കൊച്ചി: പ്രധാനാധ്യാപകരാൻ മടിച്ച് പ്രൈമറി അധ്യാപകർ. ജോലി ഭാരവും നിയമനത്തിലെ അനിശ്ചിതത്വവുമെല്ലാമാണ് പ്രധാനാധ്യാപക തസ്തികയുടെ നിറം കെടുത്തുന്നത്.
ഇതോടെ കഴിഞ്ഞ അധ്യയന വർഷം മാത്രം ജില്ലയിൽ പ്രധാനാധ്യാപക സ്ഥാനത്തേക്കുളള ഉദ്യോഗക്കയറ്റം വേണ്ടെന്ന് വെച്ചത് 30 അധ്യാപകരാണ്.
ഇക്കൂട്ടത്തിൽ ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നുളള അധ്യാപകരുമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം വിവിധ ഉപജില്ലകളിലായി വിരമിക്കുന്നത് 15 പ്രധാനാധ്യാപകരാണ്.
ഇതോടൊപ്പം വരുന്ന മൂന്ന് മാസത്തിനിടെ 41 പ്രൈമറി അധ്യാപകരും വിരമിക്കുന്നുണ്ട്. ഇത് വഴി വരുന്ന ഒഴിവുകളിലേക്കുളള നിയമന നടപടികളും വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതോടെ പി.എസ്.എസി റാങ്ക് ലിസ്റ്റിലുളള കുറച്ചുപേർക്ക് കൂടി നിയമനം ലഭിച്ചേക്കും.
പ്രധാനാധ്യാപക തസ്തികയുമായി ബന്ധപ്പെട്ട് അവസാനിക്കാത്ത നിയമനടപടികളാണ് ഇതിൽ പ്രധാന വില്ലൻ. സ്ഥാനക്കയറ്റത്തിന് യോഗ്യതാപരീക്ഷ നിർബന്ധമാക്കി 2018ൽ സർക്കാർ ഉത്തരവിറക്കി.
ചില അധ്യാപക സംഘടനകളുടെ സമ്മർദത്തെ തുടർന്ന് പാസാകാത്തവർക്ക് നൽകിയ ഇളവാണ് തർക്കമായത്. 50 പിന്നിട്ട പ്രൈമറി അധ്യാപകർക്ക് സ്ഥാനക്കയറ്റത്തിന് യോഗ്യതാ പരീക്ഷ പാസാകേണ്ടെന്ന ഇളവ് ചോദ്യം ചെയ്തായിരുന്നു നിയമ നടപടി. സംഘടനാ നേതാക്കളടക്കം ഈ ആനുകൂല്യം മുതലെടുക്കുന്നുവെന്നായിരുന്നു പരാതിക്കാരുടെ വാദം.
ഹൈകോടതിയിലും ട്രൈബ്യൂണലിലും നടന്ന നിയമ നടപടികളിൽ ഈ വാദം വിജയിച്ചതോടെ യോഗ്യതാ പരീക്ഷ വലിയൊരു കടമ്പയായി മാറി.
പരീക്ഷ പാസാകാതെ നിയമനം ലഭിക്കുന്നവർക്കാകട്ടെ യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത താത്ക്കാലിക സ്ഥാനക്കയറ്റവുമായി.
ഇതോടെയാണ് സ്ഥാനക്കയറ്റത്തിൽ നിന്ന് പല അധ്യാപകരും പിൻവലിഞ്ഞത്.
ഭാരിച്ച ഉത്തരവാദിത്തമാണ് മറ്റൊരു പ്രധാന വില്ലൻ. പ്യൂണിന്റെയും ക്ലർക്കിന്റെയും അധ്യാപകന്റെയും ജോലിയാണ് പല സ്കൂളുകളിലും പ്രൈമറി പ്രധാനാധ്യാപകരെടുക്കേണ്ടി വരുന്നത്. ഇതോടൊപ്പം ഉച്ച ഭക്ഷണം അടക്കമുളള പദ്ധതികളുടെ നടത്തിപ്പും തലവേദനയാണ്.
സർക്കാർ മാനദണ്ഡമനുസരിച്ചുളള ഉച്ചഭക്ഷണ നടത്തിപ്പിനായി പലപ്പോഴും പണം ഇവർ സ്വന്തം നിലയിൽ കണ്ടെത്തേണ്ടി വരും. ഇത് കിട്ടുമ്പോഴാകട്ടെ ഏറെ വൈകും.
കുട്ടികൾ കുറഞ്ഞ സ്കൂളുകളിലാണ് ഇത് ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഇതോടൊപ്പം പഞ്ചായത്തുകളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ നടത്തിപ്പ് ചുമതലയും പ്രധാനാധ്യാപകർക്കുണ്ട്. ഇതിനായി യാതൊരു ആനുകൂല്യവും ഇല്ലെങ്കിലും വിവാദങ്ങളോ പരാതികളോ വന്നാൽ ‘തല’ക്കാകുമെന്ന ഭയവും
ഇവർക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.