അടിമാലി: അടിമാലി താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയില്‍. ഭരണ - പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ വികസന വിരുദ്ധ നിലപാടുകളും ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മയുമാണ് താലൂക്കാശുപത്രിയുടെ ഇപ്പോഴത്തെ ദയനീയാവസ്ഥക്ക് കാരണം. മൂന്ന് താലൂക്കുകളിലെ ജനങ്ങള്‍ ആശ്രയിച്ചുവരുന്നതും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നതും അടിമാലിയിലാണ്. ബ്ലഡ് ബാങ്ക്, ഡയാലിസിസ്, സ്കാനിങ്, വെന്റിലേറ്റര്‍, ഐ.സി.യു, സ്റ്റാഫ് നഴ്സ് എന്നിവയില്ലാത്തത് ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇതിന് പുറമെ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എക്സ്റേ യൂനിറ്റ് വികസനത്തിന്റെ പേരില്‍ പൊളിച്ച് മാറ്റിയതോടെ ജനങ്ങളുടെ ഭാരം വീണ്ടും ഇരട്ടിച്ചു.
66 ബെഡുകളോടെ 1961 ലാണ് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററായി ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. 2001 ല്‍ താലൂക്കാശുപത്രിയായി ഉയര്‍ത്തി. എന്നാല്‍ ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചില്ല. സൂപ്രണ്ടുമില്ല. 1961 ലെ കണക്ക് അനുസരിച്ചാണ് ഈ ആശുപത്രിയില്‍ ജീവനക്കാരുളളത്. വിശാലമായ കെട്ടിടങ്ങളും 130 ബെഡുകളുമായി ആശുപത്രി വളര്‍ന്നെങ്കിലും ജീവനക്കാരെ വർധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് രോഗികളെയും ജീവനക്കാരെയും വലക്കുന്നു.
രണ്ട് പതിറ്റാണ്ട് മുമ്പ് അടിമാലി താലൂക്കാശുപത്രിയില്‍ ബ്ലഡ് ബാങ്ക് അനുവദിച്ചിരുന്നു. ജീവനക്കാരുടെ ക്വര്ട്ടേഴ്സിനോട് ചേര്‍ന്ന് ബ്ലഡ് ബാങ്കിനായി കെട്ടിടം നിർമാണം ആരംഭിക്കുകയും മെഷിനറികള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിർമാണം പൂര്‍ത്തിയാക്കാതെ വന്നതോടെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിച്ചു. ബ്ലഡ് ബാങ്ക് നഷ്ടമാകുകയും ചെയ്തു.
ഇപ്പോള്‍ വാര്‍ഡ്, അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഡയാലിസിസ്, ബ്ലഡ് ബാങ്ക് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കിയെങ്കിലും പ്രവര്‍ത്തനം മാത്രം തുടങ്ങിയിട്ടില്ല. അതുപോലെ പ്രസവം ഉൾപ്പടെ ഓപറേഷന് ആവശ്യമായവര്‍ക്ക് മറ്റോരാളില്‍ നിന്ന് ബ്ലഡ് സ്വീകരിക്കണമെങ്കില്‍ ബ്ലഡ് ക്രോസ്മാച്ച് ചെയ്യണം.ഇതിന് സൗകര്യം ഇവിടെയില്ല. ഇത്തരം ആവശ്യക്കാർ സ്വകാര്യ ആശുപത്രിയെ സമീപിക്കണം.1500 രൂപ വരെ ഇതിന് ഫീസായി വാങ്ങുന്നു. 2000 ല്‍ താലൂക്കാശുപത്രിക്കായി അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീന് സ്ഥാപിച്ചു.എന്നാല്‍ ഡോക്ടറെയോ മറ്റ് ജീവനക്കാരെയോ നിയമിച്ചില്ല. ഇതോടെ ലക്ഷങ്ങള്‍ മുടക്കി നിർമിച്ച കെട്ടിടവും മെഷിനുകളും ഉപയോഗമില്ലാതെ കിടക്കുന്നു.
സ്കാനിങ് അവശ്യമുളള രോഗികൾ തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലെത്തിയാണ് സി.ടി, എം.ആര്.ഐ ഉൾപ്പെടെ നടത്തുന്നത്. ഐ.സി.യു ഇല്ലാത്തതിനാല്‍ ആശുപത്രിയിലുളള പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഹൃദയാഘാതം, പൊളളല്‍, അപകടം തുടങ്ങിയ കേസുകളില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഇവിടെയുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് കീമോ ഉൾപ്പെടെ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപ്പാവുന്നില്ല.
10 ഡയാലിസിസ് യൂനിറ്റ് എത്തിച്ചിരുന്നു. ഇതില്‍ അഞ്ചെണ്ണം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുളളവ ആര്‍ക്കും പ്രയോജനമില്ലാതെ നശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.