മട്ടാഞ്ചേരി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടറോട് മോശമായി പെരുമാറിയ മൂന്ന് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടി ചെമ്മീൻസ് വാറു വൈദ്യൻ റോഡിൽ വഞ്ചി പുരക്കൽ വി.ഡബ്ല്യു ജിൻസൻ, ബീച്ച് റോഡിൽ മിഷൈൽ ക്ലീറ്റസ്, മൂലങ്കുഴി ചക്കാലക്കൽ ജിബിൻ ജോസഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. ഡോക്ടർ ഗായത്രി മോഹൻ, നഴ്സ് റാണി എന്നിവരെയാണ് ഇവർ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. സംഘത്തിലെ ഒരാളുടെ കണ്ണിെൻറ പുരികത്തിനേറ്റ പരിക്ക് ചികിത്സിക്കാൻ എത്തിയതാണ് മൂവർ സംഘം. ചികിത്സയുടെ ഭാഗമായി പുരികം വടിക്കണമെന്ന് വനിത ഡോക്ടർ ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്.
പുരികം വടിക്കാൻ കഴിയില്ലെന്ന് പറഞ്ഞ സംഘത്തിലെ ഒരാൾ ൈകയിൽ കരുതിയിരുന്ന ആയുധമെടുത്തു സ്വയം കൈമുറിക്കുകയും മുറിവ് ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ഡോക്ടർ ഇതിനെ എതിർത്തു. ഇതിനെ തുടർന്ന് സംഘം ആശുപത്രി വളപ്പിൽ രോഗിയുമായി പോകാൻ കിടന്ന ആംബുലൻസിൽ കല്ല് കൊണ്ടിടിക്കുകയും പ്രവർത്തനം തടസ്സപ്പെടുത്തുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇതേ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോകേണ്ട രോഗിയെ മുൻസീറ്റിലിരുത്തി കൊണ്ട് പോകേണ്ടതായും വന്നു. സംഘം മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ആശുപത്രി സൂപ്രണ്ടിെൻറ പരാതിയെ തുടർന്ന് സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ ജി.ഡി വിജയകുമാറിെൻറ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉമേഷ്,ശ്രീനാഥ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.