തൊടുപുഴ: അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെയും കുട്ടികളെയും ചേർത്ത് പിടിച്ച് കുടുംബശ്രീയുടെ സ്നേഹിത പദ്ധതി പത്താം വർഷത്തിലേക്ക്. അക്രമത്തിന് ഇരകളാകുന്നതിൽനിന്ന് സ്ത്രീളെയും കുട്ടികളെയും സംരക്ഷിക്കാനും അഭയവും ആത്മവിശ്വാസവും നൽകി സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2015ലാണ് ജില്ലയിൽ സ്നേഹിത ജെൻഡർ ഹെൽപ്ഡെസ്ക് ആരംഭിച്ചത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം അഭയം, കൗൺസലിങ്, നിയമസഹായം എന്നിവ നൽകുന്നുണ്ട്. 10 വർഷത്തിനിടെ ആകെ 3382 കേസ് കൈകാര്യംചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം 436 പേർക്കാണ് താൽക്കാലിക അഭയമൊരുക്കിയത്. നേരിട്ടും ടെലിഫോണിലൂടെയും റിപ്പോർട്ട് ചെയ്തതാണ് ഇത്രയും കേസുകൾ. 810 ഗാർഹിക പീഡന കേസുകളുണ്ട്. ലീഗൽ സർവിസ് അതോറിറ്റിയുമായി ചേർന്ന് 330ഓളം കേസുകളിലും ഇടപെട്ടു. ഇക്കാലയളവിൽ 2159 പേർക്ക് കൗൺസലിങ് നൽകി.
ജില്ലയിലെ ഓരോ പഞ്ചായത്തിലും സേവനം ഉറപ്പാക്കാൻ 30ഓളം കമ്യൂണിറ്റി കൗൺസലർമാരും ആർ.പിമാരും പ്രവർത്തിക്കുന്നു. സേവനം ആവശ്യമായവർക്ക് ഇവരിലൂടെ സഹായവും മാനസിക പിന്തുണയും ലഭ്യമാക്കുന്നു. 10 മോഡൽ ജി.ആർ.സികളുണ്ട്. ഇവിടെ ആർ.പിമാരുടെ സേവനവുമുണ്ട്. സേവനം വാർഡ് തലത്തിൽ ഏകോപിപ്പിക്കാൻ ഓരോ വാർഡിലും അഞ്ചുമുതൽ 10അംഗങ്ങളെ ഉൾപ്പെടുത്തി വിജിലന്റ് ഗ്രൂപ് രൂപവത്കരിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവരുമായി നേരിട്ട് ഇടപെട്ട് പിന്തുണ നൽകുകയും കമ്യൂണിറ്റി കൗൺസലർമാർവഴി സ്നേഹിതയുമായി ബന്ധിപ്പിക്കുകയും ചെയ്യും.
അയൽക്കൂട്ടതലത്തിൽ ആളുകളെ ജെൻഡർ പോയന്റ് പേഴ്സണുകളായി തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ട് കൗൺസലർമാർ, അഞ്ച് സേവനദാതാക്കൾ, രണ്ട് സെക്യൂരിറ്റി, ഒന്നുവീതം കെയർടേക്കറും ഓഫിസ് അസിസ്റ്റന്റുമടക്കം 11പേരാണ് സ്നേഹതയുടെ പ്രവർത്തനം ജില്ലയിൽ ഏകോപിപ്പിക്കുന്നത്.
ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാർക്കും കുടുംബത്തിന്റെ പിന്തുണയില്ലാത്തവർക്കും സംരക്ഷണവും സൗഹൃദവും നൽകാൻ ലക്ഷ്യമിട്ടാണ് സ്നേഹിത കാളിങ് ബെൽ പദ്ധതി തുടങ്ങിയത്. ജില്ലയിൽ 3190 പേരാണ് പദ്ധതിയുടെ പിന്തുണ സ്വീകരിക്കുന്നത്. ഇവരുമായി ആഴത്തിൽ ബന്ധം സ്ഥാപിച്ച് ഭവന സന്ദർശനങ്ങളിലൂടെ ആവശ്യങ്ങളും സഹായങ്ങളും നിർണയിക്കാൻ പഠനം നടത്തുകയാണ്. ആരോഗ്യസന്നദ്ധപ്രവർത്തകരോ എൻ.എച്ച്.ജി അംഗങ്ങളോ ഗുണഭോക്താക്കളെ ആഴ്ചതോറും സന്ദർശിച്ച് സുരക്ഷിതരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.