തൊടുപുഴ: ലോക്ഡൗണിനെ തുടർന്ന് വിളവെടുപ്പിനും വിൽപനക്കും മാർഗമില്ലാതായതോടെ പൈനാപ്പിൾ കർഷകർ പ്രതിസന്ധിയിൽ. പാകമായവ തോട്ടത്തിൽ കിടന്ന് ചീഞ്ഞുനശിക്കുന്ന സാഹചര്യമാണിപ്പോൾ. 50 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തൊടുപുഴ തെക്കുംഭാഗം സ്വദേശി ജോജി മൈലാടൂരിന് വിളവെടുക്കാറായ പൈനാപ്പിളുകൾ എന്തുചെയ്യണമെന്നറിയില്ല. ഇയര സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്ന വാഴക്കുളത്തെ സംഭരണ കേന്ദ്രം അടഞ്ഞുകിടക്കുകയാണ്. ലോക്ഡൗണായതിനാൽ ചെറുകിട തോട്ടങ്ങളിൽനിന്ന് വിളവെടുക്കാനും സാധിക്കുന്നില്ല. തൊഴിലാളികളെ ജോലിക്ക് എത്തിക്കുന്നതും തിരിച്ച് എത്തിക്കുന്നതും വലിയ പ്രതിസന്ധിയാണെന്നും ജോജി പറയുന്നു.
തോട്ടത്തിൽ കിടന്ന് ചീഞ്ഞാൽ തുടർകൃഷിയെയും ബാധിക്കും. കഴിഞ്ഞ വർഷവും ഇതേപോലെ ലോക്ഡൗണിനെ തുടർന്ന് വിളവെടുക്കാനാകാതെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇപ്പോൾ ഒരേക്കറിൽ ഒരു ലക്ഷം രൂപയെങ്കിലും നഷ്ടത്തിലാണ്. ഒരു ചെടി കായ്ക്കുന്നതുവരെ 30- 35 രൂപവരെ കർഷകന് മുടക്ക് വരുന്നുണ്ട്. സംരക്ഷണച്ചെലവ് വേറെ. ഇത്തരത്തിൽ മരുന്നും വളവും നനയുമായി ലക്ഷങ്ങളാണ് കർഷകർക്ക് ചെലവ്. കോവിഡിന് മുമ്പ് ഫസ്റ്റ് ഗ്രേഡ് പൈനാപ്പിളിന് ശരാശരി 40 രൂപക്കടുത്ത് വിലയുണ്ടായിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വില പത്ത് രൂപയായി കൂപ്പുകുത്തി.
ആദ്യലോക്ഡൗൺ സമയത്തെക്കാൾ വലിയ പ്രതിസന്ധിയാണ് ഇപ്പോഴെന്ന് പൈനാപ്പിൾ കർഷകൻ ജോജി പറയുന്നു. വിളവെടുക്കാനും വിൽക്കാനും മാർഗമില്ല. ഇത് കൂടാതെ ലോക്ഡൗണിനെ തുടർന്ന് തൊഴിലാളികളെ കിട്ടാത്ത സാഹചര്യവുമുണ്ട്. ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് കർഷകർക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും കൃഷി വകുപ്പ് അടിയന്തരമായി ഇടെപട്ട് കർഷകരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ജോജി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.