കൊച്ചി: 1989 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ആകാശവാണി കൊച്ചി എഫ്.എം സ്റ്റേഷൻ പ്രക്ഷേപണം തുടങ്ങിയ ആദ്യനാൾ മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി കൊച്ചിയിലെ റേഡിയോ ശ്രോതാക്കളുടെ പ്രിയസ്വരമായ അനൗൺസർ വി.എം. ഗിരിജ പടിയിറങ്ങി. കവയിത്രികൂടിയായ വി.എം. ഗിരിജ 38 വർഷത്തെ ആകാശവാണി ജീവിതത്തിനുശേഷമാണ് ശനിയാഴ്ച സീനിയർ അനൗൺസറായി വിരമിച്ചത്.
ഏതുദുഃഖത്തെയും അലിയിപ്പിച്ചുകളയും വിധം സാന്ത്വനസ്പർശമായ ശബ്ദം 1983 േമയ് ഒന്നിന് തൃശൂർ ആകാശവാണിയിലൂടെയാണ് ആദ്യമായി ശ്രോതാക്കൾ കേട്ടത്. അനൗൺസർ എന്നതിനപ്പുറം നിരവധി ശ്രോതാക്കളുള്ള വിവിധ പരിപാടികൾ അവതരിപ്പിച്ചും കഥ പറഞ്ഞും പ്രമുഖരുമായി അഭിമുഖം നടത്തിയും കൊച്ചി ആകാശവാണിയുടെ സ്വരമായി മാറിയിരുന്നു. 'സഹയാത്രിക', 'സംഗീതലഹരി', ശനിദശ എന്ന ഹാസ്യപരിപാടിയുമെല്ലാം അവരുടെ ശബ്ദത്തിലൂടെ ശ്രോതാക്കളുടെ ഹൃദയത്തിൽ കയറിക്കൂടി. ശബരിമലയിൽനിന്നുൾെപ്പടെ ആകാശവാണിക്കായി റിപ്പോർട്ട് ചെയ്തു.
100 രൂപ വേതനത്തിൽനിന്ന് തുടങ്ങിയ ഗിരിജക്ക് അന്നും ഇന്നും ഏറെ വിലപ്പെട്ട സമ്പാദ്യം ശ്രോതാക്കളുടെ സ്നേഹവും ആശംസകളുംതന്നെയാണ്. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷവും ഒപ്പം സങ്കടവും തോന്നുന്നുണ്ടെന്ന് അവസാനത്തെ റെക്കോഡിങ്ങിനുശേഷം 'മാധ്യമ'ത്തോട് സംസാരിക്കവേ അവർ ഉള്ളുതുറന്നു.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിനടുെത്ത ആകാശവാണി നിലയത്തിൽനിന്ന് ഏറെ അകലെയല്ലാത്ത തണൽ എന്ന വീട് തുടക്കക്കാരായ സഹപ്രവർത്തകർക്കും മറ്റും അക്ഷരാർഥത്തിൽ തണലിടംകൂടിയാണ്. പട്ടാമ്പി ഗവ.സംസ്കൃത കോളജിൽനിന്ന് എം.എ മലയാളം ലിറ്ററേച്ചർ ഒന്നാം റാങ്കോടെ ജയിച്ച ഗിരിജ കവിതയും സാഹിത്യാഭിരുചിയുമെല്ലാം അവതരണത്തിൽ പ്രയോജനപ്പെടുത്തി.
2019ലെ കേരള സാഹിത്യ അക്കാദമിയുടെ കവിത പുരസ്കാരം ലഭിച്ചത് ഗിരിജയുടെ ബുദ്ധപൂർണിമ എന്ന സമാഹാരത്തിനാണ്. പ്രണയം ഒരാൽബം എന്ന ആദ്യ സമാഹാരത്തിന് ചങ്ങമ്പുഴ പുരസ്കാരവും ബഷീർ അമ്മ മലയാളം പുരസ്കാരവും ലഭിച്ചു.
അന്തരിച്ച സംസ്കൃത പണ്ഡിതനായ വി.എം. വാസുദേവൻ ഭട്ടതിരിപ്പാടിെൻറയും വി.എം. ഗൗരിയുടെയും മകളാണ്. പരിസ്ഥിതിപ്രവർത്തകൻ സി.ആർ. നീലകണ്ഠനാണ് ജീവിതപങ്കാളി. തിരുവനന്തപുരത്തെ കേന്ദ്രസർവകലാശാല കേന്ദ്രത്തിൽ അധ്യാപിക ആർദ്രയും കാനഡയിൽ ഗവേഷകയായ ആർച്ചയുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.