മൃഗസംരക്ഷണ വകുപ്പിന്റെ ഏഴിനം പരിപാടിക്ക്​ കരിമണ്ണൂർ സ്കൂളിൽ തുടക്കം

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൃഗസംരക്ഷണ വകുപ്പിന്റെ ഏഴിനം പരിപാടിക്ക്​ കേരള ഗവ. വെറ്ററിനറി ഓഫിസഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 1000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുകൊണ്ട് തുടക്കമായി. സ്കൂൾ പോൾട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്കാണ് കോഴിക്കുഞ്ഞുങ്ങളെ നൽകിയത്. പഠനത്തോടൊപ്പം മൃഗപരിപാലനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കാർഷികമേഖലയിലും മൃഗസംരക്ഷണ മേഖലയിലും കുട്ടികൾക്ക് പരിശീലനം നൽകി കാർഷിക സംസ്കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. എല്ലാ പ്രവർത്തനത്തിലും മികവുപുലർത്തുന്ന വിദ്യാർഥിയെ കണ്ടെത്തി പരിസ്ഥിതിദിനത്തിൽ ആദരിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് മൃഗപരിപാലനത്തെക്കുറിച്ച് കേരള ഗവ. വെറ്ററിനറി ഓഫിസഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ബിജു ചെമ്പരത്തി, സെക്രട്ടറി ഡോ. ധനേഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ പരിശീലനം നൽകി. പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്റും പഞ്ചായത്ത്‌ അംഗവുമായ ലിയോ കുന്നപ്പിള്ളിൽ, കരിമണ്ണൂർ മൃഗാശുപത്രിയിലെ ഡോ. കെ.പി. നീതു, അധ്യാപകരായ സാജു ജോർജ്, ബിജു ജോസഫ്, ബിസ്മി സജി എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അധ്യാപിക ഷേർലി ജോൺ, അധ്യാപകരായ ഷീന ജോസ്, ജോബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇടുക്കി @ 50 കൈയെഴുത്തു മാസികയുമായി കുട്ടികൾ തൊടുപുഴ: ഇടുക്കി ജില്ല രൂപവത്​കരണത്തിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ മുഴുവൻ കുട്ടികളും 'ഇടുക്കി @ 50' വിഷയത്തിൽ കൈയെഴുത്തു മാസിക തയാറാക്കി. ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി, കാലാവസ്ഥ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കൃഷി, ജീവിതരീതികൾ, ഡാമുകൾ, നദികൾ, സ്ഥലനാമ പ്രത്യേകതകൾ, ജില്ലയുടെ അതിർത്തികൾ, ഇടുക്കിയുടെ രുചിക്കൂട്ടുകൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് മാസിക തയാറാക്കിയത്. ജനുവരി 26ന് ആരംഭിച്ച പദ്ധതി ഫെബ്രുവരി 25ന് പൂർത്തിയാക്കി. സ്കൂളിലെ 700 കുട്ടികളും കൈയെഴുത്തു മാസിക പൂർത്തിയാക്കി. സ്കൂൾ മാനേജർ ഡോ. സ്റ്റാൻലി കുന്നേൽ കൈയെഴുത്തു മാസികയുടെ പ്രകാശം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ് , അധ്യാപകരായ ഷിന്റോ ജോർജ്, അനീഷ് ജോർജ്, ജീൻസ് കെ. ജോസ്, ആർ. മിനിമോൾ, ബീനാമോൾ ജോസഫ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.