കൊച്ചി: നൂലാമാലകളിൽ കുരുങ്ങി തീർപ്പാകാതെകിടന്ന അപേക്ഷകളിലും പുതിയ പരാതികളിലും സത്വര നടപടികൾ സ്വീകരിച്ച് സാന്ത്വന സ്പർശം അദാലത്ത്. മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന പരാതി പരിഹാര അദാലത്തിൽ 324 അപേക്ഷകളിലാണ് തീർപ്പ് കൽപിച്ചത്. ആദ്യദിനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 60 ലക്ഷം രൂപ അനുവദിച്ചു. കൊച്ചി താലൂക്കിൽനിന്നുള്ള 154 പരാതികളും കണയന്നൂർ താലൂക്കിൽനിന്നുള്ള 170 പരാതികളിലുമാണ് ധനസഹായം അനുവദിച്ചത്.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത അർബുദരോഗിയായ 85 വയസുള്ള ശാരദയും മകളും മകനും അവരുടെ മക്കളുമടങ്ങുന്ന കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീടും സ്ഥലവും ചികിത്സസഹായമായി 25,000 രൂപയും അനുവദിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംസാര ശേഷിയില്ലാത്ത ഫോർട്ട്കൊച്ചി സ്വദേശിനി ഷംലക്ക് റേഷൻ കാർഡ് അപേക്ഷ നൽകിയ അപ്പോൾതന്നെ മുൻഗണന വിഭാഗത്തിലേക്ക് മാറ്റി നൽകി.മരുന്ന് വാങ്ങാൻ വഴികളില്ലാതായപ്പോണ് കാക്കനാട് നവോദയ മില്ലുംപടി സ്വദേശി കരീം അപേക്ഷയുമായി സാന്ത്വനസ്പർശ വേദിയിലെത്തിയത്.
25,000 രൂപയുടെ ധനസഹായം നൽകാൻ അദാലത്തിൽ തീരുമാനമായി. കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്നായി റേഷൻ കാർഡുമായി ബന്ധപ്പെട്ട് മുൻകൂട്ടി ലഭിച്ച 294 അപേക്ഷകളിലും വകുപ്പ് നടപടി സ്വീകരിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫിസിലാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത് -232. അർഹരായ 47 കുടുംബങ്ങൾക്ക് മുൻഗണന കാർഡുകൾ വിതരണം ചെയ്തു. മന്ത്രിമാരായ ഇ.പി. ജയരാജൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ എം.എൽ.എ ജോൺ ഫെർണാണ്ടസ്, കലക്ടർ എസ്. സുഹാസ്, കണയന്നൂർ, തഹസിൽദാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.