കൊച്ചി: ആദ്യം ദേശീയപാതയുടെ ഭാഗമായ തൃപ്പൂണിത്തുറ ബൈപാസിനായി ഏറ്റെടുക്കുന്നതിന് സ്വന്തം ഭൂമി മരവിപ്പിക്കപ്പെട്ടു. പിന്നീട് അതേ ഭൂമിയിലെ ഏറ്റെടുക്കാത്ത ഭാഗത്ത് മറ്റൊരു വീടിനായി തറകെട്ടിയപ്പോൾ സിൽവർലൈൻ കുറ്റിയുമെത്തി. സമാനതകളില്ലാത്ത ബുദ്ധിമുട്ടിന്റെ കഥയാണ് ഇടശ്ശേരി വീട്ടിൽ അയ്യപ്പന്റേത്. വീട് പൊട്ടിപ്പൊളിഞ്ഞതോടെ അദ്ദേഹം അവിടെ നിന്നും മാറിതാമസിക്കുകയാണ്. സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധ നാളുകളിൽ ഇദ്ദേഹത്തിന്റെ പുരയിടത്തിൽ സ്ഥാപിച്ച അതിരുകല്ലുകൾ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പിഴുതുമാറ്റിയിരുന്നു. ആകെയുള്ള സ്ഥലത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നഷ്ടപ്പെടുന്ന അവസ്ഥയാണിവിടെ.
വീടിന്റെ അടുക്കളയോട് ചേർന്ന് ദേശീയപാത പദ്ധതിക്കുവേണ്ടി അതിരുകല്ല് സ്ഥാപിച്ചിരിക്കുന്ന അവസ്ഥയാണ് മാമല അമ്പാട്ടുപറമ്പിൽ നാരായണൻകുട്ടിയുടേത്. ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് ഭൂമിയിൽ ഒരു ക്രയവിക്രയവും നടക്കുന്നില്ല. വീടിന് പുറത്ത് മേഞ്ഞിരുന്ന ഓട് കാലഹരണപ്പെട്ടതോടെ മാറ്റേണ്ടി വന്നു. ആദ്യം ടർപോളിൻ ഷീറ്റിട്ട് സംരക്ഷിക്കാൻ നോക്കിയെങ്കിലും പരിഹാരമായില്ല. ഒരുപാട് തുക മുടക്കി നവീകരിക്കാൻ കഴിയാത്തതിനാൽ അദ്ദേഹം ഷീറ്റാണ് മേൽക്കൂരയാക്കിയിരിക്കുന്നത്. ഭാര്യയും മകളുമടങ്ങുന്നതാണ് കുടുംബം. മുറ്റത്തെ കിണറിന് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് ഇവർക്ക്.
പദ്ധതിയുടെ പേരിൽ ബുദ്ധിമുട്ടുന്ന മറ്റൊരു ഭൂവുടമസ്ഥൻ തട്ടാംപറമ്പിൽ ബിനുവിന് പറയാനുള്ളതും ആകുലതകളാണ്. കുടുംബവുമൊത്ത് താമസിച്ചിരുന്ന വീട്ടിൽനിന്ന് പദ്ധതിയുടെ പേരിൽ 20 വർഷം മുമ്പ് ഇറങ്ങി മാറി താമസിക്കുകയാണ്. പദ്ധതിക്കായി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച സ്ഥലത്തെ തന്റെ വീട് അറ്റകുറ്റപ്പണികൾ ചെയ്യാനാകാതെ വെറുതെ കിടക്കുന്നു. വരുമാന മാർഗമായിരുന്നു ഈ വീടിനോട് ചേർന്നുണ്ടായിരുന്ന നെല്ലുകുത്ത് മില്ല്. പദ്ധതി വന്നതോടെ വെറുതെ കിടന്ന് അതിലെ മെഷീനറികൾ തുരുമ്പെടുത്ത് പോയി.
ഒടുവിൽ ഇരുമ്പ് വിലക്ക് അവ തൂക്കി കൊടുത്ത കാര്യം പറയുമ്പോൾ ബിനുവിന്റെ ശബ്ദമിടറും. പദ്ധതിക്കായുള്ള കല്ലിടുന്നതിന് ബിനുവിന്റെ വീട്ടിൽ ആദ്യം ഉദ്യോഗസ്ഥരെത്തിയത് നോട്ടിഫിക്കേഷൻ ഇല്ലാതെയാണ്. അന്ന് കുടുംബം അത് എതിർത്തു. ശേഷം നോട്ടിഫിക്കേഷനോടെ എത്തി ഉദ്യോഗസ്ഥർ കല്ലിട്ടു. പിന്നീട് ഒന്നുമുണ്ടായില്ല. പുരയിടത്തിനോട് ചേർന്ന് മറ്റൊരാളുടെ ഭൂമി അധികൃതർ ഏറ്റെടുത്ത് പണം നൽകുകയും ചെയ്തു. എന്നാൽ, ബിനുവിന്റെ ഭൂമിയുടെ കാര്യത്തിൽ ഒരു തീരുമാനവുമുണ്ടായില്ല. വലിയ തുക മുടക്കി അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള ധൈര്യം ഇന്ന് കുടുംബത്തിനില്ല.
അച്ഛനും അമ്മയും സഹോദരനുമൊക്കെയടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. ഓട് തകർന്നപ്പോൾ വീട് നശിക്കാതിരിക്കാൻ ചെറിയ തോതിൽ ഷീറ്റ് മേഞ്ഞ് സംരക്ഷിച്ചിരിക്കുകയാണ്. വീടിനൊപ്പമുള്ള കുളിമുറിയും നെല്ലുകുത്ത് മില്ലും പൂർണമായി തകർന്നു. ഒരു ലോൺ പോലും എടുക്കാനാകാത്ത സ്ഥിതിയാണെന്നും അധികൃതരെ വീണ്ടും വീണ്ടും സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ബിനു പറയുന്നു.
ഞങ്ങളെ എന്തിന് ഇറക്കിവിട്ടു
അകക്കണ്ണിന്റെ കാഴ്ചയിൽ പദ്ധതിയിലെ നൂലാമാലകൾക്കെതിരെ നിയമയുദ്ധം നടത്തിയ വ്യക്തിയാണ് അംബുജാക്ഷൻ. തന്റെ വീട്ടിൽനിന്ന് ഇറങ്ങാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും അധികൃതർ പിന്മാറിയില്ല. മാറിയില്ലെങ്കിൽ ഭൂമി ഏറ്റെടുക്കാനുള്ള പണം കോടതിയിൽ കെട്ടിവെക്കുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ അംബുജാക്ഷനും കുടുംബവും കിട്ടുന്ന നഷ്ടപരിഹാരവും വാങ്ങി പടിയിറങ്ങേണ്ടി വന്നു. കയറിക്കിടക്കാൻ ഒരു ഇടം തേടിയ അദ്ദേഹം അതേ വീട്ടിൽ വാടകക്കാരനാകാൻ ശ്രമിച്ചെങ്കിലും നിയമതടസ്സങ്ങൾ കാരണം നടന്നില്ല. ഇതോടെ മറ്റൊരു വീടുവെച്ച് കുടുംബത്തോടൊപ്പം മാറി താമസിക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. എന്നാൽ, വർഷമിത്ര പിന്നിട്ടിട്ടും തന്റെ ഏറ്റെടുത്ത പഴയ വീട് വെറുതെ കിടന്ന് നശിച്ചതല്ലാതെ ഒരു നടപടിയുമായില്ലെന്ന് അദ്ദേഹവും കുടുംബവും ചൂണ്ടിക്കാട്ടി. വീട് തകർന്നിരിക്കുന്നു. വർഷങ്ങൾക്കിപ്പുറവും ദേശീയ പാത എത്തിയില്ല. പിന്നെ എന്തിനാണ് ഇത്ര തിടുക്കത്തിൽ തങ്ങളെ അവിടെനിന്നും ഇറക്കിവിട്ടതെന്ന ചോദ്യമാണ് ഇവർക്കുള്ളത്.
കൂലിപ്പണിക്കാരനായ മറ്റക്കുഴി അനുനിവാസിൽ എബ്രഹാമിന് പറയാനുള്ളതും സമാന കഥയാണ്. ആകെയുള്ള ആറ് െസന്റ് ഭൂമിയിലാണ് പദ്ധതിക്കായി കല്ലിട്ടത്. ഇതോടെ ഭൂമിയുടെ മുക്കാൽ ഭാഗവും കൈവിട്ടുപോകും. പദ്ധതിക്കായി ഏറ്റെടുത്തെങ്കിലും ഇന്നും ഭൂമി മരവിപ്പിച്ച സ്ഥിതിയിൽ തുടരുന്നു. വീട് അറ്റകുറ്റപ്പണികളൊന്നും ചെയ്യാതെ കിടന്ന് തകർച്ചയിലാണ്. ഇതോടെ മറ്റൊരു വീട്ടിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. ഈ വീടും പദ്ധതിക്കായി ഏറ്റെടുത്ത് ഒന്നുമാകാത്ത സ്ഥിതിയിലുള്ളതാണ്.
ഗൾഫിൽ ജോലി ചെയ്ത് തിരിച്ചെത്തിയ മറ്റക്കുഴി ചെറുവള്ളി കളമശ്ശേരി അവിര കെ. വർക്കിക്കും ഇത്തരമൊരു സ്ഥിതി തന്നെയാണ് പറയാനുള്ളത്. ആകെയുള്ള ഭൂമിയുടെ രണ്ട് സെൻറ് മാത്രം ഏറ്റെടുത്തതോടെ ബുദ്ധിമുട്ടിലായ സാഹചര്യമാണ് അമ്പാട്ടുമാലാൽ എ.പി മത്തായിയുടേത്. സ്ഥലം വിൽപന നടത്താൻ ശ്രമിച്ചപ്പോൾ രണ്ട് െസന്റ് മാത്രം ഒഴിവാക്കിയുള്ള വിൽപനയാണ് അദ്ദേഹത്തിന് സാധ്യമായത്. പദ്ധതിയുടെ പേരിൽ ബുദ്ധിമുട്ടിലായി 17 വർഷം മുമ്പ് ഭൂമിയിൽനിന്നും മകനോടൊപ്പം മാറിതാമസിച്ചയാളാണ് കൃഷിപ്പണിക്കാരനായ മറ്റക്കുഴി തിലാക്കുളത്തിൽ വർഗീസ്. ഏതാനും നാളുകൾക്ക് മുമ്പ് ഇദ്ദേഹത്തിന്റെ മരവിപ്പിക്കപ്പെട്ട ഭൂമിയിലുണ്ടായിരുന്ന വീട് ഇടിഞ്ഞുപോകുകയും ചെയ്തു. തൊഴുത്തും പശുവുമൊക്കെയുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വരുമാന മാർഗവും കൂടിയാണ് ഇതോടെ ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.