്കല്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നിയമനടപടി സ്വീകരിക്കുകയോ പിഴചുമത്തുകയോ ചെയ്താല്‍ പരിഹാരമാകുമെന്നിരിക്കെ പൊലീസിന്റെ നിസ്സംഗത ലംഘനം തുടരാന്‍ കാരണമാകുകയാണ്.
വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതും തിരിച്ചടിയാണ്. കാലടി നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് സംവിധാനങ്ങള്‍ ഇവിടെയും ഒരുക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു. ഗതാഗതനിയന്ത്രണ സംവിധാനങ്ങളും കാമറകളും സ്ഥാപിച്ച് ബസുകള്‍ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഓവര്‍ടേക്കിങ് നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.