എറണാകുളം ജില്ലയിലെ രണ്ട് വിദ്യാലയങ്ങളിൽ അധ്യാപകരില്ല

കോലഞ്ചേരി: അധ്യയന വർഷമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ജില്ലയിലെ രണ്ട് സർക്കാർ വിദ്യാലയങ്ങളിൽ ഒരു അധ്യാപകൻപോലുമില്ല.

മൂവാറ്റുപുഴ ഉപജില്ലയിലെ മേക്കടമ്പ് ഗവ. എൽ.പി സ്കൂൾ, പിറവം ഉപജില്ലയിലെ കീഴ്മുറി ജി.എൽ.പി.എസ് എന്നിവിടങ്ങളിലാണ് പ്രധാനാധ്യാപകരും അധ്യാപകരുമില്ലാത്തത്. ഈ രണ്ട് സ്കൂളിലെയും അധ്യാപകർ ഏപ്രിൽ 30ന് വിരമിച്ചു. ഇതോടെയാണ് ഈ സ്കൂളുകൾ അനാഥമായത്.

പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഇവിടത്തെ ചുമതലകൾ അടുത്ത സ്കൂളായ റാക്കാട് ഗവ.യു.പി.എസിലെയും രാമമംഗലം ജി.എൽ.പി.എസി​െലയും പ്രധാനാധ്യാപകരാണ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവർഷം പ്രധാനാധ്യാപക തസ്തികകളിൽ നിയമനം നടത്തിയിരുന്നില്ല. ഇതേതുടർന്ന് എറണാകുളം ജില്ലയിൽ മാത്രം നിലവിൽ 120 സ്കൂളിൽ പ്രധാനാധ്യാപകരില്ല.

യോഗ്യത സംബന്ധിച്ച തർക്കമാണ് നിയമനം നീളാൻ കാരണം. ഗവ. പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപക നിയമനം നടത്തുന്നത് 1958ൽ നിലവിൽ വന്ന കെ.എസ്.എസ്.ആറിനെ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തി‍െൻറ ഭാഗമായി നിയമസഭ പാസാക്കിയ കേരള സ്പെഷൽ റൂൾസ് അനുസരിച്ച് പ്രധാനാധ്യാപക സ്ഥാനക്കയറ്റത്തിന് 12 വർഷം സേവനവും വകുപ്പുതല പരീക്ഷയും കൂടാതെ പ്രൈമറി പ്രധാനാധ്യാപകർ കേരള വിദ്യാഭ്യാസ അവകാശ നിയമങ്ങളും ചട്ടങ്ങളുംകൂടി പഠിച്ച്​ പരീക്ഷ വിജയിക്കണമെന്നും നിർദേശിച്ചു. യോഗ്യതകൾ നേടാൻ മൂന്നുവർഷത്തെ സാവകാശവും നൽകിയിരുന്നു.

2014 മുതൽ ഈ യോഗ്യത നേടാത്ത 50 വയസ്സ് കഴിഞ്ഞവരെ ഹെഡ്മാസ്​റ്റർമാരായി നിയമിച്ചതോടെ വിഷയം കോടതി കയറി. വകുപ്പുതല പരീക്ഷയോഗ്യത ഉള്ളവരെ മാത്രമെ ഹെഡ്മാസ്​റ്റർമാരായി നിയമിക്കാവൂ എന്ന്​ 2018ൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. യോഗ്യത നേടാൻ വീണ്ടും മൂന്ന് വർഷം ഇളവും അനുവദിച്ചു. ഇതി‍െൻറ അടിസ്ഥാനത്തിൽ 2019ൽ നിയമനം നടന്നു. ഇതി‍െൻറ തുടർച്ചയായി നീളുന്ന നിയമനടപടികളിലെ അനിശ്ചിതത്വമാണ് പ്രധാനാധ്യാപക സ്ഥാനക്കയറ്റം തടസ്സപ്പെടുത്തിയത്. ഇതോടെ ഈ ഒഴിവുകളിൽ നിയമിക്കപ്പെടേണ്ട നൂറുകണക്കിന് അധ്യാപക ഉദ്യോഗാർഥികളുടെ അവസരമാണ് ഇല്ലാതായത്.

സ്കൂൾ തുറക്കുന്നില്ലെങ്കിലും അരിവിതരണം, കിറ്റ് വിതരണം, അഡ്മിഷൻ, ടി.സി നൽകൽ, പഠന പുരോഗതിരേഖ പരിശോധിക്കൽ, വിവിധ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഓൺലൈൻ പഠനത്തിന് പിന്തുണ നൽകൽ എന്നിവക്കൊക്കെ നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകരില്ലാത്തത് പല സ്കൂളുകളുടെയും പ്രവർത്തനം താളംതെറ്റിക്കുന്നുണ്ട്. ഇതോടൊപ്പം അധ്യാപകക്ഷാമവും തിരിച്ചടിയാകുന്നുണ്ട്.

Tags:    
News Summary - There are no teachers in two schools in Ernakulam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.