അറസ്റ്റിലായ ജിമ്മികുര്യാക്കോസ്, മരിച്ച ചന്ദ്രന്‍

ബൈക്ക് മറിഞ്ഞ് കഴുത്തൊടിഞ്ഞ സഹയാത്രികനെ വഴിയിലുപേക്ഷിച്ചു; ചികിത്സ കിട്ടാതെ മരിച്ച കേസിൽ ബൈക്ക് ഓടിച്ചയാൾ അറസ്റ്റിൽ

അടിമാലി: ആനച്ചാല്‍ ടൗണിലെ ഹോട്ടല്‍ ജീവനക്കാരനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെങ്കുളം നാലാനിക്കല്‍ ജിമ്മികുര്യക്കോസി(28)നെയാണ് വെളളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തന്‍ പുരക്കല്‍ ചന്ദ്രന്‍ (46 ) മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

ചൊവ്വാഴ്ച ഹോട്ടല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ചന്ദ്രന്‍ ജിമ്മിയുടെ ബൈക്കിന് പിറകില്‍ കയറിയിരുന്നു. ചെങ്കുളം ഡാമിന് സമീപം എത്തിയപ്പോള്‍ ബൈക്ക് മറിഞ്ഞു ചന്ദ്രന് സാരമായി പരിക്കേറ്റു. ആളൊഴിഞ്ഞ പ്രദേശമായതിനാല്‍ ജിമ്മി ചന്ദ്രനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ബുധനാഴ്ച മരണവിവരം അറിഞ്ഞതോടെ ബൈക്ക് ഒളിപ്പിച്ചശേഷം ജോലിക്ക് പോയി.

എന്നാല്‍, സംഭവ സമയത്ത് ഇതിലെ വന്ന മറ്റൊരാൾ മറിഞ്ഞ ബൈക്ക് ഉയര്‍ത്തി പോകുന്ന ജിമ്മിയെ കണ്ടിരുന്നു. നിലത്ത് ആള്‍ കിടക്കുന്നത് കണ്ടിരുന്നുമില്ല. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസിന് ജിമ്മിയെ പിടികൂടാന്‍ കഴിഞ്ഞത്. അപകടത്തില്‍ കഴുത്ത് ഒടിഞ്ഞതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.

നരഹത്യ ഉള്‍പ്പെടെയുളള വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. അപകടത്തിന് കാരണമായ ബൈക്കും കസ്റ്റഡിയില്‍ എടുത്തു.

സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍.കുമാര്‍, എസ്.ഐമാരായ സജി എന്‍. പോള്‍, മനോജ് മൈക്കിള്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    
News Summary - Biker arrested after passenger death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.