ചെറുതോണി: ടൗണില്‍ നിര്‍മാണം ആരംഭിച്ച പാലത്തിനെതിരെ വ്യാപാരികള്‍ സമരത്തിലേക്ക്. നിലവിലെ പാലത്തില്‍നിന്ന് 18 അടി ഉയരത്തിൽ പുതിയ പാലം നിര്‍മിക്കുമ്പോൾ ടൗൺ അടഞ്ഞുപോകുമെന്ന് വ്യാപാരികൾ പറയുന്നു. 2018ലെ പ്രളയക്കെടുതിയിലാണ് ടൗണിലെ പാലവും ചെറുതോണി ആലിന്‍ചുവട് റോഡും തകർന്നത്. റോഡ് നിർമാണത്തിന് 30 കോടിയും പാലം നിര്‍മാണത്തിന് 25 കോടിയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദേശീയപാത അതോറിറ്റിക്കാണ് നിര്‍മാണ ചുമതല. റോഡ് പൂര്‍ത്തിയായി. പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്. ടൗണിലെ പഴയ പാലം നിലനിര്‍ത്തി അതിന് സമീപം പുതിയ പ്ലാന്‍ പ്രകാരം 13 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. ഇരുവശത്തും ഒരു മീറ്റര്‍വീതം നടപ്പാതയുമുണ്ട്. 15 അടിയില്‍ ടൗണില്‍ പാലം നിര്‍മിക്കുന്നതോടെ ടൗണ്‍ അടഞ്ഞുപോകുമെന്ന് വ്യാപാരികള്‍ പറയുന്നു. പാലത്തിന്‍റെ മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. പാലത്തിലേക്കുള്ള റോഡിന്‍റെ സര്‍വേ നടപടി പൂര്‍ത്തിയാക്കി നിര്‍മാണമാരംഭിക്കാൻ ദേശീയപാത അധികൃതര്‍ അനുവാദം നല്‍കി. ഇതുസംബന്ധിച്ച പരിശോധനകള്‍ പൂര്‍ത്തിയായി. തുടക്കത്തിലെ പ്ലാനില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ നിര്‍മാണമെന്ന് വ്യാപാരികള്‍ പറയുന്നു. ട്രാഫിക് ജങ്ഷനില്‍ പാലം അവസാനിക്കുമെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പ്ലാന്‍ മാറ്റിയതോടെ അടിമാലി റോഡില്‍ കയറ്റമാരംഭിക്കുന്ന ഭാഗംവരെ എത്തുമെന്നാണ് സൂചന. പാലത്തിനാവശ്യമായിവരുന്ന ഉയരം ഭിത്തികെട്ടി മണ്ണിട്ട് ഉയര്‍ത്താനാണ് പദ്ധതി. ഇതോടെ ടൗണ്‍ രണ്ടായി മുറിയുകയും പല കടകളും മറഞ്ഞുപോവുകയും ചെയ്യുമെന്നാണ് വ്യാപാരികളുടെ പരാതി. ചില കടകൾ പൊളിച്ചു മാറ്റേണ്ടിയും വരും. ജില്ല പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കടകള്‍ പൊളിച്ചുമാറ്റാൻ ദേശീയപാത അധികൃതര്‍ കത്തു നല്‍കിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് 18 കോടിയുടെ നിര്‍മാണകരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭിത്തികെട്ടി പാലം നിര്‍മിച്ചാല്‍ പഴയപാലം അടഞ്ഞുപോകാനും ഗാന്ധിനഗറില്‍ താമസിക്കുന്ന അഞ്ഞൂറിലധികം കുടുംബങ്ങളുടെ വഴി നഷ്ടപ്പെടാനും സാധ്യതയുണ്ട്. വ്യാപാരികളുടെ പരാതിയില്‍ കലക്ടറുടെയും ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യന്‍റെയും നേതൃത്വത്തിൽ ഡീന്‍ കുര്യാക്കോസ് എം.പി, സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് എന്നിവർ ദേശീയപാത അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്ലാനില്‍ മാറ്റം വരുത്തിയിട്ടില്ല. വ്യാപാരികളുടെ ആശങ്ക പരിഹരിക്കാതെ പാലം പണി തുടർന്നാൽ സര്‍വകക്ഷിയോഗം ചേര്‍ന്ന് സമരപരിപാടികൾക്ക് രൂപം നൽകാനാണ് വ്യാപാരികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.